കൊച്ചി: ജി20 ഉച്ചകോടിയുടെ ഭാഗമായി കേരളത്തില്‍ നടക്കുന്ന എംപവര്‍ മീറ്റിംഗ് ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ തിരുവനന്തപുരം കോവളത്ത് നടക്കും. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ആഭ്യമുഖ്യത്തില്‍ നടക്കുന്ന യോഗത്തില്‍ ജി20 അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ഇതോടൊപ്പം ഒന്‍പത് അതിഥി രാജ്യങ്ങളിലെയും പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഘടനകള്‍, കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
ഏപ്രില്‍ നാലിന് യോഗത്തോടനുബന്ധിച്ച് മറ്റ് പ്രവര്‍ത്തനങ്ങളും നടക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന യോഗത്തില്‍ ഏഴ് സെഷനുകളാണ് ഉള്ളത്. ഇന്ത്യയുടെ ജി20 മുന്‍ഗണനകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ പുരോഗതി ത്വരിതപ്പെടുത്തുക, വനിതകളുടെ നേതൃത്വത്തില്‍ വികസനം എന്നീ വിഷയങ്ങളില്‍ ഊന്നല്‍ നല്‍കികൊണ്ടുള്ളതാണ് സെഷനുകള്‍.
പ്രതിനിധികള്‍ക്കായി യോഗയും കേരളത്തനിമ വിളിച്ചോതുന്ന സാംസ്‌കാരിക പരിപാടികളും അവതരിപ്പിക്കും. ഇതോടൊപ്പം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ആന്‍ഡ് ടെക്‌നോളജിയുടെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണത്തിന്റെ വിവിധ ആശയങ്ങള്‍ ഉള്‍പ്പെട്ട പ്രദര്‍ശനവും ഉണ്ടാകും. അതിഥികള്‍ക്ക് തദ്ദേശീയമായി നിര്‍മ്മിച്ച കളിപ്പാട്ടങ്ങള്‍, സ്ത്രീകള്‍ തയ്യാറാക്കിയ കൈത്തറി കരകൗശല വസ്തുക്കള്‍, ആയുര്‍വേദ എണ്ണകള്‍, ആയുഷ് മന്ത്രാലയത്തിന്റെ മറ്റ് ആരോഗ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും അവസരം ലഭിക്കും. കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് പ്രതിനിധികള്‍ സന്ദര്‍ശിക്കും.
സാംസ്‌കാരിക പരിപാടികളുടേയും പ്രതിനിധികളുടെ സന്ദര്‍ശനങ്ങളുടെ ഏകോപനവും ആവശ്യമായ മറ്റ് ക്രമീകരണങ്ങളും സംസ്ഥാന ഗവണ്‍മെന്റാണ് നിര്‍വഹിക്കുന്നത്.