കല്ലൂര്‍ക്കാട് ആയുഷ് ഹോമിയോപ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു
കൊച്ചി: വീണ്ടുമൊരു കോവിഡ് തരംഗമുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. സ്ഥിതിഗതികള്‍ ദിവസേന പരിശോധിക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് സജ്ജമാണെന്നും അതേസമയം അവധിക്കാലം ഉള്‍പ്പെടെയുള്ള സാഹചര്യം പരിഗണിച്ച് കരുതല്‍ വേണമെന്നും മന്ത്രി പറഞ്ഞു.
മൂവാറ്റുപുഴ ബ്ലോക്കിലെ കല്ലൂര്‍ക്കാട് ഗ്രാമ പഞ്ചായത്തിലെ ആയുഷ് ഹോമിയോപ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജീവിത ശൈലീ രോഗ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജനകീയ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. നവ കേരളം രണ്ട് കര്‍മ്മ പരിപാടിയുടെ ഭാഗമായി ആര്‍ദ്രം പദ്ധതിയിലൂടെയാണ് ക്യാമ്പയിന്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഡോ. മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിന്‍, കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോര്‍ജ് ഫ്രാന്‍സിസ് തെക്കേക്കര, വൈസ് പ്രസിഡന്റ് ഷൈനി ജയിംസ്, സ്ഥിരം സമിതി അധ്യക്ഷതരായ സണ്ണി സെബാസ്റ്റ്യന്‍, ഡെല്‍സി ലൂക്കാച്ചന്‍, എ.കെ ജിബി, വാര്‍ഡ് അംഗങ്ങളായ അനില്‍ കെ മോഹന്‍, സുമിത സാബു, ജാന്‍സി ജോമി, സീമോന്‍ ബൈജു, ബാബു മനക്കപ്പറമ്പില്‍, പി. പ്രേമലത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.എസ് ആശാറാണി, ദേശീയ ആരോഗ്യ മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജയ് മോഹന്‍, ദേശീയ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ.എസ് നൗഷാദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ടി മാത്യു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 58 ലക്ഷം രൂപ ചിലവഴിച്ചാണ് ആരോഗ്യ കേന്ദ്രം നിര്‍മ്മിച്ചത്. കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ കല്ലൂര്‍ക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിന്‍, വൈസ് പ്രസിഡന്റ് സാറാമ്മ ജോണ്‍, കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഫ്രാന്‍സിസ് തെക്കേക്കര, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
രോഗി സൗഹൃദ ആശുപത്രികള്‍ സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്
ഞാറക്കല്‍ താലൂക്ക് ആശുപത്രിയിലെ പുതിയ വനിതാവാര്‍ഡ് ഉദ്ഘാടനം ചെയ്തു
രോഗി സൗഹൃദ ആശുപത്രികളാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനം അതി വേഗത്തില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഞാറക്കല്‍ താലൂക്ക് ആശുപത്രിയിലെ പുതിയ വനിതാവാര്‍ഡ് നാടിനു സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വൈപ്പിന്‍കര ഒരുപാട് സവിശേഷതകളുള്ള പ്രദേശമാണ്. ജനസാന്ദ്രതയേറിയ മണ്ഡലത്തിലെ ഏക താലൂക്ക് ആശുപത്രിയാണ് ഞാറക്കലിലേത്. ഇവിടെ നിലവിലുള്ള ഐപി ബ്ലോക്ക് കൂടുതല്‍ വിപുലമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വൈപ്പിന്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് നാഷണല്‍ ക്വാളിറ്റി അക്രഡിറ്റേഷന്‍ ലഭിച്ചതായും മന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി ചികിത്സാ സംവിധാനം വികേന്ദ്രീകരിച്ചതോടെ ഗുണനിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞു. ഇതുവഴി ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനത്തിനുള്ള അവാര്‍ഡ് നേടാന്‍ കേരളത്തിന് കഴിഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും വിജയകരമായി മുന്നേറുകയാണ്. ഇപ്പോള്‍ താലൂക്ക് ആശുപത്രി തലം മുതല്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ലഭ്യമാണ്. ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടത്തില്‍ 540 പഞ്ചായത്തുകളിലെ 30 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ മുഖേന വീടുകളിലെത്തി സ്‌ക്രീനിംഗ് നടത്തി രോഗ നിര്‍ണയം നടത്തിയെന്നും മന്ത്രി പറഞ്ഞു. താലൂക്ക് ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മണ്ഡലത്തിന്റെ ആരോഗ്യക്ഷേമത്തില്‍ നാഴികക്കല്ലാകുന്ന നേട്ടമാണ് വനിതാവാര്‍ഡ് എന്ന് എംഎല്‍എ പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ ഇനിയും കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമുണ്ട്. അവ യാഥാര്‍ഥ്യമാക്കാന്‍ ആത്മാര്‍ഥമായ എല്ലാ പരിശ്രമങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ വാര്‍ഷിക നിര്‍മ്മാണ പ്രവര്‍ത്തന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവിട്ടാണ് വനിതാവാര്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കിടത്തി ചികിത്സയിലുള്ളവര്‍ക്ക് പുറമെ ദിവസേന ശരാശരി 350 400 രോഗികള്‍ ഒ.പി വിഭാഗത്തില്‍ പരിശോധനയ്‌ക്കെത്തുന്ന ആശുപത്രി സാധാരണക്കാരായ ദ്വീപ് ജനതയുടെ പ്രധാന ആശ്രയമാണ്. വനിതാവാര്‍ഡിന്റെ പുതിയ കെട്ടിടത്തില്‍ 16 കിടക്കകളുണ്ട്. പുറമെ ലേബര്‍ റൂം, നവജാതശിശു പരിചരണ മുറി, സ്റ്റാഫ് റൂമുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ശ്രീദേവി വിഷയാവതരണം നടത്തി. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍, വൈസ് പ്രസിഡന്റ് കെ.എ സാജിത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ജി ഡോണോ മാസ്റ്റര്‍, അഡ്വ. എം.ബി ഷൈനി, ഞാറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി ഫ്രാന്‍സിസ്, ആശുപത്രി സൂപ്രണ്ട് ഡോ. ബി.എസ് ശ്രീകുമാരി, മറ്റു ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.