ബഡ്സ് കലോത്സവം’തില്ലാന’-2025 മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

മറ്റുകുട്ടികളെ പോലെ തന്നെ കലാകായിക മേഖലകളില്‍ സര്‍ഗാത്മകശേഷിയുള്ള ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ പ്രതിഭയെ സമൂഹത്തിന് മുന്നില്‍ അടയാളപ്പെടുത്തേണ്ടതുണ്ട്. അതിനുളള വേദിയാണ് ബഡ്സ് കലോത്സവം. പരിമിതികളെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ ജീവിതത്തില്‍ മുന്നേറാന്‍ കരുത്തു നല്‍കുന്നതിനൊപ്പം അവരുടെ അതിജീവനപരിശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനും ബഡ്സ് കലോത്സവങ്ങള്‍ക്ക് കഴിയുന്നു. ഭിന്നശേഷിക്കാരുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെ ലക്ഷ്യങ്ങളാണ് ഇതിലൂടെ സാധ്യമാകുന്നത്.

 

 

സംഘാടകസമിതി തയ്യാറാക്കിയ കലോത്സവ സുവനീര്‍ പ്രകാശനം എം.നൗഷാദ് എം.എല്‍.എ മന്ത്രി കെ.എന്‍ ബാലഗോപാലിന് നല്‍കി നിര്‍വഹിക്കുന്നു.

കൊല്ലം: കലയുടെ അരങ്ങില്‍ സര്‍ഗാത്മകതയുടെ പൂമൊട്ടുകള്‍ വിരിഞ്ഞു. നൃത്ത സംഗീത വാദ്യമേളങ്ങളോടെ കലാസ്വാദനത്തിന്‍റെ പുതിയ ഭാവങ്ങളുമായി കുടുംബശ്രീ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം ‘തില്ലാന’ 2025 കൊടിയേറി. ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തില്‍  തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ബഡ്സ് കലോത്സവം’തില്ലാന’-2025 ഉദ്ഘാടനം ചെയ്തു. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി.

ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്രമായ മുന്നേറ്റത്തിന് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു രുന്ന ബഡ്സ് കലോത്സവങ്ങള്‍ സുപ്രധാന പങ്കു വഹിക്കുന്നുവെന്ന് കലോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മുഖ്യമന്ത്രി നേരിട്ടു വിലയിരുത്തുന്ന ഈ പദ്ധതിയില്‍ ഭിന്നശേഷിക്കാരുടെ സര്‍വതോന്‍മുഖമായ പുരോഗതിക്കായി കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കും. മറ്റുകുട്ടികളെ പോലെ തന്നെ കലാകായിക മേഖലകളില്‍ സര്‍ഗാത്മകശേഷിയുള്ള ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ പ്രതിഭയെ സമൂഹത്തിന് മുന്നില്‍ അടയാളപ്പെടുത്തേണ്ടതുണ്ട്. അതിനുളള വേദിയാണ് ബഡ്സ് കലോത്സവം. പരിമിതികളെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ ജീവിതത്തില്‍ മുന്നേറാന്‍ കരുത്തു നല്‍കുന്നതിനൊപ്പം അവരുടെ അതിജീവനപരിശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനും ബഡ്സ് കലോത്സവങ്ങള്‍ക്ക് കഴിയുന്നു. ഭിന്നശേഷിക്കാരുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെ ലക്ഷ്യങ്ങളാണ് ഇതിലൂടെ സാധ്യമാകുന്നത്.

