ബ്രഹ്മപുരം പുകയണയ്ക്കല്‍ അന്തിമ ഘട്ടത്തില്‍ ദൗത്യം 90 ശതമാനം പിന്നിട്ടു

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കല്‍ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 90 ശതമാനത്തിന് മുകളില്‍ വരുന്ന പ്രദേശത്തെ പുക പൂര്‍ണമായും നിയന്ത്രിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രദേശത്തുള്ള പുക കൂടി അണയ്ക്കാനുള്ള തീവ്ര ദൗത്യം ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്.
മാലിന്യ കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് ഏറെ വെല്ലുവിളിയായത്. ഇതിന് പരിഹാരമായി എസ്‌കവേറ്റര്‍/ മണ്ണുമാന്തികള്‍ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികള്‍ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പു ചെയ്താണ് പുക പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുന്നത്. ഏറെ ശ്രമകരമായ ഈ ഉദ്യമവും ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്.
രാപ്പകല്‍ വ്യത്യാസമില്ലാതെ തുടരുന്ന ദൗത്യത്തില്‍ നിലവില്‍ 170 അഗ്‌നിശമന സേനാംഗങ്ങളും, 32 എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ മാരും,11 നേവി ഉദ്യോഗസ്ഥരും, സിയാലിലെ 4 പേരും, ബി.പി.സി.എല്ലിലെ 6 പേരും, 71 സിവില്‍ ഡിഫന്‍സ് അംഗങ്ങളും, 30 കൊച്ചി കോര്‍പ്പറേഷന്‍ ജീവനക്കാരും ഉദ്യോഗസ്ഥരും, 20 ഹോം ഗാര്‍ഡുകളുമാണ് പങ്കാളികളായിരിക്കുന്നത്.
23 ഫയര്‍ യൂണിറ്റുകളും, 32 എസ്‌കവേറ്റര്‍ / ജെ.സി.ബികളും മൂന്ന് ഹൈ പ്രഷര്‍ പമ്പുകളുമാണ് നിലവില്‍ പുക അണയ്ക്കുന്നതിനായി ഉപയോഗിക്കുന്നത്.

ബ്രഹ്മപുരം തീപിടിത്തം:
ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി സന്ദര്‍ശനം നടത്തി

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി പ്ലാന്റില്‍ സന്ദര്‍ശനം നടത്തി. തീപിടിത്തം സംബന്ധിച്ചും പ്ലാന്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ചുമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ കളക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എന്‍ജിനീയര്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജോയിന്റ് ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി എന്നിവരാണ് സമിതി അംഗങ്ങള്‍.
പ്ലാന്റ് സന്ദര്‍ശിച്ച ശേഷം സമിതി അംഗങ്ങള്‍ യോഗം ചേര്‍ന്നു. വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. 90% പുക അണയ്ക്കാന്‍ കഴിഞ്ഞതായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു. എസ്‌കവേറ്ററുകളും ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥരും കോര്‍പ്പറേഷന്‍ ജീവനക്കാരും സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരും ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഏഴു സെക്ടറുകളില്‍ അഞ്ചിലെയും തീ പൂര്‍ണമായി അണച്ചതാണി കളക്ടര്‍ പറഞ്ഞു. ആഗോളതലത്തില്‍ തന്നെ അംഗീകരിച്ച തീയണയ്ക്കല്‍ രീതിയാണ് ബ്രഹ്മപുരത്ത് നടക്കുന്നത്. അതുകൊണ്ട് ഈ രീതിയില്‍ തന്നെ പുക പൂര്‍ണമായി അണയ്ക്കാനാകുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്രഹ്മപുരം ചൊവ്വാഴ്ച മുതല്‍ ആരോഗ്യ സര്‍വേ: മന്ത്രി വീണാ ജോര്‍ജ്
ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ച ആരോഗ്യ സര്‍വേ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. ജനങ്ങളുടെ ആശങ്കയകറ്റാന്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. മൊബൈല്‍ യൂണിറ്റുകളുടെ സേവനവും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ ആരോഗ്യ വകുപ്പിന്റെ സമഗ്ര അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കളമശേരി മെഡിക്കല്‍ കോളേജിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം കാക്കനാട് ഹെല്‍ത്ത് സെന്ററില്‍ ലഭ്യമാക്കും. മെഡിസിന്‍, പള്‍മണോളജി, ഒഫ്ത്താല്‍മോളജി, പീഡിയാട്രിക്, സൈക്യാട്രി, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. എല്ലാ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കും. ഇവിടെ പള്‍മണറി ഫങ്ഷന്‍ ടെസ്റ്റ് നടത്താനാകും. മൊബൈല്‍ ലാബുകളില്‍ നെബുലൈസേഷനും പള്‍മണറി ഫങ്ഷന്‍ ടെസ്റ്റിനുമുള്ള സൗകര്യങ്ങളുണ്ടാകും. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ കണ്ടെത്തി ചികിത്സിയ്ക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് നടപടി. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും ഈ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുക.
മറ്റ് രോഗമുള്ളവര്‍, കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണം. അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്. ഈ പ്രചരണങ്ങളില്‍ ആശങ്കയോ ഭയമോ വേണ്ട. കാരണം ഇങ്ങനെ പ്രചരിപ്പിക്കുന്ന പലതിനും ശാസ്ത്രീയ അടിത്തറയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ബ്രഹ്മപുരത്ത് പുകയണയ്ക്കാന്‍ ഏറ്റവും ഫലപ്രദം നിലവിലെ രീതി: വിദഗ്ധ സമിതി

