കായിക രംഗത്തെ ബാഹ്യഇടപെടലുകള്‍ പൂര്‍ണമായി ഇല്ലാതാക്കും: മന്ത്രി വി. അബ്ദുറഹിമാന്‍

തിരുവനന്തപുരം: കായികരംഗത്തെ ബാഹ്യ ഇടപെടലുകള്‍ പൂര്‍ണമായി ഇല്ലാതാക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാന്‍. പരിശീലനം മുതല്‍ സര്‍ട്ടിഫിക്കേഷന്‍ വരെയുള്ള മേഖലകളില്‍ ഇതിനായി സമഗ്ര മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ്, ദേശീയ ഗെയിംസ്, ഫിഡെ ലോക ചെസ് ഒളിംപ്യാഡ് എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവച്ച കായികതാരങ്ങളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കായികരംഗത്തു ലഭിക്കുന്ന അംഗീകാരങ്ങള്‍ അര്‍ഹമായ കരങ്ങളില്‍ത്തന്നെയാണ് എത്തുന്നതെന്ന് ഉറപ്പാക്കുമെന്നു മന്ത്രി പറഞ്ഞു. അര്‍ഹരായവര്‍ക്കു മെറിറ്റ് അടിസ്ഥാനത്തില്‍ പരിശീലനം നല്‍കും. ഇതില്‍ വ്യക്തിഗത ഇടപെടലുകള്‍ക്കുള്ള സാധ്യത പൂര്‍ണമായി ഇല്ലാതാക്കും. പുറത്തുനിന്നുള്ള ഇടപെടല്‍കൊണ്ട് അര്‍ഹരായവര്‍ക്കു കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകരുത്. പി.എസ്.സി. അടക്കമുള്ള പരീക്ഷകള്‍ക്കായി കായികതാരങ്ങള്‍ക്കു നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ക്കാര്‍ നേരിട്ടു നല്‍കുന്ന രീതി ഉടന്‍ കൊണ്ടുവരും. എസ്.എസ്.എല്‍.സി. പരീക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന മാതൃകയില്‍ ഇതിനായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും.
കായികരംഗത്തെ വിശാലമായ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേരളം തയാറെടുക്കുകയാണെന്നു മന്ത്രി പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ ക്യാംപസില്‍ ആരംഭിക്കുന്ന കേരള സ്‌പോര്‍ട്‌സ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇതുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ ആരംഭിക്കും. പരിശീലനത്തിലടക്കം ഡിപ്ലോമ കോഴ്‌സുകള്‍ ഇവിടെ ആരംഭിക്കാന്‍ കഴിയും. വരാന്‍പോകുന്ന ഗോവ ദേശീയ ഗെയിംസില്‍ ഒന്നാം സ്ഥാനം ലഭിക്കാന്‍ പാകത്തില്‍ കേരള ടീമിനെ സജ്ജമാക്കും. കായികതാരങ്ങളും ഒഫിഷ്യല്‍സും അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങണം. വിദഗ്ധ പരിശീലനം ആവശ്യമെങ്കില്‍ നല്‍കാനുള്ള കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു പാരിതോഷിക തുകയുടെ കാര്യത്തില്‍ പിന്നിലാണെങ്കിലും അവിടങ്ങളില്‍ ഇല്ലാത്തവിധം കായികതാരങ്ങള്‍ക്ക് ജോലി നല്‍കാന്‍ കേരളത്തിനു കഴിയുന്നുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 80ഓളം കായികതാരങ്ങള്‍ക്കു സര്‍ക്കാര്‍ ജോലി നല്‍കിക്കഴിഞ്ഞു. കഴിയാവുന്നത്ര കായികതാരങ്ങള്‍ക്കു സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി നല്‍കുന്നതിനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ്, ദേശീയ ഗെയിംസ്, ഫിഡെ ലോക ചെസ് ഒളിംപ്യാഡ് എന്നിവയില്‍ മികച്ച പ്രകടനം നേടിയ കായികതാരങ്ങളെ മന്ത്രി ആദരിച്ചു. മന്ത്രി ജി.ആര്‍. അനില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, സെക്രട്ടറി സി. അനില്‍ കുമാര്‍, എല്‍.എന്‍.സി.പി.ഇ. പ്രിന്‍സിപ്പാളും റീജിയണല്‍ ഡയറക്ടറുമായ ഡോ. ജി. കിഷോര്‍, കായിക യുവജനകാര്യ വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ എ.എന്‍. സീന തുടങ്ങിയവരും പങ്കെടുത്തു.