പുതുവത്സരത്തലേന്ന് ഉത്സവഛായയില്‍ ബിനാലെ വേദികള്‍, കലാസ്വാദനത്തിന് പ്രമുഖരുടെ നിര

കൊച്ചി: പുതുവത്സരദിന തലേന്ന് കൊച്ചി മുസിരിസ് ബിനാലെ വേദികളിലേക്ക് ജനപ്രവാഹം. കൊച്ചിന്‍ കാര്‍ണിവല്‍ വേളയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഉത്സവഛായയിലായി സമകാല കലാവേദികള്‍. വിദേശത്തുനിന്നടക്കം പ്രമുഖരുള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ കലാവതരണങ്ങള്‍ ആസ്വദിക്കാനെത്തി. മുപ്പതിനായിരത്തോളം പേരാണ് ഒരാഴ്ചയ്ക്കിടെ ബിനാലെയ്‌ക്കെത്തിയത്. കഴിഞ്ഞ ദിവസം മാത്രം 4740 പേര്‍ കലാപ്രദര്‍ശനം കണ്ടു. ജീവിതത്തിന്റെ സമസ്തതലങ്ങളിലും സാധാരണക്കാര്‍ക്ക് പുത്തന്‍ അവബോധം പകരുന്നതാണ് ബിനാലെയിലെ കലാവതരണങ്ങളെന്ന് പ്രശസ്ത കലാനിരൂപകനും എഴുത്തുകാരനുമായ സുനീത് ചോപ്ര പറഞ്ഞു. വ്യാജ ചരിത്ര നിര്‍മ്മിതിയും അടിച്ചമര്‍ത്തലും പ്രതിരോധിക്കാന്‍ ജനാധിപത്യനിലം ഒരുക്കുന്നവയാണ് ആവിഷ്‌കാരങ്ങള്‍. പുതിയ ആശയങ്ങള്‍ രൂപപ്പെടുത്താനും പ്രകടിപ്പിക്കാനും ജനങ്ങളെ പ്രാപ്തരാക്കാന്‍ ബിനാലെയ്ക്ക് ശേഷിയുണ്ടെന്നും 81കാരനായ സിപി എം മുന്‍ കേന്ദ്ര കമ്മിറ്റി അംഗം ഫോര്‍ട്ടുകൊച്ചി ആസ്പിന്‍ഹാള്‍ ഹൗസില്‍ പറഞ്ഞു.
സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ സന്ദേശങ്ങള്‍ നല്‍കുന്ന സമകാല കലാവിഷ്‌കാരങ്ങള്‍ ഏറെ സ്പര്‍ശിച്ചതായി ഇന്ത്യയിലെ ആദ്യത്തെ ഇന്ററാക്ടീവ് സംഗീത മ്യൂസിയം ആയ ബെംഗളൂരു ഇന്ത്യന്‍ മ്യൂസിക് എക്‌സ്പീരിയന്‍സ് മ്യൂസിയം ക്യൂറേറ്റോറിയല്‍ വിഭാഗം മേധാവി സഹാന മോഹനും കൊച്ചി ബിനാലെ ഉജ്ജ്വലമാണെന്ന് എഴുത്തുകാരിയും ടോറന്റോ സര്‍വ്വകലാശായിലെ സമകാല കലാ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ കജ്‌രി ജെയിനും അഭിപ്രായപ്പെട്ടു. ബിനാലെയുടെ ഓരോ പതിപ്പും ഓരോ നവ്യാനുഭവമാണെന്ന് ചലച്ചിത്രകാരന്‍ ദിലീഷ് പോത്തന്‍ അഭിപ്രായപ്പെട്ടു. അദ്ഭുതത്തോടും ആകാംക്ഷയോടും കൂടിയാണ് ഓരോ ബിനാലെയും കണ്ടിട്ടുള്ളത്.

ഡിജിറ്റല്‍ അവതരണങ്ങള്‍ കൂടുതലുള്ള ഇത്തവണത്തെ ബിനാലെയും വേറിട്ട ആസ്വാദനമായി. പുതിയ നിരവധി കാര്യങ്ങള്‍ തിരിച്ചറിയാനാകുമെന്നതിനാലാണ് ഓരോ പതിപ്പും നിഷ്‌കര്‍ഷയോടെ തന്നെ കാണുന്നതെന്ന് കുടുംബസമേതമെത്തിയ അദ്ദേഹം പറഞ്ഞു. ഓള്‍ ഇന്ത്യാ ഇമാം ഓര്‍ഗനൈസേഷന്‍ ചീഫ് ഡോ. ഉമര്‍ അഹമ്മദ് ഇല്ല്യാസി, രാമേശ്വരം അസിസ്റ്റന്റ് കലക്ടര്‍ നാരായണ ശര്‍മ്മ, നടന്‍ സാജന്‍ പള്ളുരുത്തി എന്നിവരും ബിനാലെ ആസ്വദിക്കാനെത്തി.

ബിനാലെ കേരളത്തിന്റെ ഔന്നത്യം അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തി: ചീഫ് സെക്രട്ടറി

കൊച്ചി: ബിനാലെ കേരളത്തിന്റെ കലാ സാംസ്‌കാരിക ഔന്നത്യം അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തിയതായി സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്. സംസ്ഥാനം ആഗോളതലത്തിലേക്ക് ചിറകു വിടര്‍ത്തുന്നതിന്റെ നാന്ദിയാണ് ബിനാലെ. ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ ബിനാലെയിലെ അവതരണങ്ങള്‍ ആസ്വദിച്ചശേഷം പ്രതികരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി. രാജ്യത്തിന്റെ മാത്രമല്ല ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള കലാപ്രവര്‍ത്തകരും അവരുടെ സൃഷ്ടികളും മേളിക്കുകയാണ് ബിനാലെയില്‍. ഉപയോഗശൂന്യമായ വസ്തുക്കളില്‍ നിന്നുപോലും മനോഹരവും ആശയസമ്പുഷ്ടവുമായ ആവിഷ്‌കാരങ്ങള്‍ സൃഷ്ടിക്കാനാകുന്ന പ്രതിഭയും ചോദനയും ബിനാലെയില്‍ അനുഭവവേദ്യമാണ്. ഓരോ നാട്ടിലെയും വ്യത്യസ്തങ്ങളായ ജീവിതപ്രശ്!നങ്ങള്‍ കലാപരമായി അവതരിപ്പിക്കുന്നതും പ്രതികരിക്കുന്നതും സൃഷ്ടികളില്‍ കണ്ടറിയാം. ജീവിതത്തിന്റെ സമസ്ത ഭാവങ്ങളെയും കലാപരമായി നോക്കി കാണാനുള്ള അവസരമാണ് ബിനാലെ പ്രദാനം ചെയ്യുന്നത്. വാസ്തുവിദ്യാ, ചിത്രരചന, ശില്‍പ്പകല തുടങ്ങിയ കേരളീയ ആവിഷ്‌കാരങ്ങള്‍ക്ക് കൂടുതല്‍ ലോകശ്രദ്ധ ലഭിക്കാന്‍ ബിനാലെ ഇടയാക്കുമെന്നും ഡോ. വി പി ജോയ് പറഞ്ഞു. ഭാര്യ ഷീജ ജോയിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇരുവരെയും ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി സ്വീകരിച്ചു