ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ നടപടി: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

മോട്ടോര്‍ വാഹന വകുപ്പും കെ.എസ്.ഇ.ബിയും ചേര്‍ന്ന് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു

കൊച്ചി: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നയപരമായ തീരുമാനങ്ങളാണ് സര്‍ക്കാരും മോട്ടോര്‍ വാഹന വകുപ്പും കൈക്കൊള്ളുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടന്നതിനായി നൂതന സാങ്കേതിക വിദ്യകള്‍ കൊണ്ടുവരുന്നതിനും ചാര്‍ജിംഗ് സമയം കുറച്ചു കൊണ്ടുവരുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മറൈന്‍ െ്രെഡവില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് വൈദ്യുത വാഹനം ആശങ്കകള്‍, സാധ്യതകള്‍, ആനുകാലിക റോഡ് സുരക്ഷാ ചിന്തകള്‍ എന്ന വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പും കെ.എസ്.ഇ.ബിയും ചേര്‍ന്ന് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ച ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രിക് വാഹന രംഗം നിലവില്‍ നേരിടുന്ന വെല്ലുവിളികളും ഈ മേഖലയുടെ ഭാവിയും ഭാവിയില്‍ സ്വീകരിക്കാവുന്ന ക്രിയാത്മക നടപടികളിലും ഊന്നിയാണ് പാനല്‍ ചര്‍ച്ച നടന്നത്.
ഇലക്ട്രിക് വാഹനയുഗത്തില്‍ മോട്ടോര്‍ വാഹനവകുപ്പും കെ.എസ്.ഇ.ബിയും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട രണ്ട് ഘടകങ്ങളാണെന്ന് ചര്‍ച്ചയില്‍ പൊതു അഭിപ്രായം ഉയര്‍ന്നു. ഈ മേഖലയുമായി ബന്ധപ്പെട്ട് നൂതനവും സമഗ്രവുമായ നയം ആവശ്യമാണെന്ന് പാനലിസ്റ്റുകള്‍ പറഞ്ഞു. കേരളത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. സ്‌കൂട്ടറുകളാണ് നിലവില്‍ ഏറ്റവും അധികം ഇലക്ട്രിക് സെഗ്മെന്റില്‍ വിറ്റുപോകുന്നത്.
ഇലട്രിക് വാഹങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ചാര്‍ജിംഗ് സംവിധാനങ്ങളും വിപുലമാകണം. കെ.എസ്.ഇ. ബിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം കാര്യക്ഷമമായ ചാര്‍ജിംഗ് ശൃംഖല തീര്‍ത്തുവരുകയാണ്.ചെറിയ വാഹനങ്ങള്‍ക്ക് സമാനമായി വലിയ വാഹനങ്ങള്‍ കൂടി ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ടായാല്‍ കൂടുതല്‍ പേര്‍ ഇലക്ട്രിക്കിലേക്ക് തിരിയും.
ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വൈദ്യുതിയില്‍ നിന്ന് ഇലക്ട്രിക്ക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതുകൊണ്ട് അന്തരീക്ഷ മലിനീകരണം കുറയില്ല. പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയാണ്
യഥാര്‍ത്ഥത്തില്‍ ചാര്‍ജിംഗിനായി ഉപയോഗിക്കേണ്ടതെന്നും ചര്‍ച്ചയില്‍ വിലയിരുത്തലുണ്ടായി. മറുവശത്ത് സുരക്ഷയുടെ കാര്യവും ഉറപ്പ് വരുത്തേണ്ടതുണ്ട്. ലൈസന്‍സ് ഇല്ലാതെ ഉപയോഗിക്കാം എന്ന കുറുക്കുവഴിയായി പലരും ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിമാത്രമേ വാഹനങ്ങള്‍ തിരഞ്ഞെടുക്കാവൂ എന്നും പാനലിസ്റ്റുകള്‍ പറഞ്ഞു. തുറന്ന ആശയവിനിമയത്തിനും സംശയനിവാര ണത്തിനുമുള്ള വേദിയായിരുന്നു പാനല്‍ ചര്‍ച്ച. സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി ആന്റ് റിസര്‍ച്ച് ചെയര്‍മാന്‍ ഡോ. ധനുരാജ് മോഡറേറ്ററായ ചര്‍ച്ചയില്‍ റീജിയണല്‍ ട്രാസ്‌പോര്‍ട്ട് ഓഫീസര്‍ ജി. അനന്തകൃഷ്ണന്‍, കൊച്ചി മെട്രോ നഗര ഗതാഗത വിഭാഗം സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മേനേജര്‍ ടി. ജി ഗോകുല്‍, ക്ലീന്‍ സ്മാര്‍ട്ട് ബസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ബി.ജെ. ആന്റണി, എസ്.സി.എം.എസ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റോഡ് സേഫ്റ്റി & ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡയറക്ടര്‍ ആദര്‍ശ് കുമാര്‍ ജി. നായര്‍, എസ്.സി.എം.എസ് കോളേജ് അധ്യാപകനായ ഡോ. മനോജ് കുമാര്‍, കെ.എസ്.ഇ.ബി.എല്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ റെജി കുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നൗഷാദ് ഷറഫുദ്ദീന്‍, ഇ. വി.എം ഗ്രൂപ്പ് വൈസ് പ്രസിഡന്റ് നോബിള്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.