പ്രശസ്തനായ മലയാളി ബോളിവുഡ് ഗായകൻ കെ കെ അന്തരിച്ചു

വർത്തമാനം ബ്യുറോ

കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

തിരുവനന്തപുരം: പ്രശസ്തനായ മലയാളി ബോളിവുഡ് ഗായകൻ കെ കെ അന്തരിച്ചു.
53 വയസായിരുന്നു.  കൊൽക്കത്തയിലെ സംഗീത പരിപാടി അവതരണത്തിന് പിന്നാലെയാണ് മരണം.

കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു. രാത്രി 10.30 ഓടെയാണ് ആശുപത്രിയിൽ എത്തുന്നത്. ഗോവണിപ്പടിയിൽ നിന്നും വീണതിനെത്തുടർന്ന് അദ്ദേഹത്തിന് ചില പരുക്കുകൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്.

മരണവാർത്ത പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ പ്രകടനത്തിന്റെ ദൃശ്യങ്ങൾ കെ കെ സമൂഹ മാധ്യമത്തിലൂടെ പങ്കിട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായ 700 ലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1990 കളുടെ അവസാനത്തിൽ കൗമാരക്കാർക്കിടയിൽ വലിയ ഹിറ്റായി മാറിയ പാൽ, യാരോൻ തുടങ്ങിയ ഗാനങ്ങൾ ആലപിച്ചത് കെ കെ ആണ്. 1999-ലെ അദ്ദേഹത്തിന്റെ ആദ്യ ആൽബം പാൽ, നിരൂപക പ്രശംസ നേടിയിരുന്നു. 1999 ക്രിക്കറ്റ്‌ വേൾഡ് കപ്പിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിന്തുണച്ചുകൊണ്ട് ഇറങ്ങിയ “ജോഷ്‌ ഓഫ് ഇന്ത്യ” എന്ന ഗാനം പാടിയതും കെ.കെയാണ്. 2000-കളുടെ തുടക്കം മുതൽ, അദ്ദേഹം പിന്നണി ഗാനരംഗത്ത് സജീവമായി, കൂടാതെ ബോളിവുഡ് സിനിമകൾക്കായി നിരവധി ജനപ്രിയ ഗാനങ്ങൾ പാടി. അഞ്ചു തവണ ഫിലിംഫെയർ പുരസ്കാരം നേടി.

തൃശൂർ സ്വദേശികളായ മലയാളി ദമ്പതികളായ സി എസ് നായരുടേയും കനകവല്ലിയുടേയും മകനായി ഡൽഹിയിലാണ് കൃഷ്ണകുമാർ കുന്നത്ത് ജനിച്ചത്. ഡൽഹിയിലെ മൗണ്ട് സെന്റ്‌ മേരീസ് സ്കൂളിലാണ് പഠനം. ജ്യോതി കൃഷ്ണയാണ് ഭാര്യ. നകുൽ കൃഷ്ണയാണ് മകൻ.