തിരുവനന്തപുരം: കേരളത്തിലെ നഗരസഭകളില്‍ നിന്നും കോര്‍പ്പറേഷനുകളില്‍ നിന്നും നിലവില്‍ നല്കിക്കൊണ്ടിരിക്കുന്ന എല്ലാ സേവനങ്ങളും അതിവേഗത്തിലും ഉയര്‍ന്ന ഗുണനിലവാരത്തിലും ലഭ്യമാക്കാന്‍ ആവശ്യമായ സോഫ്റ്റ്വെയര് സംവിധാനം ഏര്‍പ്പെടുത്തുന്ന പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. നഗര തദ്ദേശ സ്ഥാപനങ്ങളിലെ ഇ ഗവേണന്‍സ് പരിഹാരങ്ങള്‍ സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തദ്ദേശ സ്ഥാപനങ്ങളും ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പും നല്കുന്ന മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈന്‍ ആയി ലഭ്യമാക്കുന്നതോടൊപ്പം സേവനങ്ങളെല്ലാം പൊതുജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കാന്‍ ആവശ്യമായ ഡിജിറ്റല്‍ സാക്ഷരത നല്‍കാനുള്ള പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി അനുദിനം നവീകരിച്ച് മുന്നോട്ടുപോവുമ്പോള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളെ സംബന്ധിച്ച അറിവും ഡിജിറ്റല്‍ സാക്ഷരതയും അനിവാര്യമാണ്. തദ്ദേശ സ്ഥാപന പ്രദേശത്തുള്ളവര്‍ക്ക് ഇത് ആര്‍ജ്ജിക്കാനുള്ള ക്യാമ്പയിന് ഉടന്‍ തുടക്കമിടേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
രണ്ട് ദിവസം നീണ്ടുനിന്ന ശില്‍പ്പശാലയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇ ഗവേണന്‍സ് ഏജന്‍സിയായ നാഷണല്‍ അര്‍ബന്‍ ഡിജിറ്റല്‍ മിഷന്റെ പ്രതിനിധികള്‍ പങ്കെടുത്തു. ഐ ടി മിഷന്, എന്‍ ഐ സി, ഐ കെ എം, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ വിവിധ ഏജന്‍സികളും വകുപ്പ് മേധാവികളും ശില്‍പ്പശാലയില്‍ പങ്കാളികളായി.