തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കി ജീവിതത്തില്‍ പകര്‍ത്തുന്നിടത്താണ് ശിവഗിരി തീര്‍ത്ഥാടനം സഫലമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവല ആചാരത്തിന്റെ തലത്തിലേക്ക് താഴ്ന്നു പോകാതെ വ്യക്തി ജീവിതവും പൊതു ജീവിതവും ശുദ്ധീകരിക്കാനും മെച്ചപ്പെടുത്താനും തീര്‍ത്ഥാടനത്തിലൂടെ സാധിക്കണം.
വ്യക്തിശുചിത്വത്തോട് കൂടിയോ വിഘ്നങ്ങള്‍ ഇല്ലാതെയോ മനുഷ്യന് മാറുക എന്നതിനപ്പുറം മതത്തിനും പുണ്യത്തിനും അതീതമായാണ് ഗുരു തീര്‍ത്ഥാടനത്തെ നിര്‍വചിക്കുന്നത്.
വിദ്യാഭ്യാസം, ശുചിത്വം, കൃഷി, കൈത്തൊഴില്‍ എന്നിവയിലാണ് തീര്‍ത്ഥാടനത്തിലൂടെ ശ്രദ്ധിക്കേണ്ടത്. ഇതിനായി പ്രസംഗ പരമ്പരകള്‍ സംഘടിപ്പിക്കുകയും സമൂഹത്തെ ആകര്‍ഷിക്കുകയും വേണം. ഇത്തരത്തില്‍ പ്രസംഗത്തിലൂടെയുള്ള ചിന്തകള്‍ പ്രവൃത്തിയില്‍ വരുത്തുകയും ജനങ്ങള്‍ക്കും നാടിനും അഭിവൃദ്ധിക്ക് വേണ്ടി ഉപയോഗിക്കുകയും വേണം എന്നതാണ് ഗുരു തീര്‍ത്ഥാടനത്തിലൂടെ ലക്ഷ്യമാക്കിയത്.
തീര്‍ത്ഥാടനത്തില്‍ ഒട്ടും ആര്‍ഭാടം പാടില്ലെന്നും പരമാവധി ചെലവ് കുറയ്ക്കണമെന്നും ഗുരു അഭിപ്രായപ്പെട്ടു. മഞ്ഞപ്പട്ട് വാങ്ങിക്കരുതെന്നും സാധാരണ വെള്ളമുണ്ട് മഞ്ഞളില്‍ മുക്കി ഉപയോഗിക്കണമെന്നും ഗുരു പറഞ്ഞതില്‍ നിന്നും തീര്‍ത്ഥാടനത്തില്‍ പുലര്‍ത്തേണ്ട ലാളിത്യം മനസ്സിലാക്കാം. ചെലവ് കുറച്ചുകൊണ്ട് മിച്ചം വരുന്ന പണം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണം ഉപയോഗിക്കേണ്ടതെന്നും ഗുരു വിശദീകരിച്ചു. ജനാധിപത്യ ബോധത്തോടെയുള്ള നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ശ്രീനാരായണഗുരു. നിങ്ങള്‍ക്ക് അങ്ങനെ അഭിപ്രായമുണ്ടെങ്കില്‍ ആകാം എന്ന ഗുരുവചനങ്ങള്‍ ഓര്‍മിക്കാവുന്നതാണ്. ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് ഗുരുദേവ വചനം ഭേദഗതി ചെയ്തപ്പോള്‍ ശിഷ്യനായ സഹോദരന് അയ്യപ്പനോട് അയ്യപ്പന് അങ്ങനെയുമാകാം എന്ന ഗുരുവിന്റെ പരാമര്‍ശം ചരിത്രപരമാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഒപ്പം പ്രാകൃതമായ ദുര്‍ദേവ ആരാധനകള്‍, പ്രാണീ ഹിംസകള്‍ പോലെയുള്ള ദുരാചാരങ്ങള്‍ വര്‍ജിക്കണമെന്നും ഗുരു പറഞ്ഞിരുന്നു.
പുലകുളി, കെട്ട് കല്യാണം തുടങ്ങിയ അനാചാരങ്ങളെയും ഗുരു എതിര്‍ത്തു. ഇതര സമുദായങ്ങളിലേക്ക് നവോത്ഥാന സന്ദേശം എത്തിക്കുന്നതിനും, ശുചീന്ദ്രം തിരുവാര്‍പ്പ്, തളി സത്യാഗ്രഹസമരങ്ങള്‍ തുടങ്ങുന്നതിനും വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹം സാധ്യമാക്കിയതിലും ഗുരുദേവ ദര്‍ശനങ്ങളുടെ പങ്ക് വളരെ വലുതാണ്. സ്വാമി വിവേകാനന്ദന് ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തെ മനുഷ്യാലയമാക്കി മാറ്റുകയാണ് ഗുരുവടക്കമുള്ള നവോത്ഥാന നായകര്‍ ചെയ്തത്. എന്നാല്‍ അടുത്തിടെയായി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും സംസ്ഥാനത്ത് കൂടി വരുന്ന സാഹചര്യവും വിസ്മരിച്ചുകൂടാ. ഇലന്തൂരിലെ നരബലി മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചു. ദുര്‍ബലമാകുന്ന സാമൂഹിക മനസ്സിന്റെ പ്രതിഫലനങ്ങള്‍ ഇതില്‍ കാണാന്‍ സാധിക്കും. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയാണ്.
നവോത്ഥാന സന്ദേശം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പുരോഗമന സമൂഹത്തെ പിന്നോട്ട് അടിപ്പിക്കുന്നതിനു ഇരുട്ടിന്റെ ശക്തികളെ അനുവദിക്കുകയില്ല.
ചാത്തന്‍സേവ, മഷിനോട്ടം തുടങ്ങിയ ആഭിചാരക്രിയകളുടെ പരസ്യങ്ങള്‍ നല്കി മാധ്യമങ്ങള്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്തുന്നത് അവസാനിപ്പിക്കണം. ഗുരുദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കി വൈജ്ഞാനിക നൂതന സമൂഹത്തിന് ഊര്‍ജ്ജം പകരുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആ നിലയില്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് ആവശ്യമായ പരിഗണനയും മുന്‍ഗണനയും സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ നല്‍കുന്നുണ്ട്. എല്ലാവിഭാഗം ജനങ്ങളെയും തുല്യതയോടെ പരിഗണിക്കുക എന്ന ഗുരു ചിന്ത സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 1924ല്‍ ശ്രീനാരായണ ഗുരു സ്ഥാപിച്ച ശിവഗിരി സ്കൂളില്‍ പുതുതായി നിര്‍മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ശിവഗിരിയില്‍ നടന്ന ചടങ്ങില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ശുഭാംഗാനന്ദ സ്വാമികള്‍ സ്വാഗതവും ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ അദ്ധ്യക്ഷതയും വഹിച്ചു. സഹകരണ സാംസ്കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്, അടൂര്‍ പ്രകാശ് എം.പി, എം എല്‍ എ മാരായ രമേശ് ചെന്നിത്തല, വി ജോയി, വര്‍ക്കല മുനിസിപ്പാലിറ്റി ചെയര്മാന് കെ എം ലാജി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശാരദാനന്ദ സ്വാമികള്‍ നന്ദി അറിയിച്ചു.