44,363 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ്, ഉപരിപഠനത്തിനു യോഗ്യത
നേടിയത് 4,23,303 പേര്‍
തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാഫലം റഗുലര്‍ വിഭാഗത്തില്‍ 4,26,469 പേര്‍ പരീക്ഷയെഴുതിയതില്‍ 4,23,303 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. വിജയശതമാനം 99.26. കഴിഞ്ഞ വര്‍ഷം 99.47 ആയിരുന്നു വിജയശതമാനം. ആകെ 44,363 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ+ നേടി, കഴിഞ്ഞവര്‍ഷം 1,25,509 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ+ നേടിയിരുന്നു. വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല കണ്ണൂര്‍ (99.76 ശതമാനം). വിജയ ശതമാനം ഏറ്റവും കുറഞ്ഞ റവന്യു ജില്ല വയനാട് (98.07 ശതമാനം). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാല (99.94 ശതമാനം). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍ (97.98 ശതമാനം). ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. 3,024 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ+ നേടി.
കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലായി 2,961 സെന്ററുകളില്‍ 4,26,469 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 2,07,909 പെണ്‍കുട്ടികളും 2,18,560 ആണ്‍കുട്ടികളുമാണ്. 1,91,382 വിദ്യാര്‍ത്ഥികള്‍ മലയാളം മീഡിയത്തിലും 2,31,506 വിദ്യാര്‍ഥികള്‍ ഇംഗ്ലീഷ് മീഡിയത്തിലും 2,139 വിദ്യാര്‍ത്ഥികള്‍ കന്നട മീഡിയത്തിലും 1,442 വിദ്യാര്‍ത്ഥികള്‍ തമിഴ് മീഡിയത്തിലും പരീക്ഷ എഴുതി.
എസ്.എസ്.എല്‍.സി പ്രൈവറ്റ് വിദ്യാര്‍ഥികള്‍ പുതിയ സ്‌കീം പ്രകാരം 275 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 206 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 74.91.
എസ്.എസ്.എല്‍.സി പ്രൈവറ്റ് വിദ്യാര്‍ഥികള്‍ പഴയ സ്‌കീം 134 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 95 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 70.9.
ഗള്‍ഫ് മേഖലയില്‍ ആകെ ഒമ്പത് വിദ്യാലയങ്ങളില്‍ പരീക്ഷ എഴുതിയ 571 വിദ്യാര്‍ഥികളില്‍ 561 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 98.25. ഇതില്‍ നാല് കേന്ദ്രങ്ങള്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്. 9 ലക്ഷദ്വീപ് സെന്ററുകളിലായി പരീക്ഷാ എഴുതിയ 882 വിദ്യാര്‍ഥികളില്‍ 785 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം 89.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം എച്ച്.എസ്.എസിലാണ് 2,104 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ സംസ്ഥാന രണ്ടാമത്തെ വിദ്യാലമായ പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസില്‍ 1,618 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതിയത് എറണാകുളം രണ്ടാര്‍ക്കര എച്ച്.എം.എച്ച്.എസ്.എസ്, വയനാട് ജില്ലയിലെ സെന്റ് റോസല്ലാസ് ഇംഗ്ലീഷ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ്. രണ്ടിടങ്ങളിലും ഓരോ വിദ്യാര്‍ഥികള്‍ വീതമാണ് പരീക്ഷ എഴുതിയത്. എസ്എസ്എല്‍സി പ്രൈവറ്റ് വിഭാഗത്തില്‍ 409 പേര് പരീക്ഷ എഴുതി.
ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് പരീക്ഷ (ടി.എച്ച്.എസ്.എല്‍.സി) എഴുതിയ 48 കേന്ദ്രങ്ങളിലെ 2,927 വിദ്യാര്‍ഥികളില്‍ 2,912 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. വിജയശതമാനം 99.49. 112 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ+ ലഭിച്ചു. എസ്.എസ്.എല്‍.സി (ഹിയറിങ് ഇന്‍പയേര്‍ഡ്) പരീക്ഷ എഴുതിയ 29 സ്‌കൂളുകളിലെ 254 വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി. വിജയശതമാനം 100. ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് (ഹിയറിങ് ഇന്‍പയേര്‍ഡ്) വിഭാഗത്തില്‍ രണ്ടു സ്‌കൂളുകളില്‍ നിന്നായി പരീക്ഷ എഴുതിയ 17 വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി. വിജയശതമാനം 100. ആര്‍ട്ട് ഹൈസ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് പരീക്ഷ എഴുതിയ കേരള കലാമണ്ഡലം ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 67 വിദ്യാര്‍ഥികളില്‍ 61 പേര്‍ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി. 91.04 ശതമാനം പേര്‍ വിജയിച്ചു.
സംസ്ഥാനത്തെ 3,059 സ്‌കൂളുകളില്‍ 2,134 സ്‌കൂളുകളും 100 ശതമാനം വിജയം നേടി. സര്‍ക്കാര്‍ മേഖലയിലെ 1,173 സ്‌കൂളുകളില്‍ 760 സ്‌കൂളുകളും എയ്ഡഡ് മേഖലയിലെ 1,423 സ്‌കൂളുകളില്‍ 942 സ്‌കൂളുകളും അണ്‍എയ്ഡഡ് മേഖലയിലെ 463 സ്‌കൂളുകളില്‍ 432 സ്‌കൂളുകളും 100 ശതമാനം വിജയം നേടി.
