അഴിമതി ഇല്ലാതാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്റേണല്‍ വിജിലന്‍സ് തുടര്‍ച്ചയായ പരിശോധന നടത്തും: മന്ത്രി എം.ബി. രാജേഷ്

തദ്ദേശ സ്ഥാപന ഓഫീസുകളില്‍ വ്യാപക പരിശോധന
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അടക്കം അഞ്ച് പേരെ സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: അഴിമതി ഇല്ലാതാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലന്‍സ് സംഘം തുടര്‍ച്ചയായ പരിശോധനകള്‍ നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. തദ്ദേശ പൊതു സര്‍വീസ് രൂപീകൃതമായ ശേഷം ഇത്തരത്തില്‍ നടന്ന ആദ്യ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായും അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അടക്കം അഞ്ചു പേരെ ഇതുമായി ബന്ധപ്പെട്ടു സസ്‌പെന്‍ഡ് ചെയ്തതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മൂന്നു കോര്‍പ്പറേഷനുകളിലും 16 മുനിസിപ്പാലിറ്റികളിലും 25 ഗ്രാമ പഞ്ചായത്തുകളിലും ഓരോ ജില്ലാ/ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി ആകെ 46 സ്ഥാപനങ്ങളില്‍ കഴിഞ്ഞ 6ന് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ നേമം സോണല്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ അനുവദിച്ച ഫയലുകളില്‍ കെ എം ബി ആര്‍ ലംഘനം മറച്ചുവച്ച് തെറ്റായ റിപ്പോര്‍ട്ട് നല്‍കി ഒക്കുപന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി കണ്ടെത്തി. തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ രണ്ട് ഓവര്‍സീയര്‍മാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മറ്റ് രണ്ടു ഫയലുകളില്‍ നേരിട്ട് സ്ഥല പരിശോധന നടത്തിയപ്പോള്‍ കെ എം ബി ആര്‍ ചട്ടലംഘനമുള്ള രണ്ടു കെട്ടിടങ്ങള്‍ക്ക് കെ എം ബി ആര്‍ പാലിച്ചത് സംബന്ധിച്ച് ഓവര്‍സീയറുടെ റിപ്പോര്‍ട്ട് ഇല്ലാതെ 300 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നതിന് ചുമതലയുള്ള അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഒക്കുപന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കണ്ടു. ഈ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ സര്‍വീസില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
പാലക്കാട് മുനിസിപ്പാലിറ്റിയില്‍ നടന്ന പരിശോധനയില്‍ ലൈസന്‍സിനുള്ള 2881 അപേക്ഷകള്‍ പെന്റിംഗ് ആണെന്ന് കണ്ടെത്തി. വ്യാപാര സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ട്രേഡേഴ്‌സ് ലിസ്റ്റ് തയാറാക്കി സൂക്ഷിച്ചിട്ടില്ല. ഇതിന് ഉത്തരവാദിയായ ഹെല്‍ത്ത് സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു.
