സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കുള്ള ‘അംഗസമാശ്വാസ പദ്ധതി’; ധനസഹായ വിതരണം തുടങ്ങി

തിരുവനന്തപുരം: അവശതയനുഭവിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്ക് സഹായധനം നല്‍കുന്നതിനുള്ള അംഗസമാശ്വാസ പദ്ധതിയുടെ ധനസഹായ വിതരണം തുടങ്ങി. സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗ സമാശ്വാസ പദ്ധതി തിരുവനന്തപുരം ജില്ലാതല വിതരണോദ്ഘാടനം കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. വായ്പ, നിക്ഷേപം തുടങ്ങിയ അടിസ്ഥാന ചുമതലകള്‍ക്കപ്പുറം സഹകരണ മേഖലയുടെ ജനകീയ മുഖമാണ് പദ്ധതി വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ 417 ഗുണഭോക്താക്കള്‍ക്കായി അനുവദിച്ച 1,03,05,000 രൂപയുടെ വിതരണോദ്ഘാടനമാണ് നിര്‍വഹിച്ചത്. അര്‍ബുദം, വൃക്കരോഗം തുടങ്ങിയ ഗുരുതര അസുഖങ്ങള്‍ ബാധിച്ചവര്‍, വാഹനാപകടത്തില്‍പ്പെട്ട് അംഗവൈകല്യം സംഭവിച്ചവര്‍, മാതാപിതാക്കള്‍ എടുത്ത വായ്പയ്ക്ക് ബാദ്ധ്യതപ്പെട്ട കുട്ടികള്‍, പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ട് വീടും അനുബന്ധ സ്വത്ത് വകകളും നഷ്ടപ്പെട്ടവര്‍ എന്നിങ്ങനെ പ്രയാസമനുഭവിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്ക് ആശ്വാസമേകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്താകമാനം 10721 ഗുണഭോക്താക്കള്‍ക്ക് 21,36,80,000 രൂപയാണ് വിതരണം ചെയ്യുന്നത്.
പരിപാടിയില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ. അദ്ധ്യക്ഷനായി. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ഇ.നിസാമുദ്ദീന്‍, തിരുവനന്തപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പുത്തന്‍കട വിജയന്‍, ഉള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മുരളി , ബാലചന്ദ്രന്‍, ഷെരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.