രഹസ്യമൊഴി എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് കാറ്റ് പിടിക്കാതെ പോയ നുണക്കഥകള്‍ : സപി എം

നുണപ്രചരണങ്ങള്‍ നടത്തുന്നവര്‍ ആ വഴിക്ക് പോകും;
ജനം സര്‍ക്കാരിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: രാഷ്ട്രീയ താല്‍പര്യത്തോടെ കേന്ദ്ര ഏജന്‍സികളേയും, ചില മാധ്യമങ്ങളേയും ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ചിട്ടും കാറ്റ് പിടിക്കാതെ പോയ നുണക്കഥകള്‍ തന്നെയാണ് ഇപ്പോള്‍ രഹസ്യമൊഴി എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് എന്ന് സിപി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്ന രീതി ബിജെപി സര്‍ക്കാര്‍ രാജ്യവ്യാപകമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായാണ് സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസന്വേഷണം തെറ്റായ ദിശയിലേക്ക് നീങ്ങുന്ന സ്ഥിതി കേരളത്തിലുണ്ടായത്.
സ്വര്‍ണ്ണക്കള്ളക്കടത്തിനെ കുറിച്ച് ശരിയായ രീതിയില്‍ അന്വേഷിക്കുക എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ തന്നെ സ്വീകരിച്ചത്. ഇത്തരം കാര്യങ്ങളില്‍ ചുമതലപ്പെട്ട ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചതും അതുകൊണ്ടാണ്. ഒരിക്കല്‍ പരാജയപ്പെട്ട തിരക്കഥകളും പ്രചരണങ്ങളും വീണ്ടും കൊണ്ടുവന്ന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാമെന്നാണ് ഇപ്പോള്‍ ചിലര്‍ കരുതുന്നത്. ഇത്തരത്തില്‍ നട്ടാല്‍ പൊടിക്കാത്ത നുണകളെ വീണ്ടും നനച്ച് വളര്‍ത്തുവാനുള്ള ശ്രമങ്ങള്‍ കേരളീയ സമൂഹം പുച്ഛിച്ച് തള്ളുക തന്നെ ചെയ്യുമെന്നും പ്രസ്താവനയില്‍ പറഞ്ഞു,


അതിനിടെ നുണപ്രചരണങ്ങള്‍ നടത്തുന്നവര്‍ ആ വഴിക്ക് പോകുമെന്നു മുഖ്യമന്ത്രി പിണറായിവിജയന്‍. കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ (കെഎസ്ഇഎ) വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാപ്രളയത്തിന്റെ കുത്തൊഴുക്കിനെ കവച്ചുവെക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള നുണപ്രചരണം. ആപത്ഘട്ടങ്ങളില്‍ തങ്ങള്‍ക്കൊപ്പം നിന്ന സര്‍ക്കാരാണിതെന്ന് ജനം നെഞ്ചുതൊട്ട് പറഞ്ഞു. അതാണ് എല്‍ഡിഎഫിനെ വീണ്ടും അധികാരത്തിലേറ്റിയത്.സര്‍ക്കാരിന് നല്ല യശസ് നേടാനായിട്ടുണ്ട്. അതൊരു പൊങ്ങച്ചം പറച്ചിലല്ലെന്നും ജനം സര്‍ക്കാരിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.നുണപ്രചാരണം നടത്തുന്നവര്‍ പല രീതിയില്‍ അത് തുടരും. ജനങ്ങള്‍ക്ക് അവരാഗ്രഹിക്കുന്ന രീതിയില്‍ നീതി ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു