തിരുവനന്തപുരം: സിഡിറ്റിന്റെ (സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി 35ാം സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എക്‌സിബിഷനും നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും വ്യവസായ, നിയമവകുപ്പ് മന്ത്രി പി.രാജീവ് നിര്‍വഹിച്ചു. തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തെ സിഡിറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട സാങ്കേതിക വിദ്യകളുടെ അപൂര്‍വ്വമായ പ്രദര്‍ശനമാണ് ഒരുക്കിയത്.
വേഗമേറിയ ലോകത്തിനൊപ്പം സഞ്ചരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സാങ്കേതിക വിദ്യയും സ്ഥാപനങ്ങളും കാലഹരണപ്പെട്ട് പോകുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പോര്‍ട്ടല്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് സഹായകമാകുന്ന വെബ്‌പോര്‍ട്ടലുകള്‍ സിഡിറ്റ് വികസിപ്പിച്ചിട്ടുണ്ട്. ഇവ കൂടുതല്‍ വികസിതമായി മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രയത്‌നങ്ങളാണ് സിഡിറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വി.കെ പ്രശാന്ത് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍ പാളയം രാജന്‍ ആശംസകള്‍ അറിയിച്ചു. സിഡിറ്റ് ഡയറക്ടര്‍ ജയരാജ് ജി., രജിസ്ട്രാര്‍ ജയദേവ് ആനന്ദ് എ.കെ എന്നിവര്‍ പങ്കെടുത്തു.