ജി.എസ്.ടി വകുപ്പിന്റെ ഓപ്പറേഷന്‍ പൃഥ്വി: 2 .17 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ‘ഓപ്പറേഷന്‍ പൃഥ്വി’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ജൂണ്‍ 28 മുതല്‍ ക്വാറി/മെറ്റല്‍ ക്രഷര്‍ യൂണിറ്റുകളില്‍ നടത്തിയ പരിശോധനയില്‍ 2 .17 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി.
ഇന്റലിജന്‍സ് വിഭാഗം നടത്തിയ രഹസ്യാന്വേഷണങ്ങളുടെയും, ക്വാറികളില്‍ നടക്കുന്ന വെട്ടിപ്പുകളെക്കുറിച്ച് സര്‍ക്കാരും, വിജിലന്‍സും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ 20 ഓളം ക്വാറികളില്‍ ഒരേ സമയം പരിശോധന നടത്തിയത്. പല സ്ഥാപനങ്ങളും യഥാര്‍ത്ഥ വിറ്റു വരവിനേക്കാള്‍ വളരെ കുറഞ്ഞ തുകയാണ് റിട്ടേണുകളില്‍ വെളിപ്പെടുത്തിയിരുന്നത്. ചില സ്ഥാപനങ്ങള്‍ നികുതി അടച്ചതിന്റെ രണ്ടിരട്ടി വരെ വെട്ടിപ്പ് നടത്തിയതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. അനര്‍ഹമായ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കല്‍, ക്വാറി ഉത്പന്നങ്ങള്‍ എത്തിച്ച് നല്‍കുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന വാഹന വാടകയില്‍ നികുതി വെട്ടിക്കല്‍ തുടങ്ങിയവ പരിശോധനയില്‍ കണ്ടെത്തി.
കേരള മൂല്യ വര്‍ദ്ധിത നികുതി നിയമ സമ്പ്രദായത്തില്‍ കോമ്പൗണ്ടിങ് രീതിയാണ് മിക്കവാറും ക്വാറികള്‍ അനുവര്‍ത്തിച്ചു പോന്നിരുന്നത്. ഇത് പ്രകാരം വിറ്റുവരവ് എത്രയായാലും ഉപയോഗിക്കുന്ന ക്രഷറുകളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത നികുതി അടയ്ക്കണമായിരുന്നു. എന്നാല്‍ ചരക്ക് സേവന നികുതി നിയമത്തില്‍ ഇത്തരം സമ്പ്രദായം നിലവിലില്ല. ഈ സാധ്യത മുതലെടുത്തതാണ് ക്വാറികള്‍ വ്യാപകമായ നികുതി വെട്ടിപ്പ് നടത്തിയത് .
ക്വാറി/മെറ്റല്‍ ക്രഷര്‍ മേഖലയിലെ പരിശോധനകള്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ശക്തമാക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മിഷണര്‍ അറിയിച്ചു.