ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയും മുൻ ലോക്സഭാംഗവുമായ ഇന്നസെന്റ് അന്തരിച്ചു(1948 -2023)

"സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച് നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്റ്. എക്കാലവും ഇടതുപക്ഷ മനസ്സ് സൂക്ഷിച്ച ഇന്നസെന്റ്, ലോക്സഭ സ്ഥാനാർഥി ആയതും വിജയിച്ചശേഷം പാർലമെന്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധേയമാംവിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓർക്കും": മുഖ്യമന്ത്രി പിണറായി വിജയൻ

തിങ്കൾ രാവിലെ 8 മുതല്‍ 11 മണി വരെ കലൂര്‍ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകും. പിന്നീട് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. മൂന്ന് മണിക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനാണ് ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു

കൊച്ചി: മലയാള ചലച്ചിത്ര ലോകത്തെ ചിരിയിലൂടെയും ചിന്തയിലൂടെയും നയിച്ച അതുല്യ പ്രതിഭയും മുൻ ലോക്സഭാംഗവുമായ ഇന്നസെന്റ് (75) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഏതാനും ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ക്യാൻസറിനോട് പോരാടി ജീവിതത്തിലേക്ക് ശക്തമായ തിരിച്ചുവരവും അദ്ദേഹം നടത്തിയിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപതിയിൽ കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡോക്ടര്‍മാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. തിങ്കൾ രാവിലെ തന്നെ സംസ്‌കാരം നടത്തണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം 2022 ൽ പുറത്തിറങ്ങിയ ‘മകൾ’, ‘കടുവ’ തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇന്നസെന്റ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്‍തിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു.

നിർമ്മാതാവ് എന്ന നിലയിൽ സിനിമയിൽ എത്തിയ അദ്ദേഹം, പിൽക്കാലത്ത് 1972 – ൽ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയ ഇന്നസെന്‍റ് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും പ്രത്യേക ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിനെ മലയാള സിനിമയിൽ ശ്രദ്ധേയനാക്കി.

‘ഗജകേസരിയോഗം’, ‘റാംജിറാവു സ്‍പീക്കിംഗ്’, ‘ഡോക്ടർ പശുപതി’, ‘മാന്നാർ മത്തായി സ്‍പീക്കിംഗ്‌’, ‘കാബൂളിവാല’, ‘ദേവാസുരം’, ‘പത്താംനിലയിലെ തീവണ്ടി’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം കയ്യടി നേടി. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹാസ്യ വേഷങ്ങളെ തന്മയത്വത്തോടെയും വഴക്കത്തോടെയും കൈകാര്യം ചെയ്ത നടനാണ് അദ്ദേഹം. 750-ലധികം സിനിമകളിൽ അഭിനയിച്ചു. ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനവും അലങ്കരിച്ചിരുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് എംപിയുമായി.

തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ തെക്കേത്തല വറീത്-മാര്‍ഗലീത്ത ദമ്പതികളുടെ എട്ടു മക്കളില്‍ അഞ്ചാമനായി 1948 ഫെബ്രുവരി 28നാണ് ഇന്നസെന്റ് ജനിച്ചത്. ലിറ്റില്‍ഫ്‌ലവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷനല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്എന്‍എച്ച് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എട്ടാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച ശേഷം കുറച്ചുകാലം കച്ചവടക്കാരനായി. പിന്നീട് തീപ്പെട്ടിക്കമ്പനി ഉടമ, തുകല്‍ക്കച്ചവടക്കാരന്‍, വോളിബോള്‍ കോച്ച്, സൈക്കിളില്‍ സഞ്ചരിച്ചു ചീപ്പും സോപ്പും കണ്ണാടിയും വില്‍ക്കുന്ന കച്ചവടക്കാരന്‍ എന്നിങ്ങനെ പല ജോലികള്‍. അതിനിടെ നാടകങ്ങളില്‍ അഭിനയിച്ചു. ആര്‍എസ്പിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1979 ല്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ കൗണ്‍സിലറായി. ഭാര്യ: ആലീസ്. മകൻ: സോണറ്റ്.

ഇന്നസെന്റിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച് നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്റ്.ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിർമാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി. എക്കാലവും ഇടതുപക്ഷ മനസ്സ് സൂക്ഷിച്ച ഇന്നസെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യർത്ഥന പ്രകാരം ലോക്സഭ സ്ഥാനാർഥി ആയതും വിജയിച്ചശേഷം പാർലമെന്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധേയമാംവിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓർക്കും. 

നിശ്ചയദാർഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയത്. രോഗം എന്ന് കേൾക്കുന്ന മാത്രയിൽതന്നെ തളർന്നുപോകുന്ന പലർക്കും ഇടയിൽ രോഗസംബന്ധമായ അസ്വാസ്ഥ്യങ്ങൾ നിലനിൽക്കെത്തന്നെ ആത്മവിശ്വാസത്തോടെ വ്യക്തി ജീവിതവും പൊതുജീവിതവും അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി.ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായിനിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വളരെ ശ്രദ്ധേയമായ അധ്യായമാണെന്ന് ഇന്നസെന്റ് പറയുമായിരുന്നു.

ചലച്ചിത്രത്തിൽ എന്നതുപോലെ ജീവിതത്തിലും നർമ്മമധുരമായ വാക്കുകൾ കൊണ്ടും പെരുമാറ്റം കൊണ്ടും സമൂഹത്തെ സന്തോഷിപ്പിക്കുക എന്നതാണ് തനിക്ക് ചെയ്യാനുള്ളത് എന്ന വിശ്വാസക്കാരനായിരുന്നു ഇന്നസെന്റ്. പല പതിറ്റാണ്ടുകൾ മലയാള ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയെ നീണ്ടകാലം ശ്രദ്ധേയമാവിധം നയിച്ചു.നമ്മുടെ കലാസാംസ്കാരിക രംഗങ്ങൾക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത്. അത് മലയാളികളുടെ ആകെ നഷ്ടമാണ്. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.

കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.

ചിരിപ്പിച്ചും ചിന്തിപ്പിച്ചും അഞ്ചുപതിറ്റാണ്ടുകാലം മലയാള സിനമയിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. തൃശ്ശൂര്‍ ശെെലിയിലുള്ള സംഭാഷണം അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി. മുഖഭാവം കൊണ്ടും ശരീരഭാഷ കൊണ്ടും അദ്ദേഹം കേരളക്കരയിലെ മലയാളി പ്രേക്ഷകരെ രസിപ്പിച്ചു. ഒരായുസ് മുഴുവന്‍ മലയാളികള്‍ക്ക് പൊട്ടിച്ചിരിക്കാനുള്ള നിരവധി കഥാപാത്രങ്ങളെ മലയാളികള്‍ക്ക് സമ്മാനിച്ച ശേഷമാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. ഹാസ്യനടനായും വില്ലനായും സ്വഭാവനടനായും ചലചിത്ര മേഖലയിലെ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഹാസ്യസാമ്രാട്ടായിരുന്ന അദ്ദേഹത്തിന്‍റെ വിയോഗം ചലച്ചിത്ര മേഖലയ്തക്ക് അപരിഹാര്യമായ നഷ്ടമാണെന്നും സുധാകരന്‍ പറ‌ഞ്ഞു.