തിരുവനന്തപുരം: രാജ്യത്തെ നിയമനിര്‍മാണ സഭകളില്‍ പുരുഷനും സ്ത്രീക്കും തുല്യ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വനിതാ സാമാജികര്‍. കേരള നിയമസഭയില്‍ ആരംഭിച്ച വനിതാ സാമാജികരുടെ ദ്വിദിന ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഭരണഘടനയും വനിതകളുടെ അവകാശങ്ങളും എന്ന വിഷയത്തില്‍ നടന്ന ശില്പശാലയിലാണ് അഭിപ്രായം ഉയര്‍ന്നത്.
വനിതകള്‍ക്ക് 33 ശതമാനം സംവരണമെന്നത് യാഥാര്‍ത്ഥ്യമാകാന്‍ ഇനിയുമൊരു 75 വര്‍ഷമാകുമെന്ന സ്ഥിതിയാണെന്ന് ശില്പശാലയില് സംസാരിച്ച മുന്‍ എം പി വൃന്ദാകാരാട്ട് അഭിപ്രായപ്പെട്ടു. പാര്‍ലമെന്റില്‍ 35 ശതമാനം സംവരണം ഉറപ്പാക്കാന്‍ രാഷ്ട്രീയ, ഭാഷ, ദേശ ദേദമന്യേ സ്ത്രീകള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും വൃന്ദാകാരാട്ട് പറഞ്ഞു.
വനിതകള്‍ക്ക് 33 ശതമാനം സംവരണം എന്നത് എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണച്ചതാണ്. പ്രകടന പത്രികയില്‍ മിക്കവരും ഇത് ഉള്‍പ്പെടുത്തുകയും ചെയ്തു. മറ്റു പല ബില്ലുകളും വേഗത്തില്‍ പാസായെങ്കിലും ഈ ബില്‍ പാസാക്കാന്‍ എന്താണ് തടസമെന്ന് മനസിലാകുന്നില്ലെന്ന് കനിമൊഴി കരുണാനിധി എംപി പറഞ്ഞു. വനിതകള്‍ക്ക് 50 ശതമാനം സംവരണമാണ് വേണ്ടതെന്ന് ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ നിമബെന്‍ ആചാര്യ അഭിപ്രായപ്പെട്ടു.
ആദ്യ ലോക്സഭയില്‍ അഞ്ച് ശതമാനം സ്ത്രീകളാണുണ്ടായിരുന്നതെന്ന് വൃന്ദാകാരാട്ട് പറഞ്ഞു. പല സമിതികളിലും സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. എങ്കിലും ചര്‍ച്ചകളിലെല്ലാം വനിതകളുടെ ശബ്ദം ഉയര്‍ന്നു കേട്ടു. ഇന്ന് വനിതകള്‍ അഭിപ്രായം പറയുമ്പോള്‍ അതിനെ രാഷ്ട്രീയാഭിപ്രായത്തോടെ നേരിടുന്നതിനു പകരം സെക്ഷ്വല്‍ കമന്റുകളാണ് ഉണ്ടാകുന്നത്. വനിതാ സാമാജികര്‍ ഭരണസംവിധാനത്തിന്റെ സുപ്രധാന കേന്ദ്രങ്ങളില്‍ പോലും അധിക്ഷപത്തിന് ഇരയാകുന്നു. ഇത്തരം അധിക്ഷേപങ്ങള്‍ക്കെതിരെ നിയമനിര്‍മാണ സഭകളില്‍ ഒരു കോഡ് ഓഫ് കണ്ടക്ട് വേണ്ടത് അത്യാവശ്യമാണ്. ഇതിനു വനിതകള്‍ തന്നെ ഒരു ലക്ഷ്മണരേഖ നിശ്ചയിക്കണം. അത് കടന്നാല്‍, ഇത്തരം അഭിപ്രായം പറയുന്നയാള്‍ ബുദ്ധിമുട്ടേണ്ടി വരുമെന്ന കൃത്യമായ സന്ദേശം അവര്‍ക്ക് നല്‍കണമെന്നും വൃന്ദാകാരാട്ട് പറഞ്ഞു.
വിവിധ മേഖലകളിലുള്ള വനിതകളെ മോശക്കാരായി സമൂഹ മാധ്യമങ്ങളില്‍ ചിത്രീകരിക്കുന്ന പ്രവണതയുണ്ടെന്ന് കനിമൊഴി പറഞ്ഞു. വനിതകളെ മോശക്കാരായി പൊതുയിടങ്ങളില്‍ ചിത്രീകരിക്കുന്നതിനെതിരെ ബില്‍ കൊണ്ടുവരും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമുള്ള നിയമങ്ങളാണ് സഭയില്‍ പാസാക്കുന്നത്. എന്നാല്‍ ഭൂരിപക്ഷ പുരുഷ സാമാജികരാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. സ്ത്രീ സുരക്ഷയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും സംസാരിക്കുമ്പോള്‍ സംസ്കാരവും പാരമ്പര്യവും കടന്നുവരുമെന്ന് കനിമൊഴി അഭിപ്രായപ്പെട്ടു.
സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കൈവരിച്ച എല്ലാ നേട്ടങ്ങളിലും സ്ത്രീകളുടെ ശക്തമായ പങ്കാളിത്തം ഉണ്ടായിരുന്നത് വിസ്മരിക്കരുതെന്നും ഉത്തരാഖണ്ഡ് സ്പീക്കല്‍ റിതു ഖണ്ഡൂരി പറഞ്ഞു. വനിതകളുടെ ഉന്നമനത്തിനായി ഉത്തരാഖണ്ഡ് സ്വീകരിച്ച വിവിധ നടപടികളും പദ്ധതികളും അവര്‍ വിശദീകരിച്ചു. വനിതകള്‍ക്ക് കേരളം നല്കുന്ന പ്രാധാന്യത്തെ പ്രകീര്‍ത്തിച്ച സ്പീക്കര്‍ 22 വയസുള്ള മേയര്‍ തലസ്ഥാന നഗരത്തിലെ കോര്പേറഷന് ഭരിക്കുന്നതിനെ അഭിനന്ദിച്ചു. സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനം പൂര്‍ണമായി ഇല്ലാതാക്കുന്നതിനുള്ള ശക്തമായ നീക്കം ഉണ്ടാവണമെന്ന് പുതുച്ചേരി ഗതാഗത മന്ത്രി ചന്ദിര പ്രിയങ്ക പറഞ്ഞു. മുന്‍ നിയമസഭാംഗം ആര്. ലതാദേവി മോഡറേറ്ററായിരുന്നു. യു. പ്രതിഭ എം. എല്‍. എ സ്വാഗതവും കെ. കെ. രമ എം. എല്‍. എ നന്ദിയും പറഞ്ഞു
നിരവധി വനിതകളുടെ കൂടി പോരാട്ടത്തിന്റെ ഫലമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം
നിരവധി ധീര വനിതകളുടെ കൂടി പോരാട്ടത്തിന്റെയും ത്യാഗത്തിന്റേയും ഫലമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. അറിയപ്പെടുന്നവരെ പോലെ തന്നെ അറിയപ്പെടാത്ത നിരവധി വനിതകളും ഇതില്‍ പങ്കാളികളായി. ഇന്ത്യയിലാകെ ഇത്തരത്തില്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുണ്ട്. കേരള നിയമസഭയില്‍ നടക്കുന്ന വനിതാ സാമാജികരുടെ ദേശീയ സമ്മേളനത്തിലെ ശില്പശാലയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ വനിതകളുടെ പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്തത്.
ബംഗാള്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി വനിതകളാണ് സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ തീച്ചൂളയിലേക്ക് എടുത്തു ചാടിയതെന്ന് ശില്പശാലയില് സംസാരിച്ച ലോക്സഭ മുന്‍ അംഗം സുഭാഷിണി അലി പറഞ്ഞു. ബംഗാളില്‍ നിന്നുള്ള 21 വയസുകാരിയായ പ്രീതി ലത, കല്പന ദത്ത്, നാനിബാല ദേവി, ബസന്തിദേവി, ബീനാദാസ്, പഞ്ചാബില്‍ നിന്നുള്ള ദുര്ഗാഭാഭി എന്നിവര്‍ അവരില്‍ ചിലര്‍ മാത്രമാണ്. ദളിത് കമാന്‍ഡറായ വേലുനാച്ചിയാരെയും ഓര്‍ക്കേണ്ടതുണ്ട്. ഇവരെല്ലാം അസാധാരണ ധൈര്യമുണ്ടായിരുന്ന സാധാരണ സ്ത്രീകളായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ മഹാത്മാഗാന്ധിയുടെ കടന്നുവരവോടെ നിരവധി സ്ത്രീകള്‍ അദ്ദേഹത്തിന് പിന്നില്‍ അണിനിരന്നു. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ തമിഴ്, മലയാളി പെണ്‍കുട്ടികള്‍ ധൈര്യപൂര്‍വം കടന്നുവന്ന് നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി. എന്നാല്‍ സ്വതന്ത്ര ഇന്ത്യ ഇവരില്‍ പലരേയും മറന്നയായി സുഭാഷിണി അലി പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തില്‍ ആസാം വനിതകള്‍ നടത്തിയ പോരാട്ടത്തെക്കുറിച്ച് ആസാമില്‍ നിന്നുള്ള എം. എല്‍. എ നന്ദിതദാസ് ശില്പശാലയില് വിശദീകരിച്ചു. ഏല്‍പ്പിക്കുന്ന ഏതൊരു ജോലിയും ഭംഗിയായി നിര്‍വഹിക്കാന്‍ വനിതകള്‍ക്ക് കഴിയുമെന്ന് ബിഹാറില്‍ നിന്നുള്ള എം. എല്‍. എ പ്രമിത കുമാരി പറഞ്ഞു. പഞ്ചാബിലെ വനിതാ സ്വാതന്ത്ര്യ സമര സേനാനികളുടെ വിശദാംശങ്ങളാണ് പഞ്ചാബില്‍ നിന്നുള്ള അന്മോല് ഗഗന് മാന്‍ എം. എല്‍. എ പങ്കുവച്ചത്. ശില്പശാലയില് വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി മോഡറേറ്ററായിരുന്നു. സി. കെ. ആശ എം. എല്‍. എയും പങ്കെടുത്തു.