102 ഓക്‌സിജന്‍ ബെഡുകളുളള കോവിഡ് ആശുപത്രി സാമുദ്രിക ഹാളില്‍ പ്രവര്‍ത്തനമാരംഭിച്ചു

മികച്ച സൗകര്യങ്ങളുളള ഈ കോവിഡ് ആശുപത്രിയില്‍ നാല് ഷിഫ്റ്റുകളായി ഡോക്ടര്‍മാരും സ്റ്റാഫ് നഴ്‌സ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടമാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരും ഡ്യൂട്ടിയിലുണ്ടാകും. ജില്ലാ ഭരണകൂടത്തിന്റെ കെയര്‍ സോഫ്റ്റ് വെയര്‍ വഴിയാണ് ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കുക.

കൊച്ചി : കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ 102 ഓക്‌സിജന്‍ ബെഡുകളുളള കോവിഡ് ആശുപത്രി 31.05.2021 ന് പകല്‍ 11.30 ന് വില്ലിംഗ്ടണ്‍ ഐലന്റിലെ സാമുദ്രിക ഹാളില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എം.ബീന ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു.സാമുദ്രിക ഹാളില്‍ കോവിഡ് ആശുപത്രി ആരംഭിക്കുവാന്‍ ലഭിച്ച അവസരം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണന്നും അതിന് അവസരം നല്‍കിയ കൊച്ചി നഗരസഭയോട് നന്ദിയുണ്ടെന്നും ഡോ. ബീന അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം മുന്‍കൈ എടുത്ത് ഒരു കോവിഡ് ആശുപത്രി ആരംഭിച്ചത്. കേരളത്തിലെ തന്നെ മികച്ച സൗകര്യങ്ങളുളള ഈ കോവിഡ് ആശുപത്രിയില്‍ നാല് ഷിഫ്റ്റുകളായി ഡോക്ടര്‍മാരും സ്റ്റാഫ് നഴ്‌സ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടമാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരും ഡ്യൂട്ടിയിലുണ്ടാകും. ജില്ലാ ഭരണകൂടത്തിന്റെ കെയര്‍ സോഫ്റ്റ് വെയര്‍ വഴിയാണ് ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കുക. തൊട്ടടുത്ത ദിവസം മുതല്‍ രോഗികളെ പ്രവേശിപ്പിക്കാവുന്ന വിധത്തില്‍ ആശുപത്രി സജ്ജമാണ്. കോവിഡ് രോഗികള്‍ക്ക് ഏറെ ആശ്വാസകരമാകുന്ന ഈ ആശുപത്രി കോവിഡിന് മറ്റൊരു തരംഗമുണ്ടായാലും നമുക്കൊരു മുതല്‍കൂട്ടാകും.ഇന്ന് നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷറഫ് സ്വാഗതമാശംസിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പി.ആര്‍. റെനീഷ്, ഷീബ ലാല്‍, സുനിത ഡിക്‌സണ്‍, ജെ. സനില്‍മോന്‍, വി.എ. ശ്രീജിത്ത്, കൗണ്‍സിലര്‍മാരായ ആന്റണി കുരീത്തറ, ബെനഡിക്ട് ഫെര്‍ണാണ്ടസ്, ടി. പത്മകുമാരി, സി.എ. ഷക്കീര്‍ എന്നിവരും ഡോ. മാത്യൂസ്, എന്‍.എച്ച്.എം., പോര്‍ട്ട് ട്രസ്റ്റ്, നഗരസഭ ഉദോഗസ്ഥരും സന്നിഹിതരായിരുന്നു.