മട്ടന്നൂര്‍ നഗരസഭ പൊതുതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഓഗസ്റ്റ് 20 നും വോട്ടെണ്ണല്‍ 22 നും

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് തീയതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് 2022 ഓഗസ്റ്റ് 20 നും വോട്ടെണ്ണല്‍ 22 നും നടക്കും. വിജ്ഞാപനം ജൂലൈ 26 ന് പുറപ്പെടുവിക്കും. അന്നുമുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഓഗസ്റ്റ് രണ്ടു വരെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും. സൂക്ഷ്മ പരിശോധന മൂന്നിനു നടക്കും. പത്രിക ഓഗസ്റ്റ് അഞ്ചു വരെ പിന്‍വലിക്കാം.
മട്ടന്നൂര്‍ നഗരസഭാ പ്രദേശത്ത് ഇന്ന് മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം ബാധകമാക്കിയിട്ടുണ്ട്. കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ വിളിച്ച് ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കാര്യപരിപാടി അറിയിച്ചത്.
2020 ഡിസംബറില്‍ സംസ്ഥാനത്തെ 1200 തദ്ദേശസ്ഥാപനങ്ങളില്‍ മട്ടന്നൂര്‍ നഗരസഭ ഒഴികെ പൊതുതിരഞ്ഞെടുപ്പ് നടന്നിരുന്നു. മട്ടന്നൂര്‍ നഗരസഭയുടെ കാലാവധി 2022 സെപ്റ്റംബര്‍ 10 നാണ് കഴിയുന്നത്. പുതിയ കൗണ്‍സിലര്‍മാര്‍ സെപ്റ്റംബര്‍ 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
നഗരസഭയില്‍ ആകെ 35 വാര്‍ഡുകളും 38812 വോട്ടര്‍മാരുമുണ്ട്. 18 വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികജാതിക്കും സംവരണം ചെയ്തിട്ടുണ്ട്. വോട്ടര്‍മാരില്‍ 18200 പുരുഷന്‍മാരും 20610 സ്ത്രീകളും 2 ട്രാന്‍സ്‌ജെന്‍ഡറുമുണ്ട്. പോളിംഗിനായി ഓരോ വാര്‍ഡിലും ഒരു പോളിംഗ് ബൂത്ത് വീതമുണ്ട്.
1 മുതല്‍ 18 വരെ വാര്‍ഡുകളുടെ വരണാധികാരി കണ്ണൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും ഉപവരണാധികാരി മുനിസിപ്പല്‍ എഞ്ചിനീയറുമാണ്. 19 മുതല്‍ 35 വരെ വാര്‍ഡുകള്‍ക്ക് വരണാധികാരി ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്ററും ഉപവരണാധികാരി മുനിസിപ്പല്‍ സൂപ്രണ്ടും.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, വരണാധികാരികള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും യോഗം കണ്ണൂര്‍ കളക്ടറേറ്റില്‍ തിങ്കളാഴ്ച കമ്മീഷണര്‍ വിളിച്ച് ചേര്‍ത്ത് ഒരുക്കങ്ങള്‍ വിലയിരുത്തി. സ്ഥാനാര്‍ത്ഥികളുടെ സെക്യൂരിറ്റി നിക്ഷേപം 2000 രൂപയാണ്. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് 1000 രൂപാ മതിയാകും.
ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുക. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ആര്‍.കീര്‍ത്തി ഐ.എഫ്.എസ്‌നെ ഒബ്‌സര്‍വറായി ചുമതലപ്പെടുത്തി. സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്ക് നിരീക്ഷിക്കുന്നതിന് രണ്ട് സീനിയര്‍ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു സ്ഥാനാത്ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 75000 രൂപയാണ്.
അനധികൃത പരസ്യ പ്രചാരണങ്ങള്‍ മോണിറ്റര്‍ ചെയ്ത് ആവശ്യമായ നടപടികള്‍ എടുക്കുന്നതിന് തഹസില്‍ദാരുടെ നേതൃത്വത്തില്‍ ആന്റീ ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കും.
ക്രമസമാധാനത്തിന് ആവശ്യമായ പോലീസ് വ്യന്യാസം ഉണ്ടാകും. എല്ലാ ബൂത്തിലും വെബ് കാസ്റ്റിംഗും വീഡിയോഗ്രാഫിയും നടത്തും. പ്രശ്‌ന ബാധിത ബൂത്തുകളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും.
തിരഞ്ഞെടുപ്പ് പരാതികള്‍ പരിശോധിക്കുന്നതിന് കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ മോണിറ്റിംഗ് സെല്‍ രൂപീകരിച്ചു. എ.ഡി.എം, ജില്ലാ പോലീസ് മേധാവി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാണ്.
പുതിയ കൗണ്‍സിലിന്റെ ചെയര്‍പേഴ്‌സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് തീയതി കമ്മീഷന്‍ പിന്നീട് അറിയിക്കും. ആറ് സ്റ്റാന്റിംഗ് കമ്മിറ്റികളിലെ അംഗങ്ങളെയും ചെയര്‍മാന്‍മാരെയും അതിനുശേഷം തിരഞ്ഞെടുക്കും.