അന്താരാഷ്ട്ര നീന്തല്‍ താരങ്ങള്‍ അണിനിരക്കുന്ന ഓള്‍ ഇന്ത്യ പോലീസ് അക്വാട്ടിക് ആന്‍ഡ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിന് ഉജ്ജ്വല തുടക്കം

തിരുവനന്തപുരം: എഴുപത്തൊന്നാമത് ഓള്‍ ഇന്ത്യ പോലീസ് അക്വാട്ടിക് ആന്‍ഡ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിന് തിരുവനന്തപുരം പിരപ്പന്‍കോട് ഡോ. ബി ആര്‍ അംബേദ്കര്‍ അന്താരാഷ്ട്ര അക്വാട്ടിക് കോംപ്ലക്‌സില്‍ തുടക്കമായി. 26 ടീകളിലായി മുന്നൂറിലേറെ പുരുഷ, വനിതാ താരങ്ങള്‍ മാറ്റുരയ്ക്കുന്ന അഞ്ചു ദിവസത്തെ ചാമ്പ്യന്‍ഷിപ്പിന് 11 വര്‍ഷത്തിനുശേഷമാണ് കേരളം ആതിഥേയത്വം വഹിക്കുന്നത്.
കേരള പോലീസ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നീന്തല്‍ രംഗത്ത് ഇന്ത്യയുടെ മിന്നും താരങ്ങളായ സി.ആര്‍.പി.എഫിന്റെ റിച്ച മിശ്ര, കേരള പോലീസിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് സജന്‍ പ്രകാശ് എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
കേരളമടക്കം 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസ് ടീമുകള്‍ക്ക് പുറമെ ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, അസാം റൈഫിള്‍സ്, എസ്.എസ്.ബി, സി.ആര്‍.പി.എഫ്, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്നിവയും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്.
26 ടീമുകള്‍ പങ്കെടുത്ത മാര്‍ച്ച് പാസ്റ്റ് നടന്നു. ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള ദീപശിഖ കേരളത്തിന്റെ ക്യാപ്റ്റന്‍ കൂടിയായ സജന്‍ പ്രകാശിന് മുഖ്യമന്ത്രി കൈമാറി. ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, എ.ഡി.ജി.പിമാരായ കെ.പത്മകുമാര്‍, മനോജ് എബ്രഹാം, ഐ.ജി പി.വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സൂര്യ കൃഷ്ണമൂര്‍ത്തി കോറിയോഗ്രാഫി നിര്‍വഹിച്ച ‘നാട്ടരങ്ങുകള്‍’ എന്ന കലാപരിപാടി ഉദ്ഘാടന സന്ധ്യയ്ക്ക് മിഴിവേകി. വേലകളി, ഗരുഡന്‍ പറവ, മയൂരനൃത്തം, തെയ്യം, ശിങ്കാരിമേളം, പടയണി, കഥകളി, വെളിച്ചപ്പാട് തുള്ളല്‍ തുടങ്ങിയ വിവിധ കലാരൂപങ്ങള്‍ 200 ഓളം കലാകാര•ാര്‍ വേദിയില്‍ അവതരിപ്പിച്ചു.