പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരനെന്നാണ് കോടതി .രണ്ടു പേരെ വെറുതെ വിട്ടു. 4, 11 പ്രതികളെയാണ് വെറുതെ വിട്ടത്. കേസിലാകെ 16 പ്രതികളാണ് ഉള്ളത്. കുറ്റക്കാരെന്നു കണ്ടെത്തി യവരുടെ ശിക്ഷ ബുധനാഴ്ച്ച വിധിക്കും.അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പ്രഖ്യാപനം വന്നിരിക്കുന്നത്. മണ്ണാര്‍ക്കാട് എസ് സി – എസ് ടി ജഡ്ജി കെ.എം രതീഷ് കുമാര്‍ ആണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.
കേസില്‍ 16 പ്രതികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് കേസില്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.അനധികൃത സംഘം ചേരല്‍, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കും എന്ന് കോടതി അറിയിച്ചു. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുള്‍ കരീം എന്നിവരെ മാറ്റി നിര്‍ത്തി. മാര്‍ച്ച് പത്തിനാണ് കേസില്‍ അന്തിമവാദം പൂര്‍ത്തിയായത്. നേരത്തെ കേസ് വിധി പറയാന്‍ രണ്ട് തവണ മാറ്റിവെച്ചിരുന്നു. കേസില്‍ 127 സാക്ഷികളെ വിസ്തരിച്ചെങ്കിലും ഇതില്‍ 24 പേര്‍ കൂറുമാറിയിരുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തുന്നത്.
മധുവിന് മാനസികമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മുക്കാലിക്ക് സമീപത്തെ വനത്തിന് ഉള്ളില്‍ നിന്നാണ് മധുവിനെ പിടികൂടി പ്രതികള്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്. മധു താമസിച്ച ആണ്ടിയാളചാളയില്‍ എന്ന സ്ഥലത്ത് നിന്നും കണ്ടെടുത്ത അരിയും സാധനങ്ങളുമെല്ലാം ചാക്കിലാക്കി അത് മധുവിന്റെ ചുമലില്‍ തന്നെ വെച്ച് നല്‍കി പ്രതികള്‍ മുക്കാലിയിലേക്ക് നടത്തിക്കുകയായിരുന്നു.ഇതിന്റെ ദൃശ്യങ്ങളെല്ലാം പ്രതികള്‍ തന്നെയാണ് ചിത്രീകരിച്ചത്. ഇത് കേസില്‍ നിര്‍ണായക തെളിവായി. പ്രതികള്‍ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം മധുവിനെ പൊലിസ് വാഹനത്തില്‍ കയറ്റി വിടുകയായിരുന്നു.
താവളം പാക്കുളം മേച്ചേരിയില്‍ ഹുസൈന്‍, കള്ളമല മുക്കാലി കിളയില്‍ മരക്കാര്‍, കള്ളമല മുക്കാലി പൊതുവച്ചോല ഷംസുദ്ദീന്‍, മുക്കാലി രാധാകൃഷ്ണന്‍, കല്‍ക്കണ്ടി കക്കുപ്പടി കുന്നത്തുവീട് അനീഷ്, ആനമൂളി പള്ളിപ്പടി പൊതുവച്ചോല അബൂബക്കര്‍, മുക്കാലി പടിഞ്ഞാറെപള്ള കുരിക്കള്‍ വീട്ടില്‍ സിദ്ദീഖ്, കള്ളമല മുക്കാലി തൊട്ടിയില്‍ ഉബൈദ് എന്നിവരാണ് കേസിലെ ആദ്യ എട്ട് പ്രതികള്‍.
മുക്കാലി വരുത്തിയില്‍ നജീബ്, കള്ളമല മുക്കാലി മണ്ണംപറ്റ വീട്ടില്‍ ജൈജുമോന്‍, കള്ളമല മുക്കാലി ചോലയില്‍ അബ്ദുല്‍ കരീം, കള്ളമല കൊട്ടിയൂര്‍ക്കുന്ന് പുത്തന്‍പുരയ്ക്കല്‍ സജീവ്, കള്ളമല മുക്കാലി മുരിക്കട സതീഷ്, മുക്കാലി ചെരുവില്‍ ഹരീഷ്, മുക്കാലി ചെരുവില്‍ ബിജു, മുക്കാലി വിരുത്തിയില്‍ മുനീര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.