തിരുവനന്തപുരം: വിപണിയിലെ പച്ചക്കറികളുടെ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായി കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചു. അമിത വിലയുള്ള പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് മുഖേന സംഭരിച്ച് സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുവാന്‍ നടപടി സ്വീകരിക്കും. വിപണിയില്‍ ഇത്തരത്തില്‍ പ്രതിസന്ധി ഉണ്ടാകുന്ന അവസരങ്ങളില്‍ ഉടനടി വിപണി ഇടപെടലുകള്‍ നടത്തി വിലക്കയറ്റം നിയന്ത്രണവിധേയമാക്കുന്നതിന് ഒരു സ്‌പെഷ്യല്‍ ഫണ്ട് രൂപീകരിച്ച് നടപടികള്‍ സ്വീകരിക്കുന്നതിനായി കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തി.
വിപണിയിലെ പ്രതിസന്ധികള്‍ ഒഴിവാക്കുന്നതിനുള്ള ഏക മാര്‍ഗ്ഗം എല്ലാവരും സ്വന്തമായി കൃഷി ചെയ്യുക എന്നത് മാത്രമാണെന്നും മറ്റെല്ലാം തന്നെ താല്‍ക്കാലിക പരിഹാരമാര്‍ഗ്ഗങ്ങളായിരിക്കണമെന്നും മന്ത്രി പറഞ്ഞു. ഈ ഉദ്ദേശം മുന്നില്‍കണ്ടുകൊണ്ട് കൃഷി വകുപ്പ് ആരംഭിച്ച ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതി പ്രകാരം പ്രാദേശികമായി പച്ചക്കറികള്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികളും മറ്റു നടപടികളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്യേ ണ്ടതാണ്. ഓണക്കാലത്തേക്കുള്ള പച്ചക്കറി ഉത്പാദനത്തിന് ഇപ്പോള്‍ തന്നെ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, ഹോര്‍ട്ടികോര്‍പ്പ്, വി എഫ് പി സി കെ എന്നിവരുടെ സംയുക്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.