ഓണം വാരാഘോഷത്തിനു ആഗോള പ്രചാരണം നല്കും : മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ആഗോള വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ക്ക് വിപുലമായ പ്രചാരണം നടത്തുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇക്കൊല്ലത്തെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഓണ്‍ലൈന്‍ അത്തപ്പൂക്കള മത്സരം, ഘോഷയാത്ര എന്നിവയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിനോദസഞ്ചാര മേഖലയിലെ വലിയ മാറ്റങ്ങള്‍ക്ക് ഇത്തവണ സര്‍ക്കാര്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലണ്ടന്‍ ഉള്‍പ്പെടെയുള്ള വിദേശനഗരങ്ങളില്‍ ടൂറിസം ക്ലബ്ബുകള്‍ രൂപീകരിച്ചതോടെ അടുത്ത വര്‍ഷത്തെ ഓണാഘോഷം ആഗോളതലത്തില്‍ വിപണനം ചെയ്യാനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്. കേരളത്തിന്റെ തനതു സംസ്‌കാരവും പ്രത്യേകതയും തിരിച്ചറിഞ്ഞെത്തുന്ന വിദേശ-ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്ക് അടുത്ത വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ മുഖ്യ ആകര്‍ഷണമാകും. അതിനായുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ ദുരിതങ്ങള്‍ക്ക് ശേഷമുള്ള അവിസ്മരണീയവും ചരിത്രത്തില്‍ രേഖപ്പെടുത്താവുന്നതുമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനായതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെടിഡിസി ഗ്രാന്റ് ചൈത്രത്തില്‍ നടന്ന ചടങ്ങില്‍ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനായി. മുന്‍പെങ്ങും കാണാത്ത വിധമുള്ള വലിയ ജനപങ്കാളിത്തമാണ് ഇത്തവണത്തെ ഓണാഘോഷ പരിപാടികളെ വേറിട്ടതാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കെടിഡിസി യുമായി സഹകരിച്ച് 20 കെ എസ് ആര്‍ ടി സി ബസുകളെക്കൂടി ഫുഡ് കോര്‍ട്ട് ആക്കി മാറ്റാനുള്ള പദ്ധതിയുണ്ടന്നും അദ്ദേഹം പറഞ്ഞു. ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബി നൂഹ് സംസാരിച്ചു.കേരളത്തിനകത്തും പുറത്തുമായി വ്യക്തിഗതം, ഗ്രൂപ്പ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് പൂക്കള മത്സരം നടത്തിയത്. തെരഞ്ഞെടുത്ത 388 എന്‍ട്രികളില്‍ നിന്നും മികച്ച മൂന്ന് പൂക്കളങ്ങള്‍ക്കാണ് സമ്മാനം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കു പുറമേ ഓരോ വിഭാഗത്തിലെയും മികച്ച രണ്ട് പൂക്കളങ്ങള്‍ക്ക് കൂടി ജൂറിയുടെ നിര്‍ദേശപ്രകാരം പ്രോത്സാഹന സമ്മാനം നല്‍കി.
പൂക്കള മത്സര വിജയികള്‍
കേരളത്തിനകത്ത് വ്യക്തിഗത വിഭാഗം
ഒന്നാം സമ്മാനം: സജീവന്‍. കെ കണ്ണൂര്‍, രണ്ടാം സമ്മാനം: സീമ കെ.വി കണ്ണൂര്‍, മൂന്നാം സമ്മാനം കോഴിക്കോടു നിന്നുള്ള പ്രദീപ് കുമാര്‍ എം , അനില്‍കുമാര്‍ ടി.വി എന്നിവര്‍ പങ്കിട്ടു.
പ്രോത്സാഹന സമ്മാനങ്ങള്‍: പ്രകാശ് പാലക്കാട്, മധുരിമ എസ്. ജിഷ്ണു തിരുവനന്തപുരം
ഗ്രൂപ്പ് വിഭാഗം.
ഒന്നാം സമ്മാനം: കണ്ണൂര്‍ കളക്ടറേറ്റ്, കണ്ണൂര്‍് ,രണ്ടാം സമ്മാനം: ജില്ലാ ആയുര്‍വേദ ആശുപത്രി, കല്‍പ്പറ്റ, വയനാട് , മൂന്നാം സമ്മാനം: ആയുര്‍വേദ മര്‍മ്മ ആശുപത്രി, കാഞ്ഞിരംകുളം, തിരുവനന്തപുരം
പ്രോത്സാഹന സമ്മാനങ്ങള്‍: സര്‍ഗാലയ കേരള ആര്‍ട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ്,കോഴിക്കോട് , ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍, വലിയമല,തിരുവനന്തപുരം
കേരളത്തിനു പുറത്ത് വ്യക്തിഗത വിഭാഗം
ഒന്നാം സമ്മാനം: അര്‍ച്ചന പി. ബാബു, കര്‍ണാടക , രണ്ടാം സമ്മാനം: ബിബിന സച്ചിന്‍, കര്‍ണാടക, മൂന്നാം സമ്മാനം: കൃപ സി. കെ, കര്‍ണാടക
പ്രോത്സാഹന സമ്മാനങ്ങള്‍: റാം മോഹന്‍ലാല്‍ യു.എ.ഇ, ശില്‍പ നാഗേഷ്, കര്‍ണാടക
ഗ്രൂപ്പ് വിഭാഗം

ഒന്നാം സമ്മാനം: മലയാളിസമാജം, പൂനെ, മഹാരാഷ്ട്ര, രണ്ടാം സമ്മാനം: പാത്തോളജി വിഭാഗം, എന്‍എംസി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ദുബായ്, മൂന്നാം സമ്മാനം: ശ്രീചിത്തിര തിരുനാള്‍ എഞ്ചിനിയറിങ്ങ് കോളേജ് ഖത്തര്‍ അലുമ്നി അസോസിയേഷന്‍, ഖത്തര്‍പ്രോത്സാഹന സമ്മാനങ്ങള്‍: കോണ്‍ഫിഡന്റ് ലിയോ ഓണേഴ്സ് അസോസിയേഷന്‍, കര്‍ണാടക , കിങ്സ്റ്റണ്‍ കേരള കമ്മ്യൂണിറ്റി, സറേ,യു.കെ

ഘോഷയാത്ര വിജയികള്‍
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒന്നാം സമ്മാനം നബാര്‍ഡിനും രണ്ടാം സമ്മാനം ഇലക്ഷന്‍ കമ്മീഷനും ലഭിച്ചു. കേരള സര്‍ക്കാര്‍ വകുപ്പുകളില്‍ ഒന്നാം സമ്മാനം ഫിഷറീസ് വകുപ്പിനും രണ്ടാം സമ്മാനം ഭക്ഷ്യസുരക്ഷാ വകുപ്പിനുമാണ്.
സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ ഒന്നാം സമ്മാനം ചലച്ചിത്ര അക്കാദമിയ്ക്കും രണ്ടാം സമ്മാനം ശുചിത്വ മിഷനും ലഭിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നാം സമ്മാനം ഔഷധിയ്ക്കും രണ്ടാം സമ്മാനം ഇന്‍ഫര്‍മേഷന്‍ കേരള മിഷനും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒന്നാം സമ്മാനം തിരുവനന്തപുരം കോര്‍പ്പറേഷനും രണ്ടാം സമ്മാനം തിരുവനന്തപുരം ജില്ലാപഞ്ചായത്തിനും.
സഹകരണ / ബാങ്കിംഗ് മേഖലയില്‍ ഒന്നാം സമ്മാനം നെയ്യാറ്റിന്‍കര സര്‍ക്കിള്‍ സഹകരണ യൂണിയനും രണ്ടാം സമ്മാനം നെടുമങ്ങാട്് ആന്റ് ചിറയിന്‍കീഴ് സര്‍ക്കിള്‍ സഹകരണ യൂണിയനുകള്‍ക്കുമാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ ഒന്നാം സമ്മാനം പി.എം.എസ് കോളേജ് ഓഫ് ഡെന്റല്‍ സയന്‍സിന്.
ദൃശ്യ കലാരൂപങ്ങളില്‍ ഒന്നാം സമ്മാനം അനില്‍ കിളിമാനൂരിനും (വലിയപാവ, ആനക്കളി), രണ്ടാം സമ്മാനം അനില്‍ മാധവിനുമാണ്(മിക്കിമൗസ്, തെയ്യം). ശ്രവ്യകലാരൂപങ്ങളില്‍ ഒന്നാം സമ്മാനം ഹിനാസ് സതീഷിനും(ശിങ്കാരി മേളം) രണ്ടാം സമ്മാനം രതീഷിനും (ചെണ്ടമേളം) ലഭിച്ചു. സ്വകാര്യമേഖലയിലെ മികച്ച വൈദ്യുതാലങ്കാരം കല്യാണ്‍ സില്‍ക്‌സിന്റേതാണ്.