മേഖല തിരിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ വികേന്ദ്രീകരണം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി

ആധുനിക സൗകര്യങ്ങളോടെ പുത്തന്‍ 131 കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസുകള്‍ നിരത്തില്‍

രണ്ടു മാസത്തിനുള്ളില്‍ തിരുവനന്തപുരത്ത് 113 ഇബസുകള്‍
നിര്‍മിതി ബുദ്ധി ഉപയോഗിച്ചുള്ള 722 ക്യാമറകള്‍

ആറു മാസത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ ഡിപ്പോകളും നവീകരിക്കും

തിരുവനന്തപുരം: ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി 131 പുത്തന്‍ സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ചൊവ്വാഴ്ച പുറത്തിറക്കി. ഒന്നിന് 38.17 ലക്ഷം രൂപ ചെലവു വരുന്ന ബസുകള്‍ സംസ്ഥാനത്ത് ദീര്‍ഘകാലമായി ഓടുന്ന സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് പകരം ഓടും. 55 സീറ്റ് വീതമാണ് ഓരോ ബസിലും. ഓരോ സീറ്റിലും മൊബൈല്‍ ചാര്‍ജിംഗ് സംവിധാനം, ആന്റിലോക് ബ്രേക്കിംഗ് സിസ്റ്റം, ഒ.ബി.ഡി (ഓണ്‍ബോര്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ്), ട്യൂബ് ലെസ് ടയറുകള്‍, എയര്‍ സസ്പന്‍ഷന്‍, ക്യാമറകള്‍, ജി.പി.എസ്, ആളുകളെ വിളിച്ചു കയറ്റാന്‍ ഇന്‍ബില്‍റ്റ് അനൗണ്‍സ്‌മെന്റ് സംവിധാനം, പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സംവിധാനം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ബി.എസ്6 ശ്രേണിയിലുള്ള ബസുകളുടെ സഞ്ചാരം തല്‍സമയം നിരീക്ഷിക്കുന്നതിന് ഐ അലര്‍ട്ട് സംവിധാനവുമുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിംഗ് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കെ.എസ്.ആര്‍.ടി.സിക്ക് വലിയ തോതില്‍ പുതിയ ബസുകള്‍ വരുന്നതിന്റെ ഒരു ഘട്ടമാണ് പുതിയ ബസുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാവരും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുകയാണ്. മേഖലാ തലത്തില്‍ കോര്‍പ്പറേഷനെ വികേന്ദ്രീകരിക്കണം എന്ന നിര്‍ദേശം ഇനിയും നടപ്പാക്കേണ്ടതുണ്ട്. കോര്‍പ്പറേഷന്‍ നല്ല നിലയില്‍ ആക്കാന്‍ വികേന്ദ്രീകരണം അത്യാവശ്യമാണ്. അതിനായി എല്ലാവരും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു വര്‍ഷം മുമ്പ് രൂപീകരിച്ച കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് അതിവേഗം വളര്‍ച്ചയുടെ പടവുകള്‍ കയറുകയാണെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച ഗതാഗതമന്ത്രി ആന്റണി രാജു ചൂണ്ടിക്കാട്ടി. ആദ്യ ഘട്ടത്തില്‍ 116 ബസുകളും പിന്നീട് 50 ഇ ബസുകളും പുറത്തിറക്കിയ കെ.എസ്.ആര്‍.ടി.സി ഇപ്പോള്‍ 131 ബസുകളാണ് പുറത്തിറക്കിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് രണ്ടു മാസത്തിനുള്ളില്‍ 113 ഇബസുകള്‍ കെ.എസ്.ആര്‍.ടി.സി നിരത്തിലിറക്കുമെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ട് ഉപയോഗിച്ചായിരിക്കുമിത്. കിഫ്ബി ആകെ 814 കോടി കോര്‍പ്പറേഷന് അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് ആറു മാസത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘകാലമായി ഓടിക്കൊണ്ടിരിക്കുന്ന പഴയ ബസുകള്‍ ഭൂരിഭാഗവും മാറ്റി പകരം ആധുനിക സൗകര്യങ്ങളുള്ള പുത്തന്‍ ബസുകള്‍ വരും. ഇതിനുപുറമേ ഗ്രാമവണ്ടി പദ്ധതിക്ക് കീഴില്‍ അടുത്ത വര്‍ഷം ഒരു എം.എല്‍.എ ഒരു ഗ്രാമവണ്ടി ഏറ്റെടുത്താല്‍ ചുരുങ്ങിയത് 140 ഗ്രാമവണ്ടികള്‍ ഗതാഗത സജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു.
