മലയോര പട്ടയം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിന് നടപടികള്‍ തുടങ്ങി: മന്ത്രി കെ രാജന്‍

തൃശൂര്‍: മലയോര പട്ടയവുമായി ബന്ധപ്പെട്ട് അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം ലഭിക്കുന്നതിന് നടപടികള്‍ തുടങ്ങി കഴിഞ്ഞതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. ചാലക്കുടി താലൂക്കില്‍ നിന്ന് 1391 അപേക്ഷകള്‍ കേന്ദ്രാനുമതിക്കായി പരിവേഷ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയതായും ഇതിനുള്ള പരിശോധനകള്‍ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. കിഴക്കേ ചാലക്കുടി (ഗ്രൂപ്പ്) സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആകുന്നതിനൊപ്പം സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കാന്‍ കഴിയണമെന്ന് മന്ത്രി പറഞ്ഞു. 2023 ഓടെ കേരളത്തിലെ എല്ലാ ജില്ലകളും ഇജില്ലകളായി മാറും. സംസ്ഥാനത്ത് സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടത്തുന്ന ആദ്യത്തെ വകുപ്പാണ് റവന്യൂ വകുപ്പെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചാണ് കിഴക്കേ ചാലക്കുടി (ഗ്രൂപ്പ്) സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കിഴക്കേചാലക്കുടി, പേരാമ്പ്ര, പോട്ട വില്ലേജ് ഓഫീസുകളുടെ ഗ്രൂപ്പ് വില്ലേജ് ഓഫീസാണിത്.

സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചാലക്കുടി നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ചാലക്കുടി തഹസില്‍ദാര്‍ ഇഎന്‍ രാജു, ഇരിങ്ങാലക്കുട ആര്‍ഡിഒ എംകെ ഷാജി, മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.