സെപ്റ്റംബര്‍ 19 വരെ 100 ദിന കര്‍മ്മ പരിപാടി നടപ്പാക്കും മുഖ്യമന്ത്രി

 നടപ്പാക്കുന്നത് 2464.92 കോടി രൂപയുടെ പദ്ധതികള്‍.ഈ നൂറു ദിന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ്, റീബില്‍ഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന സുപ്രധാന പദ്ധതിയുടെ രൂപരേഖ കെ.ഡിസ്‌കിന്റെ ആഭിമുഖ്യത്തില്‍ പൂര്‍ത്തിയാക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 11 മുതല്‍ സെപ്തംബര്‍ 19 വരെ 100 ദിന കര്‍മ്മ പരിപാടിക്ക് തുടക്കം കുറിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ആരോഗ്യം വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും സാമ്പത്തിക വളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കാനും ഗുണമേന്‍മയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള നയങ്ങള്‍ക്കും പരിപാടികള്‍ക്കുമാണ് കര്‍മ്മപരിപാടിയില്‍ പ്രാധാന്യം നല്‍കുന്നത്. ശാസ്ത്ര സാങ്കേതിക മേഖലയിലും നൈപുണ്യ വികസന രംഗത്തും ശ്രദ്ധകേന്ദ്രീകരിച്ച് വിജ്ഞാനത്തിലധിഷ്ഠിതമായ സമ്പദ്ഘടനയുടെ നിര്‍മ്മിതി സാധ്യമാക്കുകയാണ് ലക്ഷ്യം.
അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സാമ്പത്തിക, സാമൂഹിക അസമത്വങ്ങള്‍ ഇല്ലായ്മ ചെയ്യല്‍, പ്രകൃതി സൗഹൃദ വികസന പരിപ്രേക്ഷ്യം നടപ്പില്‍ വരുത്തല്‍, ആരോഗ്യകരമായ നാഗരിക ജീവിതത്തിന് അനുയോജ്യമാംവിധം ആധുനിക ഖരമാലിന്യസംസ്‌കരണ രീതി അവലംബിക്കല്‍ എന്നിവയ്ക്ക് അതീവ ശ്രദ്ധ നല്‍കും. കാര്‍ഷികമേഖലയില്‍ ഉല്‍പാദന വര്‍ദ്ധനവിനൊപ്പം വിഷരഹിതമായ ആഹാര പദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണവും പ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള സമയബന്ധിത ആസൂത്രണത്തിന്റെ ഭാഗമായാണ് 100 ദിനപരിപാടി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ നൂറു ദിന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ്, റീബില്‍ഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന സുപ്രധാന പദ്ധതിയുടെ രൂപരേഖ കെ.ഡിസ്‌കിന്റെ ആഭിമുഖ്യത്തില്‍ പൂര്‍ത്തിയാക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ 1000 ല്‍ 5 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ കരട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കും.
വിവിധ വകുപ്പുകളുടെ കീഴില്‍ പ്രത്യക്ഷമായും പരോക്ഷമായും ഉദ്ദേശം 77,350 തൊഴിലവസരങ്ങളാണ് നൂറുദിവസത്തിനുള്ളില്‍ സൃഷ്ടിക്കുന്നത്.
വ്യവസായ വകുപ്പ് 10,000, സഹകരണം 10,000, കുടുംബശ്രീ 2,000, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ 2,000, വനിതാവികസന കോര്‍പ്പറേഷന്‍ 2,500, പിന്നോക്കവികസന കോര്‍പ്പറേഷന്‍ 2,500, പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ 2,500, ഐ.ടി. മേഖല 1000, തദ്ദേശ സ്വയംഭരണ വകുപ്പ് 7,000 (യുവ വനിതാ സംരംഭകത്വ പരിപാടി 5000, സൂക്ഷ്മ സംരംഭങ്ങള്‍ 2000), ആരോഗ്യവകുപ്പ് 4142 (പരോക്ഷമായി), മൃഗസംരക്ഷണ വകുപ്പ് 350 (പരോക്ഷമായി), ഗതാഗത വകുപ്പ് 7500, റവന്യൂ വകുപ്പില്‍ വില്ലേജുകളുടെ റീസര്‍വ്വേയുടെ ഭാഗമായി 26,000 സര്‍വ്വേയര്‍, ചെയിന്‍മാന്‍ എന്നിവരുടെ തൊഴിലവസരങ്ങള്‍ അടങ്ങിയിട്ടുണ്ട്.
നൂറുദിന പരിപാടിയുടെ നടപ്പാക്കല്‍ പുരോഗതി നൂറു ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പ്രത്യേകം അറിയിക്കും.