ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ക്കു വിരുദ്ധമായി പൗരത്വം നിര്‍ണയിക്കാന്‍ ആര്‍ക്കും അധികാരമില്ല
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളം മുന്‍പു സ്വീകരിച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നും ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ക്കു വിരുദ്ധമായി പൗരത്വം നിര്‍ണയിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വലിയ തോതില്‍ വര്‍ഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഒരു വിഭാഗം ജനങ്ങളില്‍ പ്രത്യേകമായ അരക്ഷിതാവസ്ഥയും ആശങ്കയുമുണ്ടാക്കുന്നുണ്ട്. മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുക എന്നതു രാജ്യത്തിനു ചേരുന്ന നടപടിയല്ല. പൗരത്വം മതാടിസ്ഥാനത്തില്‍ നിര്‍ണയിക്കേണ്ട ഒന്നല്ല. ഇതു സംബന്ധിച്ച കേന്ദ്ര നിലപാടില്‍ രാജ്യത്ത് ആദ്യമേ അറച്ചുനില്‍പ്പില്ലാതെ നിലപാടു പരസ്യമായി പ്രഖ്യാപിച്ച സംസ്ഥാനമാണു കേരളം. പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ല എന്നായിരുന്നു നിലപാട്. ഇതുമായി ബന്ധപ്പെട്ടു വലിയ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. കേന്ദ്രം നിലപാടെടുത്താല്‍ അതില്‍നിന്നു വ്യത്യസ്തമായ നിലപാടു സ്വീകരിക്കാന്‍ സംസ്ഥാനത്തിനാകുമോ എന്നായിരുന്നു ചോദ്യങ്ങള്‍. അവിടെയാണ് ബദലിന്റെ കാമ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷത സംരക്ഷിക്കാനാണു ഭരണഘടന നിലകൊള്ളുന്നത്. മതനിരപേക്ഷതയാണു ഭരണഘടന ഉറപ്പുനല്‍കുന്നത്. ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ക്കു വിരുദ്ധമായി പൗരത്വം നിര്‍ണയിക്കാന്‍ ആര്‍ക്കും അധികാരമില്ല. അത്തരം പ്രശ്നം ഉയര്‍ന്നുവരുമ്പോള്‍ ഭരണഘടനയാണ് ഉയര്‍ന്നു നില്‍ക്കുന്നത്. ഭരണഘടനയിലെ കാര്യങ്ങള്‍വച്ചാണു കേരളം നിലപാടെടുത്ത.് വീണ്ടും പലഘട്ടങ്ങളിലായി ഇത്തരം ഒരുപാടു പ്രഖ്യാപനങ്ങള്‍ ഉത്തരവാദപ്പെട്ട പലരില്‍നിന്നും പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു വന്നിട്ടുണ്ട്. ആ ഘട്ടങ്ങളിലെല്ലാം സംസ്ഥാനം സംസ്ഥാനത്തിന്റെ നിലപാടില്‍ ഉറച്ചു നില്ക്കുകയാണു ചെയ്തിട്ടുള്ളത്. ഇനിയും അതുതന്നെയാകും തുടരുക. നമ്മുടെ രാജ്യത്ത് പലേടങ്ങളിലായി പലതരത്തിലുള്ള സര്‍വെകള്‍ നടക്കുകയാണ്. അത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഉതകുന്ന സര്‍വേകള്‍കൂടിയാണ്. ചില ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള സര്‍വെകള്‍ നടക്കുന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.