കൊച്ചി: കഷ്ടപ്പാടും ദുരിതവും ജീവിത സംഘര്‍ഷങ്ങളുമെല്ലാം കലയ്ക്ക് എന്നും വളക്കൂറാകുമെന്നതിന്റെ മറ്റൊരു സാക്ഷ്യമായി ബിനാലെയിലെ ‘ഭൂമി’ സമൂഹ കലാ പദ്ധതിയിലുള്‍പ്പെട്ട പ്രതിഷ്ഠാപനം (ഇന്സ്റ്റലേഷന്). കോവിഡ് മഹാമാരിയില്‍ പൊതു ഇടങ്ങള്‍ക്ക് പൂട്ടുവീണ് ജീവിതം വീട്ടകങ്ങളില്‍ ഒതുങ്ങിക്കൂടിയ 2020 കാലം. തൊഴിലൊന്നുമില്ലാതെ വടക്കുപടിഞ്ഞാറന്‍ ബംഗ്ലാദേശിലെ താക്കൂര്‍ഗാവിലെ ബാലിയ ഗ്രാമത്തില്‍ ജീവിതം ഗുരുതര പ്രതിസന്ധിയിലായി. നിലനില്‍പ്പിന് നട്ടംതിരിഞ്ഞ മിക്കവാറും തന്നെ കര്‍ഷകരും കരകൗശലവും മറ്റു കൈത്തൊഴില്‍ ചെയ്യുന്നവരുമായ ഗ്രാമീണര്‍ക്ക് കൈത്താങ്ങാകാന്‍ ആസൂത്രണം ചെയ്തതാണ് ‘ഭൂമി’ സമൂഹ കലാപദ്ധതി. നാലു ഗോത്രങ്ങളിലെ വെറും സാധാരണക്കാരായ ജനങ്ങളെ ഒന്നിച്ചിണക്കി ഗിദ്രീ ബാവ്ലി ആര്‍ട്ട്സ് ഫൗണ്ടേഷന്, ദുര്‍ജോയ് ബംഗ്ലാദേശ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ‘ഭൂമി’ പദ്ധതിയില്‍ പങ്കാളികളാക്കി. അറിയപ്പെടുന്ന ബംഗ്ലാദേശി കലാകാരന് കമറുസ്സമാന്‍ ഷാദിന് ഈ ഗ്രാമീണര്‍ക്ക് സര്‍ഗ്ഗാത്മക നേതൃത്വം നല്കി. 2020 മെയ് മുതല്‍ ഓഗസ്റ്റ് വരെ ഇവര്‍ ഒരുമിച്ച് പ്രാദേശിക വസ്തുക്കള്‍ ഉപയോഗിച്ച് കലാവിഷ്കാരം നടത്തി. ആ ശ്രേണിയിലെ പ്രതിഷ്ഠാപന (ഇന്സ്റ്റലേഷന്) ങ്ങളില്‍ ഒന്നാണ് മട്ടാഞ്ചേരി ടികെഎം വെയര്‍ഹൗസില്‍ ബിനാലെയുടെ ക്ഷണിക്കപ്പെട്ട കലാപ്രദര്‍ശനത്തിലുള്ളത്. പദ്ധതിയുടെ പേരുതന്നെ ഈ കാലാവതരണത്തിനും: ‘ഭൂമി’. ഓരോ ഗോത്രത്തോടും ബന്ധപ്പെട്ട പരമ്പരാഗത തൊഴില്‍ മേഖലകളും രീതികളും തിരിച്ചറിഞ്ഞ് ആവശ്യമായ സാമഗ്രികളും അസംസ്കൃത വസ്തുക്കളും ശേഖരിക്കുകയാണ് ആദ്യം ചെയ്തതെന്ന് ‘ഭൂമി’ സമൂഹ കലാ പദ്ധതിയില്‍ പങ്കാളിയായ അകലു ബുര്‍മാന്‍ പറഞ്ഞു. തുടര്‍ന്നു തനത് കൃഷിരീതി, മനുഷ്യനും മണ്ണും തമ്മിലെ ബന്ധം, ഗോത്രങ്ങള്‍ക്കിടയിലെ സാമൂഹ്യ സാംസ്കാരിക വിനിമയം എന്നിവ പ്രമേയമാക്കി പ്രതിഷ്ഠപനങ്ങള് ഒരുക്കി. മുള, വൈക്കോല്‍, ചണം തുടങ്ങി പ്രാദേശികമായി എളുപ്പത്തില്‍ ലഭ്യമായ വസ്തുക്കളാണ് സങ്കേതങ്ങളാക്കിയത്. ‘ഭൂമി’ പദ്ധതി പുതിയൊരു ലോകം ഞങ്ങള്‍ക്ക് തുറന്നുതന്നു. ഇപ്പോള്‍ കൊച്ചി മുസിരിസ് ബിനാലെയില്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടായത് സവിശേഷ അനുഭവമായെന്നും അകലു പറഞ്ഞു.
ഉത്പതിഷ്ണുവായ മനുഷ്യന്റെ പ്രതിരോധശേഷിയും സര്‍ഗാത്മകതയും പ്രഖ്യാപിക്കുന്നതാണ് ‘ഭൂമി’ പദ്ധതിയെന്ന് നേതൃത്വം നല്കിയ കലാകാരന് കമറുസ്സമാന്‍ ഷാദിന് നിരീക്ഷിച്ചു. ‘അടിസ്ഥാനപരമായി കര്‍ഷകരായ ഗ്രാമീണരെ പ്രകൃതിയുമായി വീണ്ടും ഇണക്കിച്ചേര്‍ക്കാനാണ് തീരുമാനിച്ചത്. സങ്കീര്‍ണ്ണമായ ഗോത്ര, കൃഷിയിട, ഉപജീവന ബന്ധങ്ങള്‍ നിലനില്‍ക്കെ അത് ഭേദിച്ച് കോവിഡ് വേളയിലും ശേഷവും നിലനില്‍ക്കുന്ന സുസ്ഥിര ബന്ധം മനുഷ്യനും പ്രകൃതിക്കുമിടയ്ക്ക് സാധ്യമാക്കാന്‍ ശ്രമിച്ചു. ഭൂമിയുടെ അന്തഃസത്ത പുനരാഖ്യാനം ചെയ്യാനും ‘ കമറുസ്സമാന്‍ പറഞ്ഞു.
ബിനാലെയിലെ ‘ഭൂമി’ പ്രതിഷ്ഠാപനത്തിന് നാലു ഭാഗങ്ങളുണ്ട്. രാജാക്കന്മാര്, ബാവുള്‍ ഗായകര്‍,കര്‍ഷകര്‍, ഗ്രാമ പഞ്ചായത്ത് എന്നിങ്ങനെ നാലു വിഭാഗം ജനങ്ങളെ അവ പ്രതിനിധാനം ചെയ്യുന്നു