അമൃതകീർത്തി പുരസ്‌ക്കാരം പ്രൊഫ. വി. മധുസൂദനൻ നായർക്ക്

മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതകീർത്തി പുരസ്‌കാരത്തിന് പ്രശസ്ത കവി പ്രൊഫ.വി. മധുസൂദനൻ നായർ അർഹനായി. 1,23,456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത സരസ്വതീശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.

കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതകീർത്തി പുരസ്‌കാരത്തിന് പ്രശസ്ത കവി പ്രൊഫ.വി. മധുസൂദനൻ നായർ അർഹനായി. 1,23,456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത സരസ്വതീശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളജിൽ മലയാള വിഭാഗം പ്രൊഫസറും അധ്യക്ഷനുമായി സേവനമനുഷ്ഠിച്ചിട്ടുള്ള പ്രൊഫ. വി.മധുസൂദനൻ നായർക്ക് കേന്ദ്രസാഹിത്യ അക്കാദമി, കേരളസാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കേന്ദ്രസാഹിത്യ അക്കാദമി ഉപേദശകസമിതിയംഗം, കേരളസാഹിത്യ അക്കാദമി ഭരണസമിതിയംഗം, കേന്ദ്ര നവോദയ വിദ്യാലയ ഭരണസമിതിയംഗം, കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വൈദിക ദാർശനിക ആശയങ്ങളെ നൂതന ബിംബങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും ശൈലിയിലൂടെയും സൗന്ദര്യവത്താക്കുന്ന രചനാ പാടവത്തിനാണ് പുരസ്‌കാരമെന്ന് മാതാ അമൃതാനന്ദമയി മഠം ട്രസ്റ്റി സ്വാമി തുരീയാമൃതാനന്ദപുരി പറഞ്ഞു.

മാതാ അമൃതാനന്ദമയി ദേവിയുടെ 71-ാം പിറന്നാൾ ദിനമായ സെപ്തംബർ 27ന് കൊല്ലം അമൃതപുരി ആശ്രമത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. ആധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര രംഗങ്ങളിലെ പ്രഗത്ഭർക്ക് 2001 മുതൽ അമൃതകീർത്തി പുരസ്‌ക്കാരം നൽകിവരുന്നു. സ്വാമി അമൃതസ്വരൂപാനന്ദ പുരി അദ്ധ്യക്ഷനും ഡോ. കെ. എസ്. രാധാകൃഷ്ണൻ, ഡോ. ലക്ഷ്മീകുമാരി, ശ്രീ പി. നാരായണക്കുറുപ്പ്, സ്വാമി തുരീയാമൃതാനന്ദ പുരി എന്നിവർ അംഗങ്ങളുമായുള്ള കമ്മറ്റിയാണ് പുരസ്‌ക്കാരനിർണ്ണയം നടത്തിയത്.