ആരോഗ്യ വകുപ്പില്‍ ഇ ഓഫീസ് സംവിധാനം വേഗത്തിലാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ഇ ഓഫീസും പഞ്ചിംഗും യാഥാര്‍ഥ്യമായി. ആരോഗ്യ വകുപ്പിന്റെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇ ഓഫീസ്, പഞ്ചിംഗ് സംവിധാനങ്ങളിലൂടെ സാക്ഷാത്ക്കരിച്ചത്. ഈ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിന് 86.39 ലക്ഷം രൂപയാണ് അനുവദിച്ചത്. ഡയറക്ടറേറ്റില്‍ ഐടി സെല്‍ രൂപീകരിക്കുകയും ഐടി നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ടീമിനെ സജ്ജമാക്കുകയും ചെയ്തു. ഒട്ടേറെ തടസങ്ങള്‍ നീക്കി ജീവനക്കാരുടെ പിന്തുണയോടെയാണ് ഇ ഓഫീസും പഞ്ചിംഗ് സംവിധാനവും സജ്ജമാക്കിയതെന്ന് സംവിധാനം ഉദ്ഘാടനം ചെയ്ത് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.
ഏറ്റവുമധികം ജീവനക്കാര്‍ ജോലിചെയ്യുന്ന ഡയറക്ടറേറ്റുകളിലൊന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ്. ജനങ്ങളുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ഓഫീസാണിത്. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഓണ്‍ലൈനിലേക്ക് ചുവടുമാറുമ്പോള്‍ ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ സഹായകമാകും. ജില്ലാ മെഡിക്കല്‍ ഓഫീസുകളില്‍ ഇ ഓഫീസ് സജ്ജമാക്കി വരുന്നു. ഘട്ടം ഘട്ടമായി ആരോഗ്യ വകുപ്പിനെ പൂര്‍ണമായും ഇ ഓഫീസ് സംവിധാനത്തില്‍ കൊണ്ടുവരും.
ജൂലൈ ആദ്യം മുതല്‍ ട്രയല്‍ റണ്‍ നടത്തിയാണ് ഡയറക്ടറേറ്റില്‍ ഇ ഓഫീസ് യാഥാര്‍ത്ഥ്യമാക്കിയത്. 1300 ഓളം ഫയലുകള്‍ സ്‌കാന്‍ ചെയ്ത് ഇ ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. നാലു പഞ്ചിംഗ് മെഷീനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ജീവനക്കാരുടെ രജിസ്ട്രേഷന്‍ ഒരാഴ്ചയായി നടന്നു വരുന്നു. ബയോമെട്രിക് പഞ്ചിംഗിലെ കാലതാമസം ഒഴിവാക്കാന്‍ കെല്‍ട്രോണ്‍ മുഖേന ചിപ്പ് ഐഡി കാര്‍ഡ് നല്‍കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി.പി. പ്രീത, അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. കെ.ജെ. റീന, ഡോ. കെ.എസ്. ഷിനു, ഡോ. സി.കെ. ജഗദീശന്‍, ഡോ. ബിപിന്‍ ഗോപാല്‍, ഐ.ടി. നോഡല്‍ ഓഫീസര്‍ ഡോ. എം.ജെ. അജന്‍ എന്നിവര്‍ സംസാരിച്ചു.