സംസ്ഥാനതല ശില്പശാല 29 ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷം മുതല്‍ നാലുവര്‍ഷ ബിരുദ സംവിധാനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികള്‍ ഗവണ്മെന്റ് സ്വീകരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണത്തിനു മുന്നോടിയായ കരിക്കുലം പരിഷ്‌കരണത്തിന് തുടക്കമായതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരള സ്‌റ്റേറ്റ് ഹയര്‍ എജുക്കേഷന്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് തയ്യാറാക്കാന്‍ രണ്ടു ദിവസത്തെ സംസ്ഥാനതല ശില്പശാല 29ന് തിരുവനന്തപുരത്ത് ആരംഭിക്കും. ശ്രീകാര്യം ലൊയോള എക്‌സ്‌റ്റെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ശില്പശാല രാവിലെ 10.30 ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദ്ഘാടനം ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ അധ്യക്ഷനായിരിക്കും. ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്രപരിഷ്‌കരണത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ നിലവിലെ കരിക്കുലം സമഗ്രമായി പരിഷ്‌കരിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മാതൃകാ കരിക്കുലം രൂപീകരിക്കാന്‍ മുഖ്യമന്ത്രിയും നിര്‍ദ്ദേശിച്ചു. ഇവയുടെ അടിസ്ഥാനത്തിലാണ് കരിക്കുലം പരിഷ്‌കരണത്തിനുള്ള രൂപരേഖ തയ്യാറാക്കാന്‍ നടപടി ആരംഭിക്കുന്നത്.
നമുക്ക് മുന്നിലുള്ള സാധ്യതകളും വെല്ലുവിളികളും വിശകലനം ചെയ്ത് കേരളത്തെ ഒരു ജ്ഞാനസമൂഹമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ആദ്യ ഘട്ടമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള കരിക്കുലവും സിലബസും ഉറപ്പു വരുത്താനാണ് ഉന്നതവിദ്യാഭ്യാസ വിചക്ഷണരെയും അധ്യാപകരെയും അടക്കം പങ്കെടുപ്പിച്ച് സംസ്ഥാനതല ശില്പശാല ചേരുന്നത്. സംസ്ഥാനതലത്തില്‍ രൂപപ്പെടുത്തുന്ന മാതൃകാ കരിക്കുലം സര്‍വ്വകലാശാലാ തലം മുതല്‍ കോളേജ് തലത്തില്‍ വരെ ചര്‍ച്ച ചെയ്യും. അവിടെയുയരുന്ന ഭേദഗതികള്‍കൂടി വിലയിരുത്തി സമഗ്രമാക്കി സര്‍വ്വകലാശാലകള്‍ക്ക് പരിഷ്‌കരിച്ച കരിക്കുലം നടപ്പാക്കാമെന്നതാണ് കാഴ്ചപ്പാട്.
സര്‍വ്വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനും പുറമെ, അസാപ്, കെഡിസ്‌ക് പോലുള്ള സംവിധാനങ്ങളെയും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഗവേഷകരുമടങ്ങുന്ന അക്കാദമിക്ക് സമൂഹത്തെയും കോര്‍ത്തിണക്കിയുള്ള സംവിധാനമാണ് കരിക്കുലം പരിഷ്‌കരണപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുക. കേരള ശാസ്ത്രസാങ്കേതിക കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റും പ്രശസ്ത ശാസ്ത്രജ്ഞനുമായ പ്രൊഫ. സുരേഷ് ദാസ് ചെയര്‍മാനായ കരിക്കുലം മോണിറ്ററിംഗ് കമ്മിറ്റി ഈ പ്രവര്‍ത്തനങ്ങള്‍ നയിക്കും. ദേശീയഅന്തര്‍ ദേശീയ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, അതാത് മേഖലകളില്‍ അവഗാഹമുള്ള അക്കാദമിഷ്യന്മാരും വിദ്യാഭ്യാസപ്രവര്‍ത്തകരും അന്താരാഷ്ട്ര പരിചയമുള്ള യുവ അധ്യാപകരും ഗവേഷകരും വ്യവസായ പ്രതിനിധികളുമെല്ലാം ഉള്‍പ്പെടുന്നതാവും കരിക്കുലം മോണിറ്ററിംഗ് കമ്മിറ്റി. കമ്മിറ്റിയ്ക്കു കീഴില്‍ ഓരോ മേഖലയിലും ഫോക്കസ് ഗ്രൂപ്പുകളും രൂപീകരിക്കും. കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലും കരിക്കുലം ചര്‍ച്ചകളിലും ഇതേവരെ ഉയര്‍ന്നുവന്ന പൊതു നിര്‍ദ്ദേശങ്ങള്‍ ശില്പശാല വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കും. അവ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി എടുത്താവും ശില്പശാല മാതൃകാ കരിക്കുലം രൂപപ്പെടുത്തുക.
വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം അഭിരുചികള്‍ക്കനുസരിച്ചുള്ള വിഷയങ്ങള്‍ പഠനത്തിനു തിരഞ്ഞെടുക്കാനും അവരുടെതായ വേഗതയില്‍ കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കാനും പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ഉറപ്പുവരുത്തക,കരിക്കുലം പരിഷ്‌കരണങ്ങള്‍ നടപ്പിലാകുമ്പോള്‍ അദ്ധ്യാപകരുടെ നിലവിലുള്ള വര്‍ക്ക്‌ലോഡുമായി ബന്ധപ്പെട്ടു ഉയരാവുന്ന ആശങ്കകള്‍, കോഴ്‌സുകളുടെ രൂപ കല്‍പ്പന എന്നിവയും ശില്‍പ്പശാല ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.