മാദ്ധ്യമങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം ഉത്തരവ് വഴിയോ നിയമനിർമ്മാണത്തിലൂടെയോ പരിമിതപ്പെടുത്താനാവില്ല: ഹൈക്കോടതി

മാദ്ധ്യമ സ്വാതന്ത്ര്യവും അന്തസോടെ ജീവിക്കാനുള്ള വ്യക്തികളുടെ അവകാശവും തമ്മിൽ സംഘർഷമുണ്ടാകുന്ന പക്ഷം, ഭരണഘടനയുടെ മൂല്യങ്ങളും കാഴ്ചപ്പാടുകളും മൗലികമായ കടമകളും മറക്കാതെ വേണം മാദ്ധ്യമങ്ങൾ പ്രവർത്തിക്കാൻ. മാദ്ധ്യമങ്ങൾ അങ്ങനെ സ്വയം നിയന്ത്രിക്കപ്പെടുകയാണ് വേണ്ടത്. ഉചിതമായ അവസരങ്ങളിൽ വ്യക്തിസ്വാതന്ത്ര്യത്തെ മാനിച്ച് വഴങ്ങിക്കൊടുക്കുകയും വേണം.

മാധ്യമ വിചാരണ വേണ്ട

കൊച്ചി: മാദ്ധ്യമങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം ഉത്തരവ് വഴിയോ നിയമനിർമ്മാണത്തിലൂടെയോ പരിമിതപ്പെടുത്താനാവില്ലെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ച് പ്രസ്താവിച്ച വിധിയിലാണ് ഇത് ഉറപ്പാക്കിയിരിക്കുന്നത്. രാജ്യസുരക്ഷ, അഖണ്ഡത, ക്രമസമാധാനം, വ്യക്തികളുടെ മാന്യകീർത്തി എന്നിവക്ക് ഭീഷണിയുണ്ടാകുമ്പോഴാണ് മാത്രമേ അഭിപ്രായസ്വാതന്ത്ര്യത്തിന് ഭരണഘടനാപരമായ നിയന്ത്രണങ്ങൾ സാധ്യമാവൂ എന്നും കോടതി വ്യക്തമാക്കി.

മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യവും വ്യക്തികളുടെ അവകാശങ്ങളും പരസ്പരപൂരകങ്ങളാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. മാദ്ധ്യമങ്ങൾ, ഭരണഘടനാ മൂല്യങ്ങളും പൗരന്മാർ അനുഭവിക്കുന്ന അവകാശങ്ങളുടെയും കടമകളുടെയും പരിധികൾ മറക്കാതെ പ്രവർത്തിക്കണം. കുറ്റനിർണ്ണയവും നിരപരാധിത്വം വ്യക്തമാക്കലും മാത്രം കോടതികളുടെ അധികാരമാണ്, അതിനാൽ ക്രിമിനൽ കേസുകളിലും അന്വേഷണം നടക്കുന്ന വിഷയങ്ങളിലും വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ മാദ്ധ്യമങ്ങൾക്ക് പരിമിതികളെ മാനിക്കേണ്ടതുണ്ട്.

ഭരണഘടനയുടെ 19(1)എ അനുഛേദം വഴി മാദ്ധ്യമങ്ങൾക്ക് കൈവരുന്ന അഭിപ്രായ സ്വാതന്ത്ര്യവും മറ്റുള്ളവർക്കുള്ള അവകാശങ്ങളും ഇരു കൂട്ടരുടേയും കടമകളും പരസ്പരപൂരകങ്ങളാണ്. ഭരണഘടനാ മൂല്യങ്ങളും കാഴ്ചപ്പാടുകളും അത് നൽകുന്ന കടമകളും പൗരന്മാരോ മാദ്ധ്യമങ്ങളോ അനുഭവിക്കുന്ന അവകാശങ്ങൾക്ക് സ്വയം പരിധിയേർപ്പെടുത്തുന്ന വിധമാണ് നിർവചിക്കപ്പെട്ടിട്ടുള്ളതെന്നും അഞ്ചംഗബെഞ്ച് ചൂണ്ടിക്കാട്ടി.

മാദ്ധ്യമങ്ങൾ വ്യക്തികളുടെ സ്വകാര്യതയിൽ അനാവശ്യമായി ഇടപെടരുതെന്നും വാർത്തകളുടെ സത്യസന്ധതയും ഉത്തരവാദിത്തവുമാണ് പ്രാധാന്യമുള്ളതെന്നും കോടതി പറഞ്ഞു. 2014-ൽ പൊതുപ്രവർത്തകനായ ഡിജോ കാപ്പൻ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ മാദ്ധ്യമങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്ന ഹർജികൾ ആദ്യം പരിഗണിച്ചത് മൂന്നംഗ ബെഞ്ചായിരുന്നു. പിന്നീട് വിശാലബെഞ്ച് ഉത്തരവിട്ടാണ് അന്തിമതീരുമാനം.

വിശാലബെഞ്ചിൽ ജസ്റ്റിസുമാരായ കൗസർ എടപ്പഗത്ത്, സി.പി. മുഹമ്മദ് നിയാസ്, സി.എസ്. സുധ, വി.എം. ശ്യാംകുമാർ എന്നിവരും ഉൾപ്പെട്ടിരുന്നു.