ചരക്കു സേവന വകുപ്പ് പുനഃസംഘടനയ്ക്ക് അംഗീകാരമായി: മന്ത്രി കെ.എന്‍. ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാന ചരക്കു സേവന നികുതി (ജി.എസ്.ടി) വകുപ്പിന്റെ പുനഃസംഘടനയ്ക്കു സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുതിയ നികുതി നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും കാലോചിതമായ പരിഷ്‌കരണം ഉണ്ടാക്കുന്നതിനായാണു പുനഃസംഘാടനം നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പുനഃസംഘടനയനുസരിച്ച് നികുതിദായക സേവന വിഭാഗം, ഓഡിറ്റ് വിഭാഗം, ഇന്റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം എന്നിങ്ങനെ മൂന്നു പ്രധാന വിഭാഗങ്ങള്‍ ഇനി വകുപ്പിലുണ്ടാകും.
രജിസ്‌ട്രേഷന്‍, റിട്ടേണ്‍ സമര്‍പ്പണം ഇതു സംബന്ധിച്ച പരിശോധനകള്‍, റീഫണ്ടുകള്‍, തര്‍ക്ക പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്നിവ നിര്‍വഹിക്കപ്പെടുന്ന വിഭാഗമാണ് നികുതിദായക സേവന വിഭാഗം. റിട്ടേണുകളുടെ സൂക്ഷ്മപരിശോധനകള്‍, ഓഡിറ്റ് തുടങ്ങിയ പതിവ് റവന്യൂ മോണിറ്ററിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഓഡിറ്റ് വിഭാഗം. ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയ്ക്കായുള്ള ഇന്റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍ 41 ഇന്റലിജന്‍സ് യൂണിറ്റുകളും 47 എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റുകളും ഉള്‍പ്പെടും.


മൂന്ന് വിഭാഗങ്ങള്‍ക്കും, നിലവിലുള്ള മറ്റു വിഭാഗങ്ങള്‍ക്കും പുറമെ, ടാക്‌സ് റിസര്‍ച്ച് ആന്‍ഡ് പോളിസി സെല്‍, റിവ്യൂ സെല്‍, സി ആന്‍ഡ് എ.ജി സെല്‍, അഡ്വാന്‍സ് റൂളിംഗ് സെല്‍, പബ്ലിക് റിലേഷന്‍സ് സെല്‍, സെന്‍ട്രല്‍ രജിസ്‌ട്രേഷന്‍ യൂണിറ്റ്, ഇന്റര്‍ അഡ്മിനിസ്‌ട്രേഷന്‍ കോ-ഓര്‍ഡിനേഷന്‍ സെല്‍ എന്നിവ ആസ്ഥാന ഓഫീസ് കേന്ദ്രീകരിച്ച് പുതുതായി സൃഷ്ടിക്കും.
വകുപ്പില്‍ നിലവിലുള്ള ലോ ഓഫീസുകള്‍, അപ്പീല്‍ ഓഫീസുകള്‍, ഐ.ടി മാനേജ്‌മെന്റ് സെല്‍, ലീഗല്‍ സെല്‍, ട്രെയിനിംഗ് സെല്‍, ഇന്റേണല്‍ ഓഡിറ്റ് & വിജിലന്‍സ് സെല്‍, സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് സെല്‍, അഡ്മിനിസ്‌ട്രേഷന്‍ സെല്‍ എന്നിവയുടെ ഘടനയില്‍ പുതിയ ഘടനയ്ക്കനുസരിച്ച് മാറ്റം വരുത്തിയിട്ടുണ്ട്.
15 നികുതി ജില്ലകളും (എറണാകുളം റവന്യൂ ജില്ലയെ എറണാകുളമെന്നും, ആലുവ എന്നുമുള്ള രണ്ട് നികുതി ജില്ലകളായി തിരിച്ചിരിക്കുന്നു). ഇതിനു കീഴില്‍ 31 നികുതിദായക ഡിവിഷനുകളും അവയ്ക്കു താഴെ 94 നികുതിദായക യൂണിറ്റുകളും ഉള്‍പ്പെടുന്ന നികുതിദായക സേവന വിഭാഗമാകും വകുപ്പില്‍ ഉണ്ടാവുക. പിന്‍കോഡുകള്‍ സൂചിപ്പിക്കുന്ന വിജ്ഞാപനത്തിലൂടെ ഓരോ നികുതിദായക സേവന യൂണിറ്റുകളുടേയും അധികാര പരിധി നിര്‍ണയിക്കപ്പെടും.