തിരുവനന്തപുരം കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ പരിശോധനയില്‍ ചട്ടപ്രകാരം സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍ യഥാവിധി പാലിച്ചിട്ടില്ലെന്നു കണ്ടെത്തി. കെട്ടിട നിര്‍മ്മാണ അനുമതി, ഒക്കുപന്‍സി, കെട്ടിട നമ്പര്‍ എന്നിവയ്ക്കുള്ള അപേക്ഷകളിന്മേല്‍ യഥാസമയം നടപടിയെടുക്കാതെ ധാരാളം ഫയലുകള്‍ സെക്ഷനുകളില്‍ സൂക്ഷിക്കുന്നതായും കണ്ടെത്തി. ജീവനക്കാര്‍ക്ക് യഥാസമയം നിര്‍ദ്ദേശം നല്‍കുന്നതിലും പെന്റിങ് ഫയലുകള്‍ തീര്‍ക്കുന്നതിലും ഹെഡ് ക്ലാര്‍ക്കിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുള്ളതിനാല്‍ ഹെഡ് ക്ലാര്‍ക്കിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
ജീവനക്കാരുടെ ഹാജര്‍നില, കെട്ടിട നിര്‍മ്മാണ അനുമതി/നമ്പര്‍, അപേക്ഷകളിലെ കാലതാമസം, പൊതു ജനത്തിന് ലഭിക്കേണ്ട സേവന അപേക്ഷകളിന്മേലുള്ള കാലതാമസം എന്നിവയെ മുന്‍ നിര്‍ത്തിയാണ് പ്രധാനമായും പരിശോധന നടത്തിയത്. പരിശോധന നടന്ന സ്ഥാപനങ്ങളില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്, ഒക്യുപന്‍സി നല്‍കുന്നതില്‍ ചട്ടലംഘനങ്ങളും കാലതാമസവും കണ്ടെത്തി. മുന്‍ഗണനാക്രമം തെറ്റിച്ച് അപേക്ഷകളില്‍ നടപടി എടുക്കുന്നതും ഓണ്‍ലൈന്‍ ആയി അപേക്ഷ കൈകാര്യം ചെയ്യേണ്ടതിന് പകരം അപേക്ഷ നേരിട്ട് കൈകാര്യം ചെയ്യുന്നതും കണ്ടത്തി ആവശ്യമായ സെറ്റ് ബാക്കുകള്‍ ഉണ്ടെന്ന് വ്യാജ റിപ്പോര്‍ട്ട് എഴുതി കെട്ടിടങ്ങള്‍ക്ക് ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ നേമം സോണല്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. പാലക്കാട്, കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ ലൈസന്‍സ് അപേക്ഷകളില്‍ നടപടി സ്വീകരിക്കുന്നതിന് വളരെയധികം കാലതാമസം ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ലൈസന്‍സുകള്‍ യഥാസമയം നല്‍കാത്ത കേസുകളും നിരവധി സ്ഥാപനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
ഗ്രാമ പഞ്ചായത്തുകളില്‍ ഫയല്‍ കൈകാര്യം ചെയ്യുന്ന ഐ എല്‍ ജി എംഎസ് സോഫ്റ്റ്‌വെയറില്‍ കാലതാമസം വന്ന ഫയലുകള്‍ പ്രത്യേകം പരിശോധന നടത്തി. അകാരണമായി കാലതാമസം വന്ന ഫയലുകളില്‍ അപേക്ഷകരെ നേരില്‍ക്കണ്ട് വിവരം ശേഖരിച്ച് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ട്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍കാരുടെ അപേക്ഷയില്‍ യഥാസമയം നടപടി എടുക്കാത്തതില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയും കണ്ടെത്തി. ജീവനക്കാര്‍ അനധികൃതമായി ഓഫീസില്‍ ഹാജരാകാതിരിക്കുക, മദ്യപിച്ച് ഓഫീസില്‍ എത്തുക തുടങ്ങിയ പ്രവണതകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആഭ്യന്തര വിജിലന്‍സ് സംവിധാനം നിലവില്‍ വന്നതിനെത്തുടര്‍ന്ന് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരെ നിയോഗിച്ച് നടന്ന ആദ്യത്തെ ആകസ്മിക പരിശോധനയാണ് നടന്നത്. ഇന്റേണല്‍ വിജിലന്‍സ് ഓഫീസറോടൊപ്പം വിഷയ പരിജ്ഞാനമുള്ള രണ്ട് ഉദ്യോഗസ്ഥരടങ്ങുന്ന മൂന്നംഗ ടീമാണ് പരിശോധന നടത്തിയത്. ഇത്തരത്തില്‍ സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്ഥാപന ഓഫീസുകളിലും മാസത്തില്‍ ചുരുങ്ങിയത് രണ്ട് തവണ എങ്കിലും പരിശോധന നടത്തുന്നതിനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പരിശോധനയില്‍ കണ്ടെത്തുന്ന ക്രമക്കേടുകള്‍ക്ക് ഉത്തരവാദിയായ ഉദ്യോഗസ്ഥര്‍ക്കെതിരെ സമയബന്ധിതമായി കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപന ആഫീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും പൊതുജനങ്ങള്‍ക്ക് യഥാസമയം സേവനം എത്തിക്കുന്നതിനും ഫലപ്രദമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് തുടര്‍ന്നും ഉണ്ടാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.