തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം ബത്തേരിയില്‍

തിരുവനന്തപുരം:  ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ 2024 തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനത്തിനായുള്ള നറുക്കെടുപ്പിന് സ്വിച്ച് അമര്‍ത്തിയ കൈ അക്ഷരാര്‍ഥത്തില്‍ വയനാടിനുള്ള സാന്ത്വനസ്പര്‍ശമായി. വയനാട് ദുരന്തത്തില്‍ നെഞ്ചുപൊള്ളിയ കേരളം പറയുന്നതും അതു തന്നെയാണ്.അക്ഷരാര്‍ഥത്തില്‍ അര്‍ഹിക്കുന്നയിടത്ത് സമ്മാനമെത്തിയെന്ന്.
ഓണം ബംബര്‍ 25 കോടി വയനാട് ബത്തേരിയിലാണ് അര്‍ഹമായത്. പനമരത്തെ എസ്.കെ. ലോട്ടറി ഏജന്‍സി ഉടമ എ.എം.ജിനീഷ് (ഏജന്‍സി നമ്പര്‍ w402) ബത്തേരി ബ്രാഞ്ചില്‍ വില്‍പ്പന നടത്തിയ ടിജി 434222 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. എസ് ജെ ലക്കി സെന്റര്‍ പനമരം ഹോള്‍സെയില്‍ കൊടുത്ത ബത്തേരിയിലെ നാഗരാജിന്റെ എന്‍ ജി ആര്‍ ലോട്ടറീസില്‍ നിന്ന് എടുത്ത ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.
ഒരു ലക്ഷത്തോളം പേര്‍ക്ക് ജീവിതമാര്‍ഗ്ഗത്തിനുള്ള വെളിച്ചമാകുന്ന കേരളാ ഭാഗ്യക്കുറി കാരുണ്യ പദ്ധതിയിലേയ്ക്ക് ചികിത്സാ സഹായമായും ലോട്ടറി ക്ഷേമനിധി വഴി ഏജന്റുമാരുടെ പെന്‍ഷന്‍, ചികിത്സാ സഹായം ഉള്‍പ്പെടെ ജീവിതങ്ങള്‍ക്ക് താങ്ങാകുന്ന ജനകീയ ലോട്ടറിയാണെന്നും ധനമന്ത്രി നറുക്കെടുപ്പിന് മുന്നോടിയായുള്ള ചടങ്ങില്‍ വ്യക്തമാക്കി. ലോട്ടറികച്ചവടക്കാര്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ നല്കുന്നതില്‍ 33 കോടിരൂപ ഇതിനോടകം ചിലവഴിച്ചിട്ടുണ്ട്. കുറഞ്ഞ തുകയുടെ ടിക്കറ്റിലൂടെ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയാണ് സംസ്ഥാനത്ത് നല്‍കിവരുന്നത്.ലോട്ടറി വഴി സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം വെറും മൂന്നു ശതമാനം മാത്രമാണ്. അതും സാമൂഹ്യ മേഖലകളില്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നതിനും ഇടപെടുന്നതിനും സര്‍ക്കാര്‍ നടപടികളെടുത്തു വരുന്നു.ഭാഗ്യക്കുറി ഏജന്റുമാരുള്‍പ്പെടെയുള്ളവരില്‍ നിന്നും ലഭിച്ച അഭ്യര്‍ഥനകളുടെ അടിസ്ഥാനത്തില്‍ സമ്മാനഘടന പരിഷ്‌ക്കരിച്ചും കൂടുതല്‍ സമ്മനങ്ങളുറപ്പാക്കിയുമുള്ള നടപടികളും സ്വീകരിച്ചു വരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ലോട്ടറിയില്‍ നിന്നും ലഭിക്കുന്ന വരുമാനം പൊതുജനക്ഷേമത്തിനായി പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി വരുകയാണെന്നും ജനങ്ങളുടെ പിന്തുണയോടെ ലോട്ടറി പ്രസ്ഥാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വി.കെ.പ്രശാന്ത് എംഎല്‍എ നിര്‍വഹിച്ചു. 12 കോടി രൂപ ഒന്നാം സമ്മാനമായുള്ള പൂജാ ബമ്പര്‍ വി.കെ.പ്രശാന്ത് എംഎല്‍എയ്ക്ക് നല്‍കി ധനമന്ത്രി പ്രകാശനം ചെയ്തു.സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ സ്വാഗതം ആശംസിച്ചു. ജോയിന്റ് ഡയറക്ടര്‍മാരായ മായാ എന്‍.പിള്ള (അഡ്മിനിസ്‌ട്രേഷന്‍), എം.രാജ് കപൂര്‍ (ഓപ്പറേഷന്‍സ്), ഭാഗ്യക്കുറി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ഈ വര്‍ഷത്തെ തിരുവോണം ബമ്പറില്‍ (ആഞ 99) അച്ചടിച്ച 80 ലക്ഷം ടിക്കറ്റുകളില്‍ ആകെ 71,43,008 ടിക്കറ്റുകളാണ് ഇക്കുറി വിറ്റുപോയത്. ഒന്നാം സമ്മാനമായ 25 കോടിയ്ക്ക് പുറമെ 1 കോടി വീതം 20 പേര്‍ക്ക് ആകെ 20 കോടിയാണ് രണ്ടാം സമ്മാനമായി നല്‍കുന്നത്. മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും 2 വീതം ആകെ 20 പേര്‍ക്കും നാലാം സമ്മാനമായി 5 ലക്ഷം രൂപ വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. ഒന്നാം സമ്മാനം ഉള്‍പ്പെടെ ആകെ സമ്മാനങ്ങള്‍ ഇത്തവണ 5,34,670 ആണ്.
പുതുതായി റിലീസ് ചെയ്ത പൂജാ ബമ്പര്‍ ഭാഗ്യക്കുറിയും (BR 100) ആകര്‍ഷമായ സമ്മാനഘടനയുമായാണെത്തുന്നത്. 12 കോടി രൂപയാണ് പൂജ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി നല്‍കുന്ന രണ്ടാം സമ്മാനമാണ് വിപണിയിലിറക്കുന്ന പൂജാ ബമ്പറിന്റെ മറ്റൊരു സവിശേഷത. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഡിസംബര്‍ 04-ന് നറുക്കെടുക്കുന്ന പൂജാ ബമ്പറിന്റെ ടിക്കറ്റ് വില 300 രൂപയാണ്. പൂജ ബമ്പര്‍ നാളെ മുതല്‍ വിപണിയില്‍ ലഭ്യമാകും.
കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയ്‌ക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവുമാണ് വകുപ്പ് മുന്നോട്ട് പോവുകയാണ്.