കോവിഡ് മൂലം സംസ്ഥാനത്ത് സ്‌കൂളുകളില്‍ പൂര്‍ണ്ണതോതില്‍ നേരിട്ടുള്ള അധ്യയനം നടത്തുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ 2021 ജൂണ്‍ 1 മുതല്‍ തന്നെ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ക്ലാസ്സുകളും 2021 നവംബര്‍ 1 മുതല്‍ സ്‌കൂളുകളില്‍ നേരിട്ടുള്ള അധ്യയനവും ആരംഭിച്ചിരുന്നു. എങ്കിലും പൂര്‍ണ്ണതോതിലുള്ള അധ്യയനം സാധിച്ചിരുന്നില്ല എന്ന വസ്തുത പരിഗണിച്ച് ഫോക്കസ് ഏരിയയില്‍ നിന്ന് 70 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയ്ക്ക് പുറത്തുനിന്ന് 30 ശതമാനം ചോദ്യങ്ങളും ഉള്‍പ്പെടുത്തിയാണ് ചോദ്യപേപ്പര്‍ തയാറാക്കിയത്. കോവിഡ് 19 വ്യാപകമായ പശ്ചാത്തലത്തില്‍ 2021 ല്‍ ഒഴിവാക്കിയ ഐ.റ്റി പ്രാക്ടിക്കല്‍ പരീക്ഷ ഇത്തവണ പുനസ്ഥാപിച്ചു.
31/03/2022 മുതല്‍ 29/04/2022 വരെ പരീക്ഷകള്‍ നടത്തുകയും ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി മേയ് 12 മുതല്‍ 28 വരെയുള്ള 14 പ്രവര്‍ത്തിദിവനങ്ങളില്‍ പൂര്‍ത്തികരിക്കുകയും ചെയ്തു.
2021-22 അക്കാദമിക വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പൊതുപരീക്ഷകളില്‍ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ല എന്ന സര്‍ക്കാര്‍ ഉത്തരവ് പരിഗണിച്ചാണ് ഈ വര്‍ഷത്തെ റിസള്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഉത്തരകടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, പകര്‍പ്പ് എന്നിവയ്ക്കുള്ള അപേക്ഷകള്‍ ജൂണ്‍ 16 മുതല്‍ 21 വരെ ഓണ്‍ലൈനായി നല്‍കാം. ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റഗുലര്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള ‘സേ’ (ടഅഥ) പരീക്ഷാ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും. ജൂലൈ മാസത്തില്‍ നടക്കുന്ന സേ പരീക്ഷയില്‍ പരമാവധി മൂന്ന് വിഷയങ്ങളില്‍ പരീക്ഷ എഴുതാം.
പാഠ്യപദ്ധതി പരിഷ്‌കരണം: ആശയ രൂപീകരണ ശില്‍പ്പശാല 16 ന്
സംസ്ഥാനത്തെ പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിനു മുന്നോടിയായുള്ള സംസ്ഥാനതല ആശയരൂപീകരണ ശില്‍പശാല മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (16 ജൂണ്‍) ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ശില്‍പശാലയില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. കരിക്കുലം കമ്മിറ്റി അംഗങ്ങളും കോര്‍ കമ്മിറ്റി അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കും. ഉച്ചയ്ക്കുശേഷം നടക്കുന്ന കരിക്കുലം, കോര്‍കമ്മിറ്റി സംയുക്ത യോഗത്തില്‍ പരിഷ്‌കരണ രൂപരേഖ ചര്‍ച്ച ചെയ്യും.
ഓരോ വിദ്യാര്‍ഥിയേയും ഓരോ യൂണിറ്റായി പരിഗണിച്ചുകൊണ്ടുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നിര്‍വഹണവുമാണു ലക്ഷ്യമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി അക്കാദമിക മാസ്റ്റര്‍പ്ലാന്‍, അക്കാദമിക നിലവാരം തുടങ്ങിയവ ഉയര്‍ത്താനുള്ള നിരവധി പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.
2007 ലാണു കേരളത്തില്‍ സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം നടന്നത്. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി ഒരേ പാഠപുസ്തകങ്ങളാണ് കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. വൈജ്ഞാനിക സമൂഹത്തിന്റെ നിര്‍മിതിയിലൂടെ നവകേരളം സൃഷ്ടിക്കുവാനുള്ള സുപ്രധാന അവസരമായാണു പാഠ്യപദ്ധതി പരിഷ്‌കരണത്തെ കാണുന്നത്. പ്രീപ്രൈമറി വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം തുടങ്ങിയ നാലു മേഖലകളിലാണു സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്. ഇതിനു സഹായകരമായി 25 ഫോക്കസ് ഏരിയകളും പൊസിഷന്‍ പേപ്പറുകളും രൂപീകരിക്കും. പരിഷ്‌കരണ നടപടികളുടെ അന്തിമഘട്ടത്തിലാണ് പാഠപുസ്തകങ്ങള്‍, ടീച്ചര്‍ ടെക്സ്റ്റുകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലേക്ക് പ്രവേശിക്കുന്നത്.
വിവിധ വിഷയങ്ങളിലായി 563 ടൈറ്റില്‍ പാഠപുസ്തകങ്ങളാണ് നിലവില്‍ എസ്.സി.ഇ.ആര്‍.ടി. തയാറാക്കുന്നത്. മതേതരത്വം, ജനാധിപത്യം, സമഭാവന, സഹിഷ്ണുത, മാനവിക ബോധം, ഭരണഘടനാ മൂല്യങ്ങള്‍ എല്ലാം കേരളീയ പാഠ്യപദ്ധതി ചര്‍ച്ചയില്‍ മുന്നില്‍ നില്‍ക്കും. ദേശീയ വിദ്യാഭ്യാസ നയം ഇത്തരം കാര്യങ്ങളില്‍ മൗനം പാലിക്കുമ്പോള്‍ കേരളം ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും. സമഗ്രമായ ഈ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാവാന്‍ രണ്ടു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.