ആറു മാസത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ ഡിപ്പോകളും നവീകരിക്കും. യാത്രക്കാര്‍ക്ക് പുതിയ ഇരിപ്പിടം, ടിവി, അനൗണ്‍സ്‌മെന്റ് സംവിധാനം, കുടിവെള്ള സൗകര്യം, മൊബൈല്‍ റീചാര്‍ജ് ചെയ്യാനുള്ള പോയിന്റ് എന്നിവയുള്‍പ്പെടെ നടപ്പാക്കി ഡിപ്പോകളുടെ മുഖച്ഛായ മാറ്റും. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള 722 ക്യാമറകള്‍ ഈ മാസം 20 ഓടെ പ്രവര്‍ത്തനസജ്ജമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 20 ന് സ്വിച്ചോണ്‍ കര്‍മം നിര്‍വഹിക്കും. അന്നേദിവസം തന്നെ െ്രെഡവിംഗ് ലൈസന്‍സും ആര്‍.സി ബുക്കും സ്മാര്‍ട്ട് കാര്‍ഡ് ആക്കുന്ന പ്രക്രിയക്കും തുടക്കം കുറിക്കും. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡുകളിലെശുചിമുറികള്‍ 22 എണ്ണം ഒറ്റയടിക്ക് വൃത്തിയാക്കിയതായി മന്ത്രി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഒരു മാസം പോലും ശമ്പള കുടിശ്ശിക ഇല്ലെന്ന് ഗതാഗത മന്ത്രി അറിയിച്ചു. മാര്‍ച്ചിലെ ശമ്പളം ആണ് നല്‍കാനുള്ളത്. ഇത് സമയബന്ധിതമായി ഈ മാസം തന്നെ കൊടുത്തുതീര്‍ക്കും. എന്നാല്‍ എത്രയോ നാളുകളായി ജീവനക്കാര്‍ക്ക് ശമ്പളമില്ല എന്ന രീതിയിലാണ് പ്രചാരണമെന്നും ഇത് അഭികാമ്യമല്ലെന്നും മന്ത്രി ആന്റണി രാജു ചൂണ്ടിക്കാട്ടി. ഇന്ധന വിലവര്‍ധന മൂലം ദിനംപ്രതി കോടിക്കണക്കിന് രൂപയുടെ അധിക ചെലവാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടായത്. എങ്കിലും കോര്‍പ്പറേഷന്‍ ശമ്പളവര്‍ധന നടപ്പാക്കി. കളക്ഷനില്‍ വലിയ വര്‍ധന നേടി. 13 യാത്ര ഫ്യൂവല്‍ പമ്പുകള്‍ തുറന്നു. അടുത്ത മാസം രണ്ടെണ്ണം കൂടി പുതുതായി തുറക്കും.
തിരുവനന്തപുരത്ത് സിറ്റി സര്‍ക്കുലര്‍ സര്‍വീസ് വന്‍ വിജയമാണ്. ഒരിക്കല്‍ മുഖംതിരിച്ച കെ.എസ്.ആര്‍.ടി.സിയിലേക്ക് ഇപ്പോള്‍ ജനം മടങ്ങി വന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മേഖലാ തലത്തിലുള്ള വികേന്ദ്രീകരണ നടപടികള്‍ക്ക് വരും നാളുകളില്‍ തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരിപാടിയില്‍ അശോക് ലെയ്‌ലാന്‍ഡ് ബസ് ഹെഡ് കെ മോഹനന്‍, എസ്.എം കണ്ണപ്പ ഓട്ടോമൊബൈല്‍സ് െ്രെപവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ വൈഭവ് നാരംഗ് എന്നിവര്‍ ചേര്‍ന്ന് പ്രതീകാത്മകമായി കൈമാറിയ ബസിന്റെ രൂപം ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ ഏറ്റുവാങ്ങി. കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്, കെ.എസ്.ആര്‍.ടി.സി ജോയിന്റ് എം.ഡി പ്രമോദ് ശങ്കര്‍, വാര്‍ഡ് കൗണ്‍സിലര്‍ ജി മാധവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു