ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സ് നേടി.
ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനും വിരാട് കോഹ്ലിക്കും സെഞ്ച്വറി
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ട്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സ് നേടി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോഹ്ലിയുടെയും തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 95 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. രോഹിത് ശര്‍മ്മ 42 റണ്‍സ് നേടിയാണ് പുറത്തായത്. ബംഗ്ലാദേശിനെതിരെ ഡബിള്‍ സെഞ്ച്വറി അടിച്ച ഇഷന്‍ കിഷനെ ബെഞ്ചിലിരുത്തി ശുഭ്മാന്‍ ഗില്ലിന് അവസരം നല്‍കിയ തീരുമാനം ശരിവെയ്ക്കുന്ന പ്രകടനം തന്നെയാണ് ഗില്‍ പുറത്തെടുത്തത്. മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്ലിയെ കൂട്ടുപിടിച്ച് ഗില്‍ തന്റെ ഇന്നിംഗ്‌സ് പടുത്തുയര്‍ത്തി.
97 പന്തുകള്‍ നേരിട്ട ഗില്‍ 14 ബൗണ്ടറികളുടെയും 2 സിക്‌സറുകളുടെയും അകമ്പടിയോടെ 116 റണ്‍സ് നേടി ഗില്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 226ല്‍ എത്തിയിരുന്നു. തകര്‍പ്പന്‍ ഫോം തുടര്‍ന്ന വിരാട് കോഹ്ലിയുടെ പതിയെ തുടങ്ങിയ ഇന്നിംഗ്‌സ് പിന്നീട് ആളിക്കത്തുന്ന കാഴ്ചയ്ക്കാണ് കാര്യവട്ടം സാക്ഷ്യം വഹിച്ചത്. 110 പന്തുകള്‍ നേരിട്ട കോഹ്ലി 13 ബൗണ്ടറികളും 8 സിക്‌സറുകളും സഹിതം 166 റണ്‍സ് സ്വന്തമാക്കി പുറത്താകാതെ നിന്നു. കരിയറിലെ 46-ാം സെഞ്ച്വറിയാണ് കോഹ്ലി നേടിയത്.