അതിഥി തൊഴിലാളികള്‍ക്ക് പരാതി പരിഹാരത്തിനായി തൊഴില്‍ വകുപ്പ് കോള്‍സെന്റര്‍ സജ്ജം
സംസ്ഥാനതല കോള്‍ സെന്റര്‍ നമ്പര്‍ (ടോള്‍ ഫ്രീ-155214, 1800 425 55214)
തിരുവനന്തപുരം: കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ മെയ് 8 മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന
സാഹചര്യത്തിൽ സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്ക് പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി കോള്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമായി.
സംസ്ഥാനതലത്തില്‍ ലേബര്‍ കമ്മീഷണറേറ്റിലും അതത് ജില്ലാ ലേബര്‍ ഓഫീസുകളിലും അതിഥി തൊഴിലാളികള്‍ക്കായി സജ്ജീകരിച്ചിരിക്കുന്ന ശ്രമിക് ബന്ധു ഫെസിലിറ്റേഷന്‍ സെന്റുകളിലുമായാണ് കോള്‍ സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്.
ഇതര സംസ്ഥാനക്കാര്‍ക്ക് അവരവരുടെ ഭാഷകളില്‍ ( തമിഴ്, ഹിന്ദി, ബംഗാളി, അസാമീസ്, ഒറിയ) തന്നെ മറുപടി നല്‍കുന്നതിനും പ്രശ്‌ന പരിഹാരത്തിനുമായി ഭാഷാ വിദഗ്ധരായ ജീവനക്കാരെ കോള്‍ സെന്ററുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ തലത്തില്‍ ഹെല്‍പ് ഡെസ്‌ക്കുകളില്‍ ഭാഷാ വിദഗ്ധരടങ്ങുന്ന ടീം 24 മണിക്കൂറും സേവനത്തിനായി ഉണ്ടാകും. ലേബര്‍ കമ്മീഷണറേറ്റിലെ കോള്‍ സെന്ററിലും 24 മണിക്കൂറും ആശയ വിനിമയത്തിനും മറുപടി നല്‍കി പ്രശനപരിഹാരമുറപ്പാക്കുന്നതിനുമുള്ള സജ്ജീകരണം നടപ്പാക്കികഴിഞ്ഞു.
ലേബര്‍ കമ്മീഷണറേറ്റും 14 ജില്ലാ ലേബര്‍ ഓഫീസുകളും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുമുള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനുള്ള നിര്‍ദേശങ്ങളും നല്‍കിക്കഴിഞ്ഞു. ഇവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിധത്തില്‍ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. അതത് ദിവസത്തെ കോളുകല്‍ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് ലേബര്‍ കമ്മീഷണറേറ്റ് പരിശോധിച്ച് ഉറപ്പാക്കും. സംസ്ഥാനതല കോള്‍ സെന്റര്‍ നമ്പര്‍ (ടോള്‍ ഫ്രീ-155214, 1800 425 55214)
ഹിന്ദി, ഒറിയ, ബംഗാളി , അസാമീസ് ഭാഷകളില്‍ ഇതര സംസ്ഥാനക്കാരായ അതിഥി തൊഴിലാളികള്‍ക്ക് അവബോധം നല്‍കുന്നതിനായി ഓഡിയോ സന്ദേശങ്ങളും വീഡിയോ സന്ദേശങ്ങളും തയാറാക്കി വാട്‌സ്ആപ്പ് മുതലായ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു വരുന്നു
ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെയും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ അതിഥി തൊഴിലാളികല്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിന്റെ ആവസ്യകതയും കൊവിഡ് ടെസ്റ്റ്, വാക്‌സിനേഷന്‍ എന്നിവ സംബന്ധിച്ച് അവബോധവും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതു സംബന്ധിച്ച് നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്.
ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വേണ്ടി വന്നാല്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാരും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും അതത് ജില്ലാ ഭരണ സംവിധാനങ്ങളുടെ സഹകരണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ലേബര്‍ കമ്മീഷണര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. തൊഴില്‍ വകുപ്പില്‍ നിന്നും ഓര്‍ഡര്‍ ലഭിക്കുന്ന മുറയ്ക്ക് ഭക്ഷ്യ ഉദ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപടികള്‍ സ്വീകരിക്കും.
കമ്മീഷണറേറ്റ് തലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ലേബര്‍ കമ്മീഷണറുടെ നിര്‍ദേശപ്രകാരം അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയും പ്രവര്‍ത്തനമാരംഭിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ക്കാണ് കമ്മീഷണറേറ്റിലെ മുഴുവന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടച്ചുമതല.
ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ജില്ലാ കളക്ടര്‍മാരുമായുള്ള ഏകോപനത്തിലൂടെ അതത് ജില്ലകളിലെ അതിഥി തൊഴിലാളികളുടെ പ്രശ്‌ന പരിഹാരത്തിന് പ്രത്യേക ശ്രദ്ധ ചെലുത്തും.രോഗികളായ അതിഥി തൊഴിലാളികള്‍ക്ക് ആംബുലന്‍സ് സൗകര്യം, ആശുപത്രി പ്രവേശനം എന്നിവ ഉറപ്പാക്കുന്നതിനായി ദിശ കോള്‍ സെന്റര്‍, ഡിപിഎംഎസ്‌യു എന്നിവയുമായി യോജിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ഇടപെടലുകള്‍ നടത്തും.
ജില്ലകളില്‍ അതിഥി തൊഴിലാളികളുടെ വിവര ശേഖരണത്തിന് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരെ സഹായിക്കുന്നതിനായി നെഹ്‌റു യുവകേന്ദ്ര, നാ,ണല്‍ സര്‍വ്വീസ് സ്‌കീം മുതലായ സംഘടനകളിലെ വോളണ്ടിയര്‍മാരെ നിയമിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. 06.05.2021-ലെ വിവിധ ജില്ലകളിലെ കണക്കനുസരിച്ച് 124 അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇതു വരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ആകെ അതിഥി തൊഴിലാളികളുടെ എണ്ണം 748 ആണ്.ഇതുവരെ ആകെ മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവിധ ജില്ലകളിലായി 05.05.2021 വരെ അഥിതി തൊഴിലാളികള്‍ കോള്‍ സെന്ററുകളില്‍ വിളിച്ചു നല്‍കിയ 72 പരാതികളും പരിഹരിച്ചിട്ടുള്ളതായി ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.