തിരുവനന്തപുരം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുന്നതിന് അംബേദ്കര്‍ നല്കിയ സംഭാവനകള്‍ നിര്‍ണായകമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു. തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളില്‍ നടന്ന ഡോ.ബി ആര് അംബേദ്കര്‍ മാധ്യമ പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭരണഘടനാ നിര്‍മാണത്തിലുള്‍പ്പെടെ പട്ടികജാതി, പട്ടിക വിഭാഗത്തിന്റെ ഉന്നതിയ്ക്കായി ചെയ്ത കാര്യങ്ങള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പ്രശാന്ത് എന്‍ അധ്യക്ഷനായി.
2021 ആഗസ്റ്റ് 16 മുതല്‍ 2022 ആഗസ്റ്റ് 15 വരെ അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളില്‍ നല്കിയ പട്ടിക വിഭാഗങ്ങളെ സംബന്ധിക്കുന്ന മികച്ച വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമാണ് പുരസ്കാരം നല്‍കിയത്.
അച്ചടി മാധ്യമ വിഭാഗത്തില്‍ കേരള കൗമുദി സ്പെഷ്യല്‍ കറസ്പോണ്ടന്റ് ഒ സി മോഹന്‍രാജ്, ദൃശ്യ മാധ്യമ വിഭാഗത്തില്‍ മീഡിയ വണ്‍ കറന്റ് അഫയേഴ്സ് സീനിയര്‍ പ്രൊഡ്യൂസര്‍ സോഫിയ ബിന്ദ് എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ച രാഷ്ട്രദീപിക സ്പെഷ്യല്‍ കറസ്പോണ്ടന്റ് റെജി ജോസഫ്, മാധ്യമം ദിനപാത്രം സീനിയര്‍ കറസ്പോണ്ടന്റ് എം സി നിഹ്മത്ത് എന്നിവര്‍ക്കും പുരസ്കാരം നല്കി. ഡിസംബര്‍ 6 ബി ആര് അംബേദ്കര്‍ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പുരസ്കാരം നല്‍കുന്നത്.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ അഞ്ജു കെ. എസ്, അഡീഷണല്‍ ഡയറക്ടര്‍ എന്‍ സജീവ്, അവാര്‍ഡ് ജൂറി അംഗമായ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ പി രവീന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു.