ഈ മഹാമാരി മാറും; രണ്ടാമൂഴത്തിന്റെ ആവേശവും ആഹ്‌ളാദവും നാം ഒരുമിച്ച് നിന്ന് ആഘോഷിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

 

രോഗാതുരതയുടെ കാര്‍മേഘമെല്ലാം അകന്നുപോകുകയും സുഖസന്തോഷങ്ങളുടെ സൂര്യപ്രകാശം തെളിയുകയും ചെയ്യും. ആ നല്ല കാലത്തിന്റെപുലര്‍ച്ചയ്ക്കു വേണ്ടി നാം ചെയ്യുന്ന വിട്ടുവീഴ്ചകളാണ് ഇന്നത്തെ അസൗകര്യങ്ങള്‍.

തിരുവനന്തപുരം : ഈ മഹാമാരി മാറും. അധികം വൈകാതെ അതിന്റെ തീവ്രത കുറയും. അതു കുറയുന്ന മുറയ്ക്ക് രണ്ടാമൂഴത്തിന്റെ ആവേശവും ആഹ്‌ളാദവും നാം ഒരുമിച്ച് നിന്ന് ആഘോഷിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. വാര്‍ത്താസമ്മേളനത്തില്‍ സത്യപ്രതിജ്ഞയുമായിബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. രോഗാതുരതയുടെ കാര്‍മേഘമെല്ലാം അകന്നുപോകുകയും സുഖസന്തോഷങ്ങളുടെ സൂര്യപ്രകാശം തെളിയുകയും ചെയ്യും. ആ നല്ല കാലത്തിന്റെപുലര്‍ച്ചയ്ക്കു വേണ്ടി നാം ചെയ്യുന്ന വിട്ടുവീഴ്ചകളാണ് ഇന്നത്തെ അസൗകര്യങ്ങള്‍.

സത്യപ്രതിജ്ഞ അല്‍പ്പം ഒന്ന് വൈകിച്ചതുപോലും ജനാഭിലാഷം പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കുന്ന വിധത്തിലുള്ള സത്യപ്രതിജ്ഞാ ചടങ്ങിന് അവസരം ഉണ്ടാകുമോ എന്ന് നോക്കാനാണ്. കഴിയുന്നത്ര ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് അവര്‍ക്കാകെ തൃപ്തി വരുന്ന വിധത്തില്‍ ചടങ്ങ് നടത്താമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍, ഭരണഘടനാപരമായ ഉത്തരവാദിത്തം അനിശ്ചിതമായി വൈകിപ്പിക്കാനാവില്ലല്ലോ. അതുകൊണ്ട് പരിമിതികള്‍ക്കു വിധേയമായി ചടങ്ങ് നടത്തേണ്ടിവരുന്നതെന്നും അദ്ദേഹംപറഞ്ഞു, കോവിഡ് പ്രോട്ടോകോള്‍ പാലിക്കേണ്ടിവരുന്നതുകൊണ്ടാണ് ജനങ്ങളുടെ അതിവിപുലമായ സാന്നിധ്യത്തെ നിയന്ത്രിച്ച് നിര്‍ത്തേണ്ടിവരുന്നത്.

ഈ പരിമിതിയില്ലായിരുന്നുവെങ്കില്‍ കേരളമാകെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തുമായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചരിത്ര വിജയം സമ്മാനിച്ചുകൊണ്ട്, ഈ രണ്ടാമൂഴം ചരിത്രത്തില്‍ ആദ്യമെന്നവണ്ണം സാധ്യമാക്കിയവരാണ് നിങ്ങള്‍. തുടങ്ങിവച്ചതും ഏറെ മുന്നോട്ടുകൊണ്ടുപോയതുമായ ക്ഷേമ, വികസന നടപടികള്‍ ആവേശപൂര്‍വ്വം തുടരണമെന്ന് വിധിയെഴുതിയവരാണ് നിങ്ങള്‍. നിങ്ങള്‍ ഒരോരുത്തരും ഞങ്ങളുടെ മനസ്സുകളിലുണ്ട്. അതിനപ്പുറമല്ലല്ലോ ഒരു സ്റ്റേഡിയവുമെന്നും അദ്ദേഹം പറഞ്ഞു.