കേരളത്തിന്റെ സ്വന്തം സമകാല കലയ്ക്ക് ‘ഇട’മായി

കൊച്ചി: ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ ഭാഗമായി കേരളത്തിന്റെ സ്വന്തം സമകാല കലാസൃഷ്ടികളുടെ പ്രദര്‍ശനത്തിന് എറണാകുളം ഡര്‍ബാര്‍ ആര്‍ട്ട് ഗാലറിയില്‍ വേദി തുറന്നു. ബിനാലെയുടെ പത്താം വാര്‍ഷിക വേളയിലെ ശ്രദ്ധേയമായ പുതുമയാണ് കേരളത്തിലെ മലയാളി കലാകാരന്മാര്‍ക്കുമാത്രമായി ഒരുക്കിയ ‘ഇടം’ എന്നുപേരിട്ട പ്രദര്‍ശനം.


അറിയപ്പെടുന്ന കലാപ്രവര്‍ത്തകരായ ജിജി സ്‌കറിയ, രാധ ഗോമതി, പി എസ് ജലജ എന്നീ ക്യൂറേറ്റര്‍മാര്‍ രൂപകല്‍പന ചെയ്ത ‘ഇട’ത്തില്‍ 16 വനിതകളുടെ ഉള്‍പ്പെടെ 34 സമകാല കലാപ്രവര്‍ത്തകരുടെ 200 സൃഷ്ടികളാണ് പ്രദര്‍ശനത്തില്‍. മള്‍ട്ടിമീഡിയയുടെ ഉള്‍പ്പെടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയ പ്രതിഷ്ഠാപനങ്ങള്‍ (ഇന്‍സ്റ്റലേഷന്‍), വ്യത്യസ്ത മാനങ്ങളിലുള്ള ശില്‍പങ്ങള്‍, വൈവിധ്യത്തോടെ വിന്യസിച്ച പെയിന്റിംഗുകളും ഫോട്ടോഗ്രാഫുകളുമെല്ലാം പ്രദര്‍ശനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
കലാകാരന്മാര്‍ക്ക് അവരവരുടെ കഷ്ടതകളെ അതിജീവിച്ച് അനുഭവങ്ങളെ കലയിലൂടെ പരിണമിപ്പിച്ച് സൃഷ്ടിയായി പരിവര്‍ത്തിപ്പിക്കാന്‍ ശേഷിയുണ്ടെന്ന് ‘ഇട’ത്തിലെ പ്രദര്‍ശനം സാക്ഷ്യപ്പെടുത്തുന്നുവെന്ന് ക്യൂറേറ്റര്‍ പി എസ് ജലജ പറഞ്ഞു. ‘പലയളവില്‍ സാമൂഹിക, രാഷ്ട്രീയ,വൈയക്തികമായ കഷ്ടതകളെ അതിജീവിച്ചവരും പൊരുതിക്കൊണ്ടിരിക്കുന്നവരുമായ കലാകാരന്മാരുടെ വലിയ ശ്രേണിയില്‍ നിന്നും കണ്ടെടുക്കപ്പെട്ടവരാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. അതുതന്നെയാണ് പ്രദര്‍ശനത്തിന്റെ മൂല്യമായി ബോധ്യപ്പെട്ടതും.നിരന്തരമായ കഷ്ടതകള്‍ അതിജീവനമായി പരിണമിക്കുമ്പോള്‍ പ്രയോജനകരമായ ചിലത് കലയില്‍ സംഭവിക്കുന്നുണ്ട്’.
അന്താരാഷ്ട്രതല സമകാല കലയുടെ തിളക്കമുള്ള സൃഷ്ടികള്‍ കേരളത്തിലെ കലാകാരന്മാരുടേതായുമുണ്ടെന്ന് ‘ഇടം’ വ്യക്തമാക്കുമെന്ന് ജിജി സ്‌കറിയ പറഞ്ഞു. കാലിയ്‌ഡോസ്‌കോപ്പില്‍ വര്‍ണ്ണചില്ലുതുണ്ടുകള്‍ ദൃശ്യവേദ്യമാക്കുന്ന വിസ്മയ ചിത്രവേല പോലെയാകും ‘ഇട’ത്തിലെ പ്രദര്‍ശനമെന്ന് രാധ ഗോമതി പറഞ്ഞു.


ഉദ്ഘാടന ചടങ്ങില്‍ കൊച്ചി മുസരിസ് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡണ്ട് ബോസ് കൃഷ്ണമാചാരി, കേരള ലളിത കലാ അക്കാദമി ചെയര്‍ പേഴ്‌സണ്‍ മുരളി ചീരോത്ത് , സെക്രട്ടറി ബാല മുരളീകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ക്യൂറേറ്റര്‍മാരെ പൊന്നാടയണിയിച്ച് ആദരിച്ചു. ബിനാലെയോടൊപ്പം തന്നെ ഏപ്രില്‍ 10വരെ ഡര്‍ബാര്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനമുണ്ടായിരിക്കും.