ഗവര്‍ണര്‍ നടത്തുന്നത് ആര്‍എസ്എസ് ദൗത്യം:എം വി ഗോവിന്ദന്‍

തൃശൂര്‍ : സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നത് ആര്‍എസ്എസ് ദൗത്യമാണെന്നും കെ കെ രാഗേഷിനെതിരായ ഗവര്‍ണറുടെ ആരോപണം അസംബന്ധമാണെന്നും സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗവര്‍ണറുടെ ആരോപണങ്ങളില്‍ കഴമ്പില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാണ്. പുതിയതായി ഒന്നും പറഞ്ഞിട്ടില്ല. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ ചരിത്ര കോണ്‍ഗ്രസ് നടക്കുമ്പോള്‍ കെ കെ രാഗേഷ് എം.പിയാണ്. പൊലീസിനെ തടഞ്ഞുവെന്നത് അസംബന്ധമാണ്. പ്രശ്‌നമുണ്ടാവുമ്പോള്‍ പരിഹരിക്കാനാണ് രാഗേഷ് ശ്രമിച്ചത്. ആര്‍എസ്എസിന്റെ വക്താവ് ആണ് താനെന്ന് പറയുന്ന ഗവര്‍ണറെ കുറിച്ച് എന്ത് പറയാനാനാണെന്നും അദ്ദേഹം ചോദിച്ചു.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന ഗവര്‍ണറുടെ ആരോപണത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.