പ്രവേശനോത്സവം ആഘോഷമാക്കി കാഴ്ചപരിമിതര്‍ക്കുള്ള വിദ്യാലയത്തിലെ കുരുന്നുകള്‍

തിരുവനന്തപുരം: നാളുകള്‍ക്കു ശേഷം കൂട്ടുകാര്‍ക്കൊപ്പമെത്തിയതിന്റെ ആവേശത്തിലായിരുന്നു വഴുതക്കാട് കാഴ്ചപരിമിതര്‍ക്കുള്ള സര്‍ക്കാര്‍ വിദ്യാലയത്തിലെ കുരുന്നുകള്‍. പ്രിയപ്പെട്ട കൂട്ടുകാരെ തിരിച്ചറിയാന്‍ ശബ്ദവും സാമീപ്യവും അവര്‍ക്കു ധാരാളമായിരുന്നു. പുത്തനുടുപ്പും പുതിയ പ്രതീക്ഷകളുമായി എത്തിയ വിദ്യാര്‍ഥികളെ മധുരം നല്‍കിയാണ് സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചത്. പാട്ടു പാടിയും കുസൃതികള്‍ പങ്കുവെച്ചും കുട്ടികള്‍ പ്രവേശനോത്സവം ആഘോഷമാക്കി. പ്രവേശനോത്സവം സീരിയല്‍ ആര്‍ട്ടിസ്റ്റ് മനീഷാ മഹേഷ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് മധുരം നല്‍കി മനീഷയും സന്തോഷത്തില്‍ പങ്കുചേര്‍ന്നു.
ഈ അധ്യയന വര്‍ഷത്തില്‍ പുതുതായി പ്രവേശനം നേടിയ അഞ്ചു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആകെ 60 വിദ്യാര്‍ഥികളാണ് നിലവില്‍ വിദ്യാലയത്തിലുള്ളത്. വിദ്യാര്‍ഥികള്‍ക്കു താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്. ഏഴാം തരം വരെയുള്ള കുട്ടികളാണ് വിദ്യാലയത്തില്‍ പഠിക്കുന്നത്. തിരുവനന്തപുരം ജില്ലയ്ക്ക് പുറമേ മറ്റു മൂന്നു സമീപ ജില്ലകളിലെ വിദ്യാര്‍ഥികളും ഇവിടെയുണ്ട്.
പ്രഥമാധ്യാപകന്‍ ബി. വിനോദ്, പി.ടി.എ. പ്രസിഡന്റ് ജയലക്ഷ്മി, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ജിലു, എസ്.എസ്.ആര്‍.ജി കണ്‍വീനര്‍ എസ്. സതീഷ്, സ്റ്റാഫ് സെക്രട്ടറി ഹബി എ, സീനിയര്‍ അസിസ്റ്റന്റ് സ്മിത ടൈറ്റസ് എന്നിവര്‍ പങ്കെടുത്തു.