ലോക്ക്ഡൗണ്‍ മേയ് 30 വരെ നീട്ടി ; മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ മേയ് 30 വരെ നീട്ടി.

തിരുവനന്തപുരം : കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ മേയ് 30 വരെ നീട്ടി.ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ മലപ്പുറം ഒഴികെ കോവിഡ് ടിപിആര്‍ 25 ശതമാനത്തിനു താഴെയാവുകയും ആക്ടീവ് കേസുകള്‍ കുറയുകയും ചെയ്തു. അതിനാല്‍ എറണാകുളം, തൃശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നാളെ രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും. മലപ്പുറം ഒഴിച്ച് എല്ലാ ജില്ലകളിലും ലോക്ക്ഡൗണ്‍ ഇന്നത്തെ നിലയില്‍ തുടരും. മലപ്പുറത്ത് പോലീസ് സംവിധാനം കുറേക്കൂടി ജാഗ്രതയോടെ നീക്കും.
ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, പോസ്റ്റല്‍ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവിടങ്ങളിലെ ഫീല്‍ഡ് ജീവനക്കാരെ വാക്‌സിനേഷനുള്ള മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. തുറമുഖ ജീവനക്കാരെയും ഇതില്‍ പെടുത്തും. വിദേശത്ത് ജോലിക്കായോ പഠനത്തിനായോ പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെങ്കില്‍ അത് നല്‍കാന്‍ സംവിധാനമുണ്ടാക്കും. വിദേശത്ത് പോകുന്നവര്‍ക്ക് ആവശ്യമെങ്കില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്തുനല്‍കും.ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കാവശ്യമായ മരുന്നിന്റെലഭ്യത ഉറപ്പാക്കും. അതുസംബന്ധിച്ച് ബോധവല്‍ക്കരണവും സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.