ന്യൂദല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലെ ചടങ്ങിലാണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായി.
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ രാഷ്ട്രപതിയായി ചുമതലയേറ്റതില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്ന് ദ്രൗപദി മുര്‍മു പറഞ്ഞു. രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും രാജ്യത്തിന്റെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. രാഷ്ട്രപതി സ്ഥാനത്തെത്തിയത് എന്റെ വ്യക്തിപരമായ നേട്ടമല്ല, ഇന്ത്യയിലെ ഓരോ പാവപ്പെട്ടവന്റെയും നേട്ടമാണ്. ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച മകള്‍ക്ക്, ആദിവാസി മേഖലയില്‍ ജനിച്ച മകള്‍ക്ക് ഇന്ത്യയുടെ പരമോന്നത ഭരണഘടനാ പദവിയില്‍ എത്താന്‍ കഴിയുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയാണെന്ന് അവര്‍ പറഞ്ഞു. ജനങ്ങളുടെ ആത്മവിശ്വാസമാണ് തന്റെ കരുത്ത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ ഇതുപോലൊരു അവസരം ലഭിച്ചതില്‍ അഭിമാനമുണ്ട്. പ്രാഥമിക വിദ്യാഭ്യാസം പോലും ഒരു സ്വപ്നമായിരുന്ന സമൂഹത്തില്‍ നിന്നാണ് രാഷ്ട്രപതി ഭവനിലേക്ക് എത്തിയത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യ രാഷ്ട്രപതി ഉണ്ടായിരിക്കുന്നു രാഷ്ട്രപതി പറഞ്ഞു.