ആശ്ചര്യവും കൗതുകവും ചിന്തയും നിറച്ച് കൊച്ചി ഡിസൈന്‍ വീക്ക് കലാസൃഷ്ടികള്‍

കൊച്ചി: ഇഡലിത്തട്ടും സ്പൂണുകളും പാദമമരുമ്പോള്‍ ഞെരിഞ്ഞുടയുന്ന വളപ്പൊട്ടുകളുമാണ് കൊച്ചി ഡിസൈന്‍ വീക്കില്‍ മണ്‍സൂണ്‍ കളക്ടീവ് ഒരുക്കിയിട്ടുള്ള പ്രതിഷ്ഠാപനത്തില്‍ ആദ്യം കണ്ണില്‍ പെടുന്നത്. ദുര്‍ഗ എന്നര്‍ത്ഥം വരുന്ന ഇരൈവി എന്ന തമിഴ് പേരാണ് ഈ പ്രതിഷ്ഠാപനത്തിന് നല്‍കിയിരിക്കുന്നത്. കേവലം സ്ത്രീസ്വാതന്ത്ര്യമെന്ന പതിവ് വിഷയത്തിനപ്പുറത്തേക്ക് സ്ത്രീജീവിതത്തിന്റെ വിവിധ തലങ്ങളാണ് ഇതിലൂടെ ഈ കലാപ്രവര്‍ത്തക കൂട്ടായ്മ മുന്നോട്ടു വയ്ക്കുന്നത്.


ആകെ 22 പ്രതിഷ്ഠാപനങ്ങളാണ് കൊച്ചി ഡിസൈന്‍ വീക്കില്‍ ഒരുക്കിയിട്ടുള്ളത്. പ്രമേയം കൊണ്ടും രൂപകല്‍പനയുടെ ഭംഗി കൊണ്ടും കാഴ്ചക്കാരെ ഒരു പോലെ ആകര്‍ഷിക്കുന്നവയാണ് എല്ലാ പ്രതിഷ്ഠാപനങ്ങളും. പ്രശസ്ത ആര്‍ക്കിടെക്ട് ആസിഫ് അഹമ്മദാണ് പ്രദര്‍ശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.
വ്യത്യസ്ത വലുപ്പത്തിലുള്ള മൂന്നു പരന്ന ചക്രങ്ങളില്‍ ഏറ്റവും ചെറുതില്‍ ഘടിപ്പിച്ചിരിക്കുന്നത് ഇഡ്ഡലിത്തട്ടാണ്. അതിനു ചുറ്റും സ്പൂണുകളും വിവിധ തവികളും. അതിനു പുറമേ വിവിധ തുറയിലുള്ള യൂണിഫോമുകളാണ്.
സ്ത്രീ അടുക്കളയിലെ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടവളാണെന്ന പൊതു ബോധമാണ് ആദ്യത്തെ വൃത്തത്തിനുള്ളിലെ ഇതി വൃത്തമെന്ന് മണ്‍സൂണ്‍ കളക്ടീവ് എന്ന കൂട്ടായ്മയിലെ സ്‌നേഹില്‍ പറഞ്ഞു. രണ്ടാമത്തേതില്‍ അടുക്കും ചിട്ടയും എന്നും സ്ത്രീയുടെ മാത്രം ചുമതലയാണെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് അടുക്കി വച്ചിട്ടുള്ള സ്പൂണുകളും തവിയും. ജീവിതത്തിലെ ഏത് മേഖലയിലും സ്ത്രീകള്‍ക്ക് എത്തിപ്പെടാനാകുമെന്നും വിജയം കൈവരിക്കാനാകുമെന്നും വെളിപ്പെടുത്തുന്നതാണ് യൂണിഫോമുകള്‍ അടങ്ങിയ മൂന്നാമത്തെ വൃത്തം. അവസാനത്തെ ചക്രം കറക്കുമ്പോള്‍ മറ്റ് രണ്ടെണ്ണം കൂടി കറങ്ങുന്നു.
അതിനു ശേഷം മുന്നോട്ടു നോക്കുമ്പോള്‍ തകര്‍ന്ന കണ്ണാടിയിലേക്കുള്ള നോട്ടമാണ്. അതിനിടയില്‍ ഒരു വൃത്താകൃതിയിലുള്ള കണ്ണാടി മാത്രം നേരായ പ്രതിബിംബം കാണിക്കുന്നു. സ്ത്രീകള്‍ സ്വന്തം യഥാര്‍ത്ഥമുഖം കണ്ടെത്തണമെന്ന സന്ദേശമാണ് ഈ പ്രതിഷ്ഠാപനം നല്‍കുന്നത്.ഇതിനു പുറമേ സൂപ്പര്‍ ഫാബ് ലാബില്‍ നിന്നുള്ള വിവിധ ജാമ്യതീയ രൂപങ്ങള്‍, കാര്‍ഡ് ബോര്‍ഡ് ഫര്‍ണീച്ചറുകള്‍ ഗ്ലാസ് കുപ്പികള്‍ കൊണ്ടുള്ള സിംഹാസനം, പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നുണ്ടാക്കിയ പരവതാനി, പല്ലില്‍ ഘടിപ്പിക്കാവുന്ന ആഭരണങ്ങള്‍, മാംസത്തിന് പകരമായി ചക്ക കൊണ്ടുണ്ടാക്കിയ വെജിറ്റേറിയന്‍ വിഭവം തുടങ്ങി കൗതുകക്കാഴ്ചകളുടെ പറുദീസയാണ് ഡിസൈന്‍ വീക്കിലെ പ്രദര്‍ശനം.