കൊച്ചി: ബ്രഹ്മപുരത്ത് പുകയണയ്ക്കാന്‍ മാലിന്യം ഇളക്കി മറിച്ച് വെള്ളം പമ്പ് ചെയ്യുന്ന നിലവിലെ രീതി തന്നെയാണ് ഏറ്റവും ഫലപ്രദമെന്ന് വിദഗ്ധ സമിതി യോഗം വിലയിരുത്തി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിലാണ് വിദഗ്ധ സമിതി യോഗം ചേര്‍ന്നത്. പുക അണയ്ക്കുന്നതിന് മറ്റു മാര്‍ഗങ്ങള്‍ യോഗം ചര്‍ച്ച ചെയ്‌തെങ്കിലും ബ്രഹ്മപുരത്തെ സാഹചര്യത്തില്‍ ഇവയൊന്നും ഫലപ്രദമല്ല. തീപിടിത്തത്തെ തുടര്‍ന്ന് നിലവില്‍ അവശേഷിക്കുന്ന പുക പൂര്‍ണമായും അണയ്ക്കുന്നതിനും ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുമുള്ള നിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു. പുക ഉയരുമ്പോള്‍ അന്തരീക്ഷത്തിലുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് വിദഗ്ധ സമിതി വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു. തീയും പുകയും പൂര്‍ണ്ണമായി അണയ്ക്കുന്നതിനാണ് പ്രാഥമിക പരിഗണന. തീപിടിത്ത സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ ഇന്‍ഫ്രാറെഡ് തെര്‍മല്‍ ക്യാമറകളും എച്ച് എച്ച് ഗ്യാസ് മോണിറ്ററുകളും വാങ്ങാന്‍ തീരുമാനിച്ചു.
പുക ഉയരുന്ന സാഹചര്യത്തില്‍ റിസ്‌ക് അനാലിസിസ് നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കി. തീപിടിത്തത്തെ തുടര്‍ന്ന് പ്ലാന്റില്‍ അവ ശേഷിക്കുന്ന ചാരം ഉടന്‍ നീക്കാനും യോഗം നിര്‍ദേശിച്ചു. എം.ജി. സര്‍വകലാശാലയിലെയും കുസാറ്റിലെയും പരിസ്ഥിതി ശാസ്ത്രജ്ഞര്‍, കുസാറ്റിലെ അഗ്‌നി സുരക്ഷാ വിഭാഗം, എന്‍ ഐ ഐ എസ് ടി, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് എന്നിവിടങ്ങളിലെ വിദഗ്ധരും ദുരന്ത നിവാരണ അതോറിറ്റി, ഫയര്‍ ആന്റ് റെസ്‌ക്യൂ, കേന്ദ്ര സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.