തിരുവനന്തപുരം: ക്യാംപസുകളില്‍ നാഷണല്‍ സര്‍വീസ് സ്്കീം യൂണിറ്റുകളുടെ പ്രാധാന്യം കൂടിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹവുമായി അകന്നുനിന്ന് സ്വന്തംകാര്യം മാത്രം നോക്കി തങ്ങളിലേക്ക് ഒതുങ്ങിക്കൂടുന്ന ചെറിയൊരു വിഭാഗം ആളുകള്‍ സമൂഹത്തിലുണ്ടെന്നും അവരുടെ മനോഭാവം മാറ്റിയെടുക്കാന്‍ എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എന്‍.എസ്.എസ്. വൊളന്റിയര്‍മാരായി സേവനമനുഷ്ഠിച്ച 25 ലക്ഷത്തോളം പേര്‍ സംസ്ഥാനത്തുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇവരെ സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതു സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു മുതല്‍ക്കൂട്ടാകും. എന്‍.എസ്.എസ്. സംസ്ഥാന ഡയറക്ടറേറ്റ് ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണം. മാറ്റങ്ങളുടേയും നേട്ടങ്ങളുടേയും നാള്‍വഴികളിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ നയിക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുബന്ധമായി മികവുറ്റ ക്യാംപസ് ടു കമ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ എന്‍.എസ്.എസിനു കഴിയുന്നുണ്ട്. സാമൂഹ്യ സുരക്ഷാ രംഗത്തും ഗൗരവമായ ഇടപെടലുകള്‍ എന്‍.എസ്.എസ്. നടത്തുന്നുണ്ട്. 22 എന്‍.എസ്.എസ്. സെല്ലുകളുമായി ചേര്‍ന്ന് 600 വീടുകള്‍ ഇവര്‍ സംസ്ഥാനത്ത് നിര്‍മിച്ചു നല്‍കി. എല്ലാ വര്‍ഷവും ഒരു നിശ്ചിത എണ്ണം വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ശ്രദ്ധിക്കുന്നുമുണ്ട്. ഭവനരഹിതരില്ലാത്ത കേരളമെന്ന സര്‍ക്കാരിന്റെ ലക്ഷ്യം വേഗത്തിലാക്കുന്നതിന് ഈ പ്രവര്‍ത്തനങ്ങള്‍ ഉപകാരപ്രദമാണ്.
യുവജനങ്ങളില്‍ നിസ്വാര്‍ഥ സേവന സന്നദ്ധതയും ഇടപെടലുകളും വളര്‍ത്തിയെടുക്കാന്‍ എന്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കഴിയുന്നുവെന്നത് ശ്ലാഘനീയമാണ്. സംസ്ഥാനത്ത് നാലു ലക്ഷത്തോളം എന്‍.എസ്.എസ്. വൊളന്റിയര്‍മാരാണുള്ളത്. സ്‌കൂളുകള്‍, കോളജുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ എന്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചിട്ടുണ്ട്. എന്‍ജിനീയറിങ്, പോളിടെക്നിക് തുടങ്ങിയടങ്ങളില്‍ ടെക്നിക്കല്‍ സെല്ലിന്റെ നേതൃത്വത്തില്‍ 27000 വൊളന്റിയര്‍മാരും പ്രവര്‍ത്തിക്കുന്നു. ഇവരെ ഉപയോഗപ്പെടുത്തി ഇന്റഗ്രേറ്റഡ് ഫാമിങ്, ഗ്രീന്‍ പ്രോട്ടോക്കോള്‍, ജലസംരക്ഷണം, സ്ത്രീ ശാക്തീകരണം, നേതൃപരിശീലനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ എന്‍.എസ്.എസിനു കഴിഞ്ഞിട്ടുണ്ട്. പ്രളയകാലത്തും കോവിഡ് പ്രതിരോധ പ്രവര്‍ത്തന സമയത്തും എന്‍.എസ്.എസ്. നല്‍കിയ സേവനങ്ങള്‍ വിലയേറിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാറുന്ന കാലത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഇടപെടാന്‍ എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ക്കു കഴിയണമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. എന്‍.എസ്.എസിന്റെ 2018-19, 2019-20, 2020-21 വര്‍ഷങ്ങളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. എ.എ. റഹിം എംപി, മേയര്‍ ആര്യാ രാജേന്ദ്രന്‍, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. വി.പി. മഹാദേവന്‍ പിള്ള, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. എം.കെ. ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.