സംസ്ഥാനത്തെ വികേന്ദ്രീകൃത ഭരണ സംവിധാനം ലോകത്തിനു മാതൃക: ക്യൂബന്‍ അംബാസിഡര്‍

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃത ഭരണ സംവിധാനം ലോകത്തിന് തന്നെ മാതൃകയാണെന്ന് ക്യൂബന്‍ അംബാസിഡര്‍ അലജാന്‍ഡ്രോ സിമാന്‍കസ് മറിന്‍ പറഞ്ഞു. മൂന്ന് വര്‍ഷമായി ക്യൂബയും സമാനമായ രീതിയിലുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു അംബാസിഡറുടെ പ്രതികരണം.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന വിവിധങ്ങളായ പദ്ധതികളെക്കുറിച്ചും അംബാസിഡര്‍ മന്ത്രിയോട് ചോദിച്ച് മനസിലാക്കി. കുടുംബശ്രീ അഭിമാനകരമായ പദ്ധതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളവും ക്യൂബയുമായി സഹകരിക്കാന്‍ കഴിയുന്ന വിവിധ മേഖലകളുണ്ട്. സമാന താത്പര്യമുള്ള മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അംബാസിഡര്‍ വ്യക്തമാക്കി. പീപ്പിള്‍സ് പ്ലാനിംഗ്- കേരളാ ലോക്കല്‍ ഡെമോക്രസി ആന്‍ഡ് ഡെവലപ്‌മെന്റ്, ഇന്ത്യാ ആഫ്റ്റര്‍ ഗാന്ധി എന്നീ പുസ്തകങ്ങളും ഹൗസ് ബോട്ടിന്റെ മാതൃകയും മന്ത്രി അംബാസിഡര്‍ക്ക് സമ്മാനിച്ചു.
തന്റെ ഹൃദയത്തില്‍ എക്കാലവും കേരളമുണ്ടാകുമെന്നും അംബാസിഡര്‍ പറഞ്ഞു. കേരളവും ക്യൂബയും തമ്മില്‍ ദൃഢമായ ആത്മബന്ധമാണുള്ളത്. കേരളത്തിലെത്തിയ നിമിഷം മുതല്‍ ഈ ഐക്യദാര്‍ഢ്യം തിരിച്ചറിയാന്‍ കഴിഞ്ഞു. കേരള ജനത ക്യൂബയോട് കാട്ടുന്ന സ്‌നേഹം അതുല്യമാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ഡെല്‍ഹിയിലെ കേരളത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണുരാജാമണി, മുന്‍ എംപി പികെ ബിജു, ബിജു കണ്ടക്കൈ, ഡോ. വി പി പി മുസ്തഫ, ഡോ.സി പി വിനോദ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.