നിലവില്‍ സംസ്ഥാനമൊട്ടാകെ 166 ബഡ്സ് സ്കൂളുകളും 212 ബഡ്സ് പുനരധിവാസ കേന്ദ്രങ്ങളും ഉള്‍പ്പെടെ 378 ബഡ്സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു കൊണ്ടാണ് ബഡ്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. ഈ സ്ഥാപനങ്ങളിലൂടെ 13081 പരിശീലനാര്‍ത്ഥികള്‍ക്ക് അവരുടെ ദൈനംദിന ജീവിതം, പുനരധിവാസം, തൊഴില്‍ പരിശീലനം എന്നിവയ്ക്ക് കുടുംബശ്രീ പിന്തുണ നല്‍കുന്നു. 97 ബഡ്സ് സ്ഥാപനങ്ങള്‍ക്ക് വാഹനം ലഭ്യമാക്കി. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടത്തുന്ന പരിപാടികളില്‍ ബഡ്സ് വിദ്യാര്‍ത്ഥികള്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളോ അല്ലെങ്കില്‍ പുസ്തകങ്ങളോ മാത്രമേ ഉപഹാരമായി നല്‍കാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി എല്ലാ മത്സരാര്‍ത്ഥികളെയും കലോത്സവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും അഭിനന്ദിച്ചു.

ജാതിമത ഭേദമന്യേ കല കുട്ടികളെ സ്വാധീനിക്കുന്നുവെന്നും ബഡ്സ് കലോത്സവങ്ങള്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ വളര്‍ച്ചയ്ക്ക് ഏറെ സഹായകമാകുന്നുണ്ടെന്നും സ്വാഗത പ്രസംഗത്തില്‍ എം. മുകേഷ് എം.എല്‍ എ പറഞ്ഞു.

ഭിന്നശേഷിക്കാരായ കുട്ടികളില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകള്‍ വളര്‍ത്തി അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനുള്ള കുടുംബശ്രീയുടെ പരിശ്രമങ്ങള്‍ അഭിമാനകരമായ ദൗത്യമാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.
സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിയും വിധം ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികളെ പ്രാപ്തരാക്കുന്നതോടൊപ്പം അവരുടെ രക്ഷിതാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനും സാധിച്ചുവെന്നതാണ് കുടുംബശ്രീയുടെ നേട്ടമെന്ന് മുഖ്യപ്രഭാഷണത്തില്‍ ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഉജജ്വല ബാല്യ പുരസ്കാരം നേടിയ തിരുനെല്ലി ബഡ്സ് പാരഡൈസ് സ്കൂളിലെ വിദ്യാര്‍ത്ഥി അജു വി.ജെ, കൊല്ലം നഗരസഭയിലെ അമ്പാടി ബാലസഭാംഗമായ ശ്രുതി സാന്ദ്ര എന്നിവര്‍ക്കുള്ള കുടുംബശ്രീയുടെ ആദരമായി മെമന്‍റോയും അദ്ദേഹം സമ്മാനിച്ചു.

സംഘാടകസമിതി തയ്യാറാക്കിയ കലോത്സവ സുവനീര്‍ പ്രകാശനം എം.നൗഷാദ് എം.എല്‍.എ മന്ത്രി കെ.എന്‍ ബാലഗോപാലിന് നല്‍കി നിര്‍വഹിച്ചു. ബഡ്സ് തീം ഉല്‍പന്ന വിപണന സ്റ്റാളിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ ഗോപന്‍ നിര്‍വഹിച്ചു.

സാധാരണക്കാരായ കുട്ടികള്‍ക്കൊപ്പം ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകളും അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും ബഡ്സ് കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ കുട്ടികള്‍ക്ക് കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വലിയ അവസരമാണ് കൈവരുന്നതെന്നും പദ്ധതി വിശദീകരണത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ പറഞ്ഞു.

കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ ഗീതാ കുമാരി, എസ്.ജയന്‍, എ.കെ സവാദ്, വാര്‍ഡ് കൗണ്‍സിലര്‍ ഹണി ബഞ്ചമിന്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത്, സി.ഡി.എസ് അധ്യക്ഷമാരായ സുജാത രതികുമാര്‍, സിന്ധു വിജയന്‍ എന്നിവര്‍ ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വിമല്‍ ചന്ദ്രന്‍ ആര്‍ കൃതജ്ഞത അറിയിച്ചു.