തിരുവനന്തപുരം: ആദ്യതവണ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ നട്ട തെങ്ങ് നിറഞ്ഞ കായ്ഫലമോടെ നില്‍ക്കുന്നത് കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍കോട് പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ച ‘കേരശ്രീ’ ഇനത്തില്‍പ്പെട്ട തെങ്ങാണ് ഇപ്പോള്‍ 18 കുല തേങ്ങയുമായ് നിറവോടെ സെക്രട്ടേറിയറ്റ് ഗാര്‍ഡനില്‍ നില്‍ക്കുന്നത്.
2016 സെപ്റ്റംബര്‍ എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയന് ഗാര്‍ഡനില്‍ തെങ്ങിന്റെ തൈ നട്ടത്. അന്നത്തെ കൃഷിമന്ത്രി വി.എസ് സുനില്‍കുമാറും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും ഒപ്പം തൈ നട്ടിരുന്നു.
ഇതിനുപുറമേ കഴിഞ്ഞ അഞ്ചുവര്‍ഷവും ഓണത്തിനൊരു മുറം പച്ചക്കറി കൃഷിയും സെക്രട്ടേറിയറ്റ് ഗാര്‍ഡനില്‍ തൈനട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാറുണ്ട്. കഴിഞ്ഞ വര്‍ഷം പരിസ്ഥിതി ദിനത്തില്‍ മുഖ്യമന്ത്രി ഫലവൃക്ഷത്തൈകളും നട്ടിരുന്നു. ഇത്തരത്തില്‍ നട്ട കോട്ടൂര്‍ക്കോണം മാവും മികച്ച രീതിയില്‍ വളര്‍ന്നുവരുന്നുണ്ട്.
വെള്ളിയാഴ്ച ഈ വര്‍ഷത്തെ ഓണത്തിനൊരു മുറം പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ സെക്രട്ടേറിയറ്റ് ഗാര്‍ഡനില്‍ എത്തിയപ്പോഴാണ് ആദ്യമായി ഇതേ ഗാര്‍ഡനില്‍ നട്ട തെങ്ങ് കാണാനുള്ള കൗതുകത്തോടെ മുഖ്യമന്ത്രി ചെന്നത്. തെങ്ങ് വളര്‍ന്നതും 18 കുലയോളം തേങ്ങയുമായി നില്‍ക്കുന്നത് കണ്ട് മികച്ച അഭിപ്രായം രേഖപ്പെടുത്തിയാണ് അദ്ദേഹം മടങ്ങിയത്.
സെക്രട്ടേറിയറ്റ് ഗാര്ഡന് സൂപ്പര്‍വൈസര്‍ സുരേഷ്കുമാറിന്റെ നേതൃത്വത്തിലാണ് ഗാര്‍ഡനിലെ മരങ്ങളും കൃഷിയും പരിപാലിക്കുന്നത്. എല്ലാ വര്‍ഷവും മികച്ച വിളവെടുപ്പാണ് പച്ചക്കറികൃഷിയിലൂടെ സെക്രട്ടേറിയറ്റ് ഗാര്‍ഡനില്‍ ഉണ്ടാകാറുള്ളത്.