ഡിസൈന്‍ മേഖല പാഠ്യപദ്ധതിയിലുള്‍പ്പെടുത്തണം- കൊച്ചി ഡിസൈന്‍ വീക്ക്

കൊച്ചി: ഡിസൈന്‍ മേഖല സ്‌കൂള്‍തലം മുതല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് കൊച്ചി ഡിസൈന്‍ വീക്ക്. കുട്ടികളുടെ കലാശേഷി വികസിപ്പിക്കുന്ന തരത്തില്‍ സൗന്ദര്യശാസ്ത്രപരമായ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഇതിനായി സിലബസ് രൂപവത്ക്കരക്കണമെന്നും കൊച്ചി ഡിസൈന്‍ വീക്കിന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രാജ്യം വ്യവസായിക കുതിപ്പിനൊരുങ്ങുന്ന കാലത്ത് ഡിസൈന്‍ മേഖല കേരളത്തിന് വലിയ മുതല്‍ക്കൂട്ടൊരുക്കുമെന്ന് രൂപകല്‍പ്പനാരംഗത്തെ വിദഗ്ധര്‍. സംസ്ഥാനത്തിന്റെ വ്യവസായിക രംഗത്ത് വലിയ അവസരങ്ങളൊരുക്കാന്‍ ഈ മേഖലയ്ക്ക് കഴിയുമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ദ്വിദിന ശില്‍പ്പശാലയുടെ ‘ഡിസൈന്‍, കേരളത്തിന്റെ അവസരങ്ങള്‍’ എന്ന വിഷയത്തിലുള്ള ചര്‍ച്ചയിലാണ് ഇത്തരം സാധ്യതകളെക്കുറിച്ച് വിദഗ്ധര്‍ സംസാരിച്ചത്.
കലാശേഷി വികസനത്തിന് കൗമാരക്കാരായ കുട്ടികള്‍ക്ക് സ്‌കൂളുകളിലെത്തി പരിശീലനം നല്‍കാന്‍ ബിനാലെ ഫൗണ്ടേഷന്‍ ശ്രമിക്കുന്നുണ്ടെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. രാജ്യത്തെ സര്‍വകലാശാലകള്‍ സൗന്ദര്യബോധത്തിലെ തിരുത്തലുകള്‍ ഗൗരവമായി കണ്ടിരുന്നു. രൂപകല്‍പനയ്ക്ക് സൗന്ദര്യബോധം ആവശ്യമാണ്. അത് പഠിപ്പിക്കാനാകില്ല, ഉള്ളിലുണ്ടാകേണ്ടതാണെന്നും ബോസ് കൂട്ടിച്ചേര്‍ത്തു.
ഡിസൈന്‍ എന്നത് സാമൂഹിക പ്രസ്‌കതിയുള്ളതായിരിക്കണമെന്ന് ആര്‍ക്കിടെക്ട് ടോണി ജോസഫ.് എല്ലായ്പ്പോഴും പ്രകൃതിയുമായി ചേര്‍ന്നു നില്‍ക്കുന്നതാകണം ഡിസൈന്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സോഫ്റ്റ്വേര്‍ ആപ്പുകള്‍ സര്‍വസാധാരണമായ ഇക്കാലത്ത് ഡിസൈന്‍ രംഗത്തിന്റെ പ്രാധാന്യം ഏറിവരികയാണ്. ഡിസൈന്‍ രംഗത്തെ ഗവേഷണത്തിനും പ്രായോഗികതയ്ക്കും കേരളത്തിന് വലിയ സാധ്യതകളാണുള്ളതെന്നും ശില്‍പ്പശാല വിലയിരുത്തി.
ഐ.എക്സ്.ഡി.എ. ഗ്ലോബല്‍ മുന്‍ പ്രസിഡന്റ് അലോക് നന്ദി ചര്‍ച്ചയില്‍ മോഡറേറ്ററായി. എല്ലാവരിലും ഒരു ഡിസൈനര്‍ ഒളിച്ചിരിപ്പുണ്ടെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്സ് ദേശീയ പ്രസിഡന്റ് ജബീന്‍ സക്കറിയാസ് പറഞ്ഞു. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാന്‍ കഴിവുള്ള ഡിസൈനര്‍മാരാണ് മിക്കയാളുകളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ സജി ഗോപിനാഥും ചര്‍ച്ചയില്‍ പങ്കെടുത്തു. ഡിസൈന്‍ രംഗത്തെ അന്താരാഷ്ട്രാ മാതൃകകള്‍ പരിചയപ്പെടുത്തുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് രണ്ടുദിവസത്തെ ഉച്ചകോടി സംഘടിപ്പിച്ചത്. വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്‍, വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍, ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്സ് എന്നിവരുടെ സഹകരണത്തോടെയാണ് ഡിസൈന്‍ വീക്ക് സംഘടിപ്പിച്ചിരിക്കുന്നത്.