റിട്ടേണ്‍ ഫയലിംഗ് ട്രാക്കിംഗ്, പ്രതിമാസ റിട്ടേണ്‍ പരിശോധന എന്നിവയ്ക്കായി ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍/ അസിസ്റ്റന്റ് ടാക്‌സ് ഓഫീസര്‍ എന്നിവരെ കൂടി ചുമതലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
നിലവിലുളള എല്ലാ ഗങഘ, ഗഏടഠ, ലക്ഷ്വറി ടാക്‌സ്, ഢഅഠ ഇവ സംബന്ധിച്ച മറ്റു നിയമപരമായ കാര്യങ്ങള്‍ എന്നിവ അതത് നികുതിദായകരുടെ അധികാര പരിധിയില്‍ വരുന്ന ബന്ധപ്പെട്ട നികുതിദായക സേവന യൂണിറ്റില്‍ നിര്‍വ്വഹിക്കപ്പെടും.
ജി.എസ്.ടി ആക്ട് അനുസരിച്ച് റിസ്‌ക് പ്രൊഫൈലിംഗ് അടിസ്ഥാനമാക്കി തെരഞ്ഞെടുക്കപ്പെടുന്ന നികുതിദായകരുടെ ഓഡിറ്റ് ജോലി നിര്‍വ്വഹിക്കുന്നതിന് ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഏഴ് സോണുകളിലായി 140 ഓഡിറ്റ് ടീമുകളെ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഓഡിറ്റിന്റെ ഏകോപനത്തിനായി ഒരു അഡിഷണല്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ ഓഡിറ്റ് ആസ്ഥാനം പ്രവര്‍ത്തിക്കും.
ഘടനാപരമായി പുനഃസംഘടിപ്പിക്കുന്ന വകുപ്പിന്റെ പുതിയ വിംഗുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓഫീസര്‍മാരുടെ ആവശ്യകത പരിഹരിക്കുന്നതിനായി അസിസ്റ്റന്റ് കമ്മിഷണര്‍/ സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ തസ്തികയെ ഉയര്‍ത്തി ഡെപ്യൂട്ടി കമ്മിഷണര്‍ കേഡറില്‍ 24 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമയി അസിസ്റ്റന്റ് കമ്മിഷണര്‍/ സ്റ്റേറ്റ് ടാക്‌സ് ഓഫീസറുടെ നിലവിലെ അംഗബലം അതേപടി നിലനിര്‍ത്തുന്നതിന് 24 ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍/ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ തസ്തികകളെ അപ്‌ഗ്രേഡ് ചെയ്യാനും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ തസ്തികയുടെ കേഡര്‍ സ്‌ട്രെങ്ത് 981 ല്‍ നിന്നും 1361 ആക്കി ഉയര്‍ത്താനും തീരുമാനിച്ചു. ഇതിനായി 52 ഹെഡ് ക്ലര്‍ക്ക് തസ്തികകളെയും 376 സീനിയര്‍ ക്ലര്‍ക്ക് തസ്തികകളേയും അപ്‌ഗ്രേഡ് ചെയ്യാന്‍ തീരുമാനിച്ചു.
നിലവിലുള്ള തസ്തികയുടെ ശമ്പളത്തിലും അലവന്‍സിലും/ ശമ്പള സ്‌കെയിലിലും യാതൊരു വ്യത്യാസവുമില്ലാതെ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ (എച്ച്.ജി) തസ്തിക ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ തസ്തികയായും സീനിയര്‍ ക്ലാര്‍ക്ക് തസ്തിക സീനിയര്‍ ടാക്‌സ് അസിസ്റ്റന്റ് തസ്തികയായും ക്ലറിക്കല്‍ അറ്റന്‍ഡര്‍ തസ്തിക ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികയായും സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റ് തസ്തിക സെലക്ഷന്‍ ഗ്രേഡ് കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയായും സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ് തസ്തിക സീനിയര്‍ ഗ്രേഡ് കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയായും യു.ഡി. ടൈപ്പിസ്റ്റ് തസ്തിക കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയായും പുനര്‍ നാമകരണം ചെയ്യാനും തീരുമാനിച്ചു.
വകുപ്പിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി സ്ഥാനക്കയറ്റം, റിക്രൂട്ട്‌മെന്റ് മുതലായവയ്ക്കായി കര്‍ശനമായ യോഗ്യതകളും വിലയിരുത്തലുകളും ഉള്‍ക്കൊള്ളുന്ന ഒരു തുടര്‍ ശുപാര്‍ശ സമര്‍പ്പിക്കാന്‍ വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ജി.എസ്.ടി നിയമത്തിലെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി സീനിയര്‍ ക്ലര്‍ക്ക് ഉള്‍പ്പെടെയുള്ള വിവിധ തസ്തികകളെ വിജ്ഞാപനത്തിലൂടെ നോട്ടിഫൈ ചെയ്യുന്നതിന് കമ്മീഷണര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.