കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന പോര് കപട നാടകമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്. ഭാരത് ജോഡോ യാത്രയ്ക്ക് കിട്ടുന്ന ജനപങ്കാളിത്തത്തില്‍ ആശങ്ക പൂണ്ടാണ് ഇപ്പോള്‍ ഇരുവരുടെയും നേതൃത്വത്തില്‍ ഈ രാഷ്ട്രീയ നാടകം അരങ്ങേറുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്കി. ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് കേരളത്തിലെ സിപിഎമ്മില്‍ നിന്ന് ലഭിക്കുന്ന പിന്തുണയും സഹായവും ചെറുതല്ല. ഭാരത് ജോഡോ യാത്രയെ തകര്‍ക്കാന്‍ ബിജെപി എന്ത് തന്ത്രവും സ്വീകരിക്കും. കേരളത്തിലിപ്പോള്‍ സിപിഎമ്മും അതേ തന്ത്രം തന്നെ പിന്തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ മാനുഫാക്ചറിങ് ഫൈറ്റ് ആണ് നടക്കുന്നത്. അതേസമയം, ഭരണഘടനാ ഉത്തരവാദിത്വം പാലിക്കേണ്ട പദവിയാണ് ഗവര്‍ണറുടേതെന്ന് ആരിഫ് മുഹമ്മദ് ഖാന് മറക്കുന്നു. അദ്ദേഹം ആര്‍എസ്എസിന്റെ തലയായി പ്രവര്‍ത്തിക്കുകയല്ല വേണ്ടത്. ഭരണസ്വാധീനത്താല്‍ സിപിഎം നടത്തുന്നതാകട്ടെ, അനധികൃതവും ജനാധിപത്യവിരുദ്ധവുമായ കാര്യങ്ങളാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പ്രസ്ഥാനത്തിലുള്ള ആര്‍ക്കും മല്‍സരിക്കാം. അതിന് സോണിയാ ഗാന്ധിയുടെയോ രാഹുല്‍ഗാന്ധിയുടെയോ അനുവാദം ആവശ്യമില്ല. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക, സുതാര്യവും ജനാധിപത്യരവുമായ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാവുക എന്നത് മാത്രമേയുള്ളൂ. അതിന് ആരും തടസം നില്‍ക്കില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യയിലുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെയുള്ള പോരാട്ടം നയിക്കുന്ന കോണ്‍ഗ്രസിനെ ജനങ്ങള്‍ അതിരറ്റ് സ്നേഹിക്കുന്നുവെന്നതിന്റെ തെളിവാണ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ ജനപിന്തുണയെന്ന് ജയറാം രമേശ് പറഞ്ഞു. 14 ദിവസത്തിനിടെ ഭാരത് ജോഡോ യാത്രയ്ക്ക് സമൂഹത്തില്‍ നിന്ന്, പ്രത്യേകിച്ച് സ്ത്രീ ജനങ്ങളില്‍ നിന്നും പുതു തലമുറയില്‍ നിന്നും കിട്ടിയത് വലിയ പിന്തുണയാണ്. ബിജെപിക്ക് എതിരെയുള്ള പോരാട്ടത്തിന് കോണ്‍ഗ്രസിനേ കഴിയൂവെന്ന് രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ദൃഢമായി വിശ്വസിക്കുന്നു. പാര്‍ട്ടിയില്‍ നിന്ന് ഒരാള്‍ പോകുമ്പോള്‍ കോണ്‍ഗ്രസിന്റെ ആദര്‍ശവും ആശയവും നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന ആയിരക്കണക്കിന് യുവജനങ്ങള്‍ ഈ പ്രസ്ഥാനത്തിന് ശക്തിപകരാനായി വന്നുചേരുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ എന്ന നിലയിലാണ് കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ആദ്യഘട്ട യാത്ര. മറ്റ് സംസ്ഥാനങ്ങളില്‍ യാത്ര നടത്താത്തതെന്തേയെന്നാണ് രാഷ്ട്രീയ എതിരാളികളുടെ ചോദ്യം. അവര്‍ കണ്ടോളൂ, രണ്ടും മൂന്നും ഘട്ടങ്ങളിലായി പ്രത്യേക യാത്ര മറ്റ് സംസ്ഥാനങ്ങളിലും സഞ്ചരിക്കും. ഒക്ടോബര്‍ 31 മുതല്‍ ഒഡീസയില്‍ 2300 കിലോമീറ്റര്‍ സഞ്ചരിക്കുന്ന യാത്ര ആവിഷ്ക്കരിച്ചിട്ടുണ്ട്. ഭുവനേശ്വറില്‍ നിന്ന് തുടങ്ങി സംസ്ഥാനം മുഴുവന്‍ ചുറ്റി ഭുവനേശ്വറില്‍ തന്നെ അവസാനിക്കുന്ന രീതിയിലാണത്. നവംബര്‍ ഒന്നിന് ആസാമിലെ ദുബ്രിയില്‍ നിന്ന് യാത്ര തുടങ്ങി 800 കിലോമീറ്റര്‍ സഞ്ചരിക്കും. ഡിസംബറില്‍ പശ്ചിമ ബംഗാളിലും യാത്ര ആരംഭിക്കും. സുന്ദര്‍ബന്‍ മുതല്‍ സിലിഗുരി വരെയാണത്. ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ യാത്ര ഉടന്‍ പ്രഖ്യാപിക്കും. കഴിയുമെങ്കില്‍ അടുത്തവര്‍ഷം, ഗുജറാത്ത് മുതല്‍ അരുണാചല്‍ പ്രദേശ് തെക്കു കിഴക്കന്‍ യാത്